“ഒരു ചിത്രശലഭവുമായി  സൗഹൃദം സ്ഥാപിക്കുക സാധ്യമാണോ? “

0
242
haruki-murukami-athmaonline

വിവർത്തനം :
സനൽ ഹരിദാസ്

“നിങ്ങൾ ആദ്യം ഈ പ്രകൃതിയുടെ ഭാഗമാവുകയാണെങ്കിൽ അത് സാധ്യമാണ്. മനുഷ്യജീവിയെന്ന നിലയിലുള്ള നിങ്ങളുടെ നിലനിൽപ്പിനെ നിങ്ങൾ അടിച്ചമർത്തുകയാണ്. തീർത്തും നിശ്ചലമായി നിൽക്കുകയും, ഒരു മരമോ പുൽക്കൊടിയോ  പൂവോ ആണ് നിങ്ങൾ എന്ന് സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യൂ. അതിന് സമയമെടുക്കേണ്ടി വരും പക്ഷെ ഒരിക്കൽ ശലഭമതിന്റെ അന്യതയെ വെടിഞ്ഞാൽ നിങ്ങൾക്കതിനോട് സ്വാഭാവികമായ സൗഹൃദം സാധ്യമാകും.

“നിങ്ങൾ അവയ്ക്ക് പേരുകൾ നൽകുന്നുണ്ടോ? ” – അവൾ ആകാംക്ഷയോടെ ചോദിച്ചു – “പട്ടികളെയും പൂച്ചകളെയും പോലെ”

അയാൾ ചെറുതായൊന്ന് തല കുലുക്കി. ഇല്ല. ഞാൻ അവയ്ക്ക് പേര് നൽകുന്നില്ല.

പക്ഷെ അവയുടെ രൂപവും അലങ്കാരങ്ങളും നോക്കി എനിക്കവയെ പരസ്പരം വിവേചിക്കാനാവും. അവയ്ക്ക് പേര് നൽകുന്നതിൽ പ്രത്യേകിച്ച് കാര്യമില്ല താനും.

അവ വളരെ പെട്ടെന്ന് ചത്തു പോകുന്നു.

ഇവർ നിനക്ക് അൽപ്പനേരത്തേക്കുള്ള പേരുകളില്ലാത്ത സുഹൃത്തുക്കളാണ്. ഞാനിവിടെ ദിവസവും വരുന്നു, ചിത്രശലഭങ്ങളെ അഭിവാദ്യം ചെയ്യുന്നു. അവരോട് കാര്യങ്ങൾ പറയുന്നു. എന്നിരുന്നാലും സമയമാകുമ്പോൾ അവ നിശബ്ദമായി അപ്രത്യക്ഷമാകുന്നു. അതിന്റെയർത്ഥം അവ മരിച്ചുവെന്നാണെന്ന് എനിക്കറിയാം.

പക്ഷേ അവരുടെ ശരീരങ്ങൾ എനിക്ക് കണ്ടെത്താനാകാറില്ല. അവ അടയാളങ്ങളൊന്നും ബാക്കി വയ്ക്കുന്നില്ല. അവ വായുവിൽ ആഗിരണം ചെയ്യപ്പെട്ടതായി തോന്നും. നിലനിൽപ്പ് പോലും സംശയിക്കുന്നത്ര മൃദുലമായ ജീവികളാണവ: അവ എവിടെനിന്നെന്നില്ലാതെ വന്നെത്തുന്നു. തീർത്തും പരിമിതമായ കാര്യങ്ങൾ തിരയുന്നു; വളരെ കുറച്ചു കാര്യങ്ങൾ.

വീണ്ടുമവ ശൂന്യതയിലേക്കു  മറയുന്നു.

മറ്റേതോ ലോകത്തേക്കുമാവാം.

LEAVE A REPLY

Please enter your comment!
Please enter your name here