ലേഖനം
മുഹമ്മദ് ജാസിർ ടി.പി
നാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര മതസ്ഥരും ഒത്തു ചേരുന്ന വേളയാണ് തോരായിപ്പള്ളി നേർച്ച.പ്രായമായവരുടെ ഓർമയിൽ അതൊരു ഓലമേഞ്ഞ പള്ളിയായിരുന്നു.ഏതു കാലത്താണ് ഉണ്ടാക്കിയതെന്നോ ആരാണ് ഉണ്ടാക്കിയതെന്നോ നൂറ് വയസ്സ് പ്രായമുള്ളവരുടെ അറിവിൽ പോലുമില്ല.സമീപത്തെ കല്ലൂർകുഴിയിൽ എന്ന വീട്ടിലെ ഉമ്മാച്ചുമ്മ എന്ന സ്ത്രീ ദിവസവും പള്ളിയിൽ വിളക്കുകൊളുത്തിയിരുന്നു എന്നു പറയപ്പെടുന്നു.
അതിൻ്റെ പിന്നിൽ ഒരു ഐതിഹ്യവും ഉണ്ട്.ആ സ്ത്രീ ഒരു ഭ്രാന്തയായിരുന്നു. ഒരുദിവസം സ്ത്രീ പള്ളി വരാന്തയിൽ കിടന്നുറങ്ങിപ്പോയി. പിറ്റേദിവസം ഉണർന്നപ്പോൾ അവരുടെ ഭ്രാന്ത് സുഖമായിരിക്കുന്നു.അന്നുതൊട്ടാണ് പള്ളിയിൽ ദിവസവും വിളക്ക് കൊളുത്താൻ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്.ആദ്യകാലത്ത് ഇവിടെ നിസ്കാരമോ മറ്റു ആരാധനാകർമ്മങ്ങളോ ഉണ്ടായിരുന്നില്ല.എങ്കിലും എന്തോ പ്രത്യേകത ഈ സ്ഥലത്തിന് ഉണ്ടെന്ന് അന്ന് ആളുകൾ വിശ്വസിച്ചു പോന്നിരുന്നു.അങ്ങിനെ നൂറ് വർഷങ്ങൾക്കപ്പുറം ഇന്നത്തെ മലപ്പുറം ജില്ലയിലെ വാളാഞ്ചേരി എന്ന സ്ഥലത്തു നിന്നും മൊയ്തീൻകുട്ടി മുസ്‌ലിയാർ എന്ന് പേരുള്ള ഒരു മഹാനുഭാവൻ ഇവിടെ വന്ന് താമസമാക്കി.അദ്ദേഹം ഒരു ആയുർവേദ-യുനാനി ചികിത്സകനും വിഷഹാരിയും മന്ത്രവാദിയും ആയിരുന്നു.ചികിത്സ ഫലം കണ്ടു തുടങ്ങിയപ്പോൾ പരിസരപ്രദേശങ്ങളിൽ നിന്നും മാത്രമല്ല.വിദൂരദേശങ്ങളിൽ നിന്നുപോലും യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തെ തേടി ആളുകൾ വന്നിരുന്നു.അന്ന് ഇന്നത്തതുപോലെ ഡോക്ടർമാർ ഒന്നും ഇല്ലാത്ത കാലമായിരുന്നു. ആ കാലഘട്ടത്തിൽ കോളറ പടർന്നു പിടിക്കുകയും നിരവധിപേർ മരിക്കുകയും ചെയ്തു.അതിനു പരിഹാരമെന്നോണം അദ്ദേഹം എല്ലാ മുസ്‌ലിം വീടുകളിലും ഓരോ കു ഞ്ചി(പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ചെറിയ മൺപാത്രം)വെക്കുകയും അടുപ്പത്ത് അരിയിടുമ്പോൾ ഒരുപിടി അരി നിക്ഷേപിക്കാൻ അദ്ദേഹം കൽപ്പിച്ചു. ഈ അരി എല്ലാ അറബി മാസവും പന്ത്രണ്ടാം രാവിൽ പിരിച്ചെടുക്കുകയും റസൂലിന്റെ പേരിൽ ഒരു മൗലിദ് (പ്രവാചക പ്രകീർത്തനം)കഴിക്കുകയും അഥിതികൾക്ക് ഭക്ഷണം കൊടുക്കാനും തുടങ്ങി. ഇതിൻറെ വാർഷികമെന്നോണം റബീഉൽ അവ്വൽ 12 പന്ത്രണ്ടാം രാവിൽ വിപുലമായി മൗലിദ് കഴിക്കാനും ഭക്ഷണം കൊടുക്കാനും തുടങ്ങി.
ഇങ്ങനെയിരിക്കെ നേർച്ചയുടെ വരവും കൂടി വന്നു. അറബിമാസവും വേനലും മഴയുമെല്ലാം മാറിമാറി വരുന്നതുകൊണ്ട് നേർച്ച സുഖപ്രദമായി നടത്താൻ കഴിയാതെയായി.പിന്നീട് വേനലിൽ മാത്രമായി കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ മലയാള മാസം കുംഭം 22 ൽ കഴിച്ചു തുടങ്ങി.ഇതിന്റെ വാർഷികമാണ് ഇന്ന് നടക്കുന്ന തോരായി പളളി നേർച്ച.ഒരുകാലത്ത് ഒരു പരസ്യമോ പ്രചരണമോ ഇല്ലാതെ കുംഭം 22 ആകുമ്പോൾ പരിസരപ്രദേശത്ത് നിന്നല്ലാം ആളുകൾ വന്നു ചേരുമായിരുന്നു.ദഫ് മുട്ടിയും മറ്റും ആളുകൾ എത്തിയിരുന്നു.ഇവിടെ നേർച്ചയായി ലഭിക്കാത്ത സാധനങ്ങൾ ഒന്നും തന്നെയില്ല. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും ഇവിടെ നേർച്ചയായി ലഭിക്കുന് ഈ പള്ളിയിലേക്ക് നേർച്ച കൊടുക്കുന്നവർക്ക് ഗുണഫലം ലഭിക്കുന്നുവെന്നാണ് അനുഭവം.ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പറയപ്പെടുന്നുണ്ട്. അതൊന്നും ഉത്തരവാദിത്വപ്പെട്ട ഉറവിടങ്ങളിൽ നിന്ന് അല്ലാത്തതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല.ഏതായാലും എന്തോ ഒരു അൽഭുത സിദ്ധി ഉണ്ടെന്നും ഏതോ മഹാത്മാക്കൾ ഇവിടെ മൺമറഞ്ഞിട്ടുണ്ടെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. നേർച്ചയോടനുബന്ധിച്ച് ആദ്യകാലങ്ങളിൽ ഇവിടെ ഒരു മൗലിദ് മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ മതപരമായ ചടങ്ങുകളും വിപുലമായി തന്നെ നടത്തി വരുന്നു.തോരായി പള്ളി നേർച്ച വിശ്വാസികൾക്ക് ആത്മീയമായ ചടങ്ങ് എന്നതിലുപരി ആ നാടിൻ്റെ മാനവസൗഹാർദ്ദത്തിൻ്റെയും കൂട്ടായ്മയുടേയും വലിയ സംഗമമായിത്തീരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.