നാട് കടക്കും വാക്കുകൾ – ‘പെരുമാൾ’

0
208

അനിലേഷ് അനുരാഗ്

എന്തിനാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത് എന്നത് പോലെ ഒരു ഉത്തരത്തിലും ഒരുക്കാനാകാത്ത ചോദ്യമാണ് എന്തിനാണ് ഒരാൾ സംന്യാസിയാകുന്നത് എന്നത്. ആത്മാന്വേഷണത്തിൻ്റെ അതിഭൗതികതയും, അതിശയോക്തിയും, നാടകീയതയും മാറ്റിവച്ചാൽ ഒരാളുടെ സംന്യാസദീക്ഷ സങ്കീർണ്ണമായ മനുഷ്യജീവിതത്തിൻ്റെ നിരവധി നിസ്സഹായതകളിൽ നിന്നുള്ള പലായനമാണ്. സാമ്പത്തീകമോ, വ്യക്തിപരമോ, മാനസീകമോ, വൈകാരികമോ ആയ വ്യാഥികൾ, ഏകാന്തതകൾ;
അപരിഹാര്യമായ ആകുലതകൾ, വൈഷമ്യങ്ങൾ… ഇങ്ങനെ ഏതിൽ നിന്നും തിരിഞ്ഞോടിയ മനുഷ്യൻ സംന്യാസത്തിലെത്തിച്ചേർന്നിട്ടുണ്ട്. മനുഷ്യസഹജമായ ഈ നിസ്സഹായത കൊണ്ടു മാത്രം അധോലോകസാമ്രാജ്യങ്ങൾ നിർമ്മിക്കുന്ന ആൾദൈവങ്ങളോടൊഴികെ, സംന്യാസ വേഷത്തിലെ തട്ടിപ്പുകാരോടുപോലും വെറുപ്പ് തോന്നിയിട്ടില്ല; ചിലപ്പോൾ സ്നേഹം പോലും തോന്നാറുണ്ട്. മനസ്സിൽ ഖസാക്കിലെ മൊല്ലാക്കയുടെ ചോദ്യം മാത്രം അവശേഷിയ്ക്കും:”നിർദ്ദോഷിയായ പഥിക, കർമ്മബന്ധത്തിൻ്റെ ഏത് ചരടാണ് നിങ്ങളെ ഇവിടെക്കൊണ്ടെത്തിച്ചത് ?”

ചില കുടുംബങ്ങളിൽ സംന്യാസത്തിൻ്റെ ഒരു അസിതരേഖ തലമുറകളിലൂടെ സഞ്ചരിക്കുന്നത് കാണാം. ഓരോ കാലത്തിലും അവരിലൊരാൾ കല്ലും,മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ദൈവമെന്ന വലിയ ആശ്രയത്തെ (ചിലപ്പോൾ ശൂന്യതയെ) തേടി നടന്നു. അലൗകീകമെന്ന് തോന്നിപ്പിച്ച കോപ്പുകൾക്കും, ചമയങ്ങൾക്കും ഉള്ളിലെ നഗ്നതയിൽ അവർ രഹസ്യമായി വിലപിച്ചു. ഏകാന്തതയെയും, ദാരിദ്യത്തെയും വെറുത്തു, മനുഷ്യരെയും, അസ്തിത്വത്തേയും ശപിച്ചു, അപരരോട് അസൂയ കൊണ്ടു, നിഗൂഡമായ നിസ്സഹായതയിൽ അഴിഞ്ഞുലഞ്ഞു. എൻ്റെ അമ്മവഴിയിലെ ഗോത്രവൃക്ഷത്തിൽ സംന്യാസത്തിൻ്റെ ഒരു പൊടിപ്പ് എന്നുമുണ്ടായിരുന്നു. ആൺപെൺ ഭേദമില്ലാതെ, തികച്ചും ഒറ്റക്കായ ചില നിമിഷങ്ങളിൽ, കൂടിയോ, കുറഞ്ഞോ നമ്മളെല്ലാവരും അനിവാര്യമായ ഒരു പുറപ്പെട്ടുപോകലിനെക്കുറിച്ചോർത്തു. കാലിൽ കുരുങ്ങിയ പ്രാരാബ്ദങ്ങളാൽ ഓരോ തവണയും അത് നീട്ടിവയ്ക്കപ്പെട്ടു. എൻ്റെ ഓർമ്മയിൽ, ജീവിതം സഹിക്കാനാവാതെ ദൈവവഴിയിൽ കുടിയേറിയ ഒരു അമ്മമ്മയുണ്ടായിരുന്നു. മൂന്നാണും രണ്ടു പെണ്ണുമുള്ള വലിയ ദാരിദ്യമൊന്നുമില്ലാത്ത അന്നത്തെ ഒരു ചെറിയ കുടുംബത്തിലെ അംഗമായിരുന്നു അവർ. സഹോദരങ്ങളെല്ലാം വിവാഹജീവിതം നയിച്ചപ്പോഴും അജ്ഞാതമായ കാരണങ്ങളാൽ അവർ കാഷായവസ്ത്രധാരിണിയായ, അവിവാഹിതയായി തുടർന്നു. തറവാട്ടിൽ കഴിഞ്ഞ ഒരു തെളിഞ്ഞ രാത്രി അവരിൽ നിന്നാണ് ഞാൻ ആ വാക്ക് ആദ്യമായി കേൾക്കുന്നത്: പെരുമാൾ.

പദോൽപ്പത്തിയിലേക്ക് പോയാൽ ‘പെരുമാൾ’ വലിയൊരു മനുഷ്യനാണ്, ഔന്നത്യമാർന്ന പുരുഷനാണ് (‘പെരുമാട്ടി’ എന്ന് സ്ത്രീലിംഗം), ജനതതികളുടെ സംരക്ഷകനാണ്, നാടിൻ്റെ നാഥനാണ്. പലമയിലെ ഒരുമയും, ഒരുമയിലെ പലമയുമാണ് ‘പെരുമാൾ’. കാലദേശഭേദങ്ങളനുസരിച്ച് ‘പെരുമാളി’ൻ്റെ ധർമ്മവും, അർത്ഥവും വ്യത്യാസപ്പെട്ടുകൊണ്ടിരുന്നു: പന്ത്രണ്ടു വർഷത്തേക്ക് രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചേരമാൻ പെരുമാൾ എന്ന പദവി, വിഷ്ണുവിൻ്റെ പര്യായം, നാട്ടുരാജാവ്, പയ്യന്നൂർ പെരുമാൾ എന്ന ശ്രീകുമരൻ സുബ്രഹ്മണ്യൻ, കൊട്ടിയൂർ പെരുമാൾ എന്ന ദക്ഷാന്തകനായ പരമശിവൻ… മനുഷ്യനോ,ദൈവമോ ആരായാലും അദ്ദേഹം രാജാവാണ് ഭൂമിയുടെയും, ഹൃദയങ്ങളുടെയും.

ആറു പടൈ വീടുകളിൽ (സൈനിക കേന്ദ്രങ്ങളിൽ)- തിരുച്ചെന്തൂർ, പഴമുതിർചോലൈ, തിരുപ്പുറംകുണ്ട്റം, പളനി, തിരുത്തണി, സ്വാമിമലൈ – നൂറ് മുഖം കാട്ടി ഉരുവായ ഷൺമുഖനായിരുന്നു സ്വാമി-അമ്മമ്മയുടെ പെരുമാൾ. കൃത്യമായി പറഞ്ഞാൽ അവ്വെയാർ എന്ന സത്യാന്വേഷിയായ വൃദ്ധയ്ക്ക് ജ്ഞാനപ്പഴമായി വരമേകിയ പഴനിയാണ്ടവനായ സുബ്രഹ്മണ്യൻ. ഓരോ വർഷവും അധ്വാനിച്ചുണ്ടാക്കിയതും, സഹായധനമായിക്കിട്ടിയതുമായ പണത്തുട്ടുകൾ എണ്ണിയെടുത്ത് കാവിത്തുമ്പിൽ കെട്ടി, ജടപിടിച്ച മുടിയും, ഒരു കുണ്ടൻവടിയുമായി തൈപ്പൂയത്തിനും,കൗമാരത്തിനും കുന്നും, മലയും കയറി ഒറ്റയ്ക്കും, കൂട്ടായും അവർ പഴനിയപ്പനെ കാണാൻ പോയി. ഊണിലും, ഉറക്കത്തിലും,സ്വപ്നത്തിലും, ജാഗ്രത്തിലും ഉള്ളിൽ പഴനി നിറഞ്ഞു. ശാപത്തിലും, അപേക്ഷയിലും, അനുഗ്രഹത്തിലും മുരുഗൻ്റെ വാചാമുദ്ര പതിഞ്ഞു. അവ്വെയ്ക്ക് (അവ്വെയാർ) മുരുഗനും, മീരയ്ക്ക്(മീരാബായി) കൃഷ്ണനും, അക്കയ്ക്ക് (അക്കമഹാദേവി) ചെന്നമല്ലികാർജ്ജുനനും പോലെ സ്വാമി-അമ്മമ്മയ്ക്ക് ‘പെരുമാൾ’, ജീവിതം തുടർന്നുകൊണ്ടുപോകാനുള്ള അർത്ഥവത്തായ ഒരേയൊരു കാരണമായി നിലകൊണ്ടു.

തീർത്ഥയാത്രകളുടേതല്ലാത്ത കാലങ്ങളിൽ, അടുക്കളയും, കിടപ്പുമുറിയും ഒന്നായ കൂരയിൽ സ്വാമി – അമ്മമ്മയ്ക്ക് ആർക്കും നല്കാനാകാത്ത ആശ്വാസം പെരുമാൾ നൽകിക്കാണണം. അല്ലെങ്കിൽ, ഭൂമിയിൽ ജീവിച്ച എഴുപതാണ്ടുകളിൽ, ഏകാന്തത പെരുകിയ ഒരു നിസ്സഹായനിമിഷത്തിൽ ആരോടും കടപ്പാടില്ലാത്ത അവധൂത ജന്മം അവർ എന്നേ അവസാനിപ്പിച്ചേനെ. പഴനി മലയിൽ കൊടികുത്തിവാണ മുരുഗൻ അവരുടെ മാത്രം ദൈവമായിരുന്നു, ഹൃദയത്തിലെ രാജാവായിരുന്നു, ജീവിക്കാനുള്ള പ്രേരണയായിരുന്നു. അർത്ഥം അസംബന്ധമാകുന്ന ജീവിതസന്ദർഭങ്ങളിൽ, മാറ്റിവയ്ക്കപ്പെട്ട ഒരു പുറപ്പാടിൻ്റെ ഓർമ്മ വരുമ്പോൾ എന്നിൽ എന്നും ഈ ചോദ്യവുമുയരും: എവിടെയാണ് എൻ്റെ പെരുമാൾ !


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here