സോമന്‍ പൂക്കാട്
സാന്ദ്രമായൊരു പാട്ടോർമ്മയായി ലളിത സംഗീതത്തിന്റെ രാജാവായി അറിയപ്പെട്ടിരുന്ന എംഎസ് വിശ്വനാഥൻ യാത്രയായി. തമിഴ് നാട്ടിലെ മൂന്നു മുഖ്യമന്ത്രിമാരുടെ തിരൈപ്പടങ്ങൾക്ക് പാട്ടൊരുക്കിയ മഹാ സംഗീതജ്ഞൻ. ഒട്ടേറെ പ്രതിഭകളെ സിനിമ – സംഗീത രംഗത്ത് പരിചയപ്പെടുത്തിയ അദ്ദേഹം വിവിധ ശൈലികളുള്ള ഗാനങ്ങളും ഓർക്കസ്ട്രേഷൻ സംവിധാനങ്ങളും ഇന്ത്യൻ ചലച്ചിത്ര ശാഖക്ക് പരിചയപ്പെടുത്തുന്നതിൽ മുൻപന്തിയിലായിരുന്നു. 60 കളിലും 70 കളിലും സൗത്ത് ഇന്ത്യൻ സിനിമ സംഗീത ലോകം അടക്കി വാണ അദ്ദേഹം തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ഏതാണ്ട് 2000 ത്തിലധികം ഗാനങ്ങൾ ഒരുക്കുകയുണ്ടായി.
തമിഴ് സംഗീത ലോകം എം എസ് വി യോട് അത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. തിരശ്ശീലയിൽ എം ജി ആറും ശിവജിയും ജയലളിതയും കമലും രജനിയും കോപം, താപം, നിരാശ, വാത്സല്യം, പരിഹാസം, നിസ്സഹായത, ആത്മനിന്ദ, പ്രണയം എന്നീ വികാരങ്ങൾ ആടിത്തിമിർത്തു പ്രേക്ഷകരിൽ താര സിംഹാസനവും അധികാര കസേരയും ഉറപ്പിച്ചപ്പോൾ അവക്കെല്ലാം എം എസ് വിയുടെ സംഗീതത്തിന്റെ അകമ്പടിയുണ്ടായിരുന്നു.
പൂർവ മാതൃകകളില്ലാത്ത പാട്ടുകളൊരുക്കാനും, ഗാനത്തിന്റെ പൂർണ്ണതക്കായി എന്ത് ത്യാഗം സഹിക്കാനും തയ്യാറുള്ള ഒരു മ്യൂസിക് ഡയറക്ടർ ആയിരുന്നു അദ്ദേഹം. 1952 മുതൽ കെ രാമൻ മൂര്‍ത്തിയോടൊപ്പം സംഗീതം ഒരുക്കിയ അദ്ദേഹം 1965 മുതൽ സ്വതന്ത്ര സംഗീത സംവിധായകനായി മാറി. തമിഴ് സിനിമ സംഗീത രംഗത്ത് എക്കാലത്തെയും ഹിറ്റുകളാണ് ഈ കാലയളവിൽ പിറവി കൊണ്ടത്.

പാലൂട്ടി വളർത്ത കിളി പഴം കൊടുത്ത് പാർത്ത കിളി, കണ്ണാ നീയും ഞാനുമാ കണ്ണാ നീയും ഞാനുമാ (ഗൌരവം) അമിതിയാണ നദിയിനിലെ ഓടം അളവില്ലാതെ വെള്ളം വന്നലാടും (ആണ്ടവൻ കട്ടലൈ തൊട്ടാൽ പൂ മലരും തോടാമൽ ഞാൻ മലർതെ (പടഗോട്ടി) രാജാവിൽ പാർവൈ റാണിയൻപ്പക്കം (അന്പേ വാ) പച്ചൈക്കിളി മുത്തു ശരം (ഉലകം ചുറ്റും വാലിബൻ) പൂ മാലയിൽ ഓർ മല്ലികൈ (ഊട്ടി വരെ ഉറവു) നാൻ ആണയിട്ടാൽ അത് നടത്തു വിട്ടാൽ ( എങ്ക വീട്ടു പിള്ളൈ) അഴകിയ തമിൾ മകൾ ഇവൾ (റിക്ഷാ ക്കാരൻ) ഉലകം പിറന്തത് എനിക്കാകെ ഓടും നദികളും എനിക്കാകെ, ആയിരം നിലവേ വാ ഒരായിരം നിലവേ വാ,, “കാതലിന്‍ പൊന്‍ വീഥിയില്‍” (പൂക്കാരി), “നാളയിന്ത വേളയ് പാര്‍ത്തു” (ഉയര്ന്ത മനിതന്‍), “പൊന്മകള്‍ വന്താല്‍ ഒരു കൂടി തന്താൽ ” (സ്വര്‍ഗം). അവള്ക്കെന്നെ അഴകിയ (സെർവർ സുന്ദരം), ഉന്നൈ നാൻ സന്തിപ്പേൻ (ആയിരത്തിൽ ഒരുവൻ), നെഞ്ചം മറപ്പതില്ലൈ(നെഞ്ചം മറപ്പതില്ലൈ), പാലും പഴവും കൈകളിലേന്തി, ഞാൻ പേശ നിനപ്പതല്ലാം നീ പേശ വേണ്ടും കാലങ്കളിൽ അവൾ വസന്തം (പാലും പഴവും), റോജ മലരേ രാജകുമാരി (വീരത്തിരുമകാൻ) എങ്കെയും എപ്പോഴും സംഗീതം സന്തോഷം, സംഭോ ശിവ സംഭോ, അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും ഹിറ്റ് ഗാനങ്ങൾ. ഇളയരാജയുടെ യുഗം ആരംഭിക്കുന്നത് വരെ എം എസ് വി തമിഴ് സിനിമ സംഗീതത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവര്‍ത്തിയായി തുടരുകയായിരുന്നു.
ടി.എം. സൗന്ദര് രാജൻ പാടിയ പാട്ടുകളിൽ അദ്ദേഹം എന്നും ഓർക്കുന്ന ഒരു ഗാനമായിരുന്നു ‘പുതിയ പറവൈ’യിലെ ‘എങ്കെ നിന്മതി’ എന്ന ഗാനം എന്ന് രവിമേനോൻ ഒരിക്കൽ എഴുതിയതായി ഓർക്കുന്നു. ഓർക്കസ്ട്രേഷനിൽ ഒരു മഹാത്ഭുതം തന്നെയായിരുന്നു ഗാനം. ഓരോ തവണയും പുതുമകൾക്കായി ആവശ്യപ്പെട്ടുക്കൊണ്ടിരുന്ന ശിവജി ഗണേശന് വേണ്ടി എം എസ് വിയും രാമൻ മൂർത്തിയും അന്ന് വരെ ഇന്ത്യൻ സിനിമ കാണാത്തൊരു ഓർക്കസ്ട്രേഷൻ സംഘത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഏതാണ്ട് നൂറോളം വയലിനാണ് ആ ഗാനത്തിനായി അകമ്പടി സേവിച്ചത്. എ വി എം സ്റ്റുഡിയോയിൽ ഓർക്കസ്ട്രേഷൻ സംഘത്തിന് ഇരിക്കാൻ പറ്റാതെ വന്നപ്പോൾ തൊട്ടടുത്ത് ഷൂട്ടിൻ ഫ്ലോറിൽ ബാക്കിയുള്ളവരെ വിന്യസിച്ചു മറ്റൊരു മ്യൂസിക് കണ്ടക്ടറെ നിയോഗിച്ചാണ് ആ ഗാനം കാമ്പോസ്സ് ചെയ്തത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായ ശ്യാം അതിലൊരു വയലിനിസ്റ്റായിരുന്നു. ടി.എം.എസ് പാടിയ ആ പാട്ട് ഇന്നും കേൾക്കുമ്പോൾ രോമാഞ്ചമുണ്ടാകുമെന്ന് യേശുദാസ് ഒരിക്കൽ പറയുകയുണ്ടായി. ‘അന്ത നാൾ ഞാപകം നെഞ്ചിലെ വന്തെതെ’ എന്ന ഗാനത്തിന്റെ പെർഫെക്ഷന് വേണ്ടി ടി എം സൗന്ദര് രാജനെ എ വി എം തിയേറ്ററിനു ചുറ്റും രണ്ടു തവണ ഓടിച്ചൊരു ചരിത്രവും അദ്ധേഹത്തിന്റെ സിനിമ സംഗീത ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
വളർച്ചയുടെ പടവുകളിൽ സഹായിച്ചവരുടെ പട്ടിക യേശുദാസ്, ഇളയ രാജാ, ശ്യാം, ശങ്കർ ഗണേഷ്, ദേവ, എ ആർ റഹ്മാൻ, വിദ്യാസാഗർ, യുവാൻ ശങ്കർ രാജാ, ജയചന്ദ്രൻ (ഗായകൻ ) എന്നിങ്ങനെ നീണ്ടുപോകും.
500 ലധികം ഗാനങ്ങൾ ആലപിക്കുകയും നിരവധി ചിത്രങ്ങളിൽ വേഷമിടുകയും ചെയ്ത അദ്ദേഹം 1971 ൽ പുറത്തിറങ്ങിയ ‘ലങ്ക ദഹനം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ചേക്കേറിയത്. തുടക്ക ചിത്രത്തിൽ തന്നെ ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി’,’സൂര്യനെന്നൊരു നക്ഷത്രം ഭൂമിയെന്നൊരു ഗോളം, തിരുവ ഭരണം, നക്ഷത്ര രാജ്യത്തെ സ്വർഗ്ഗ നന്ദിനി സ്വപ്ന വിഹാരിണി, എന്നീ സൂപ്പർ ഹിറ്റുകളൊരുക്കിയ അദ്ദേഹം മലയാളികളുടെയും ഇഷ്ട സംഗീതകാരനായി മാറുകയായിരുന്നു. അറബിക്കടലിളകി വരുന്നു, കിലുക്കാതെ കിലുങ്ങുന്ന കിലുക്കം പെട്ടി (മന്ത്രകോടി) സുപ്രഭാതം കണ്ണുനീർ തുള്ളിയെ, വാ മമ്മി വാ മമ്മി വാ ( പണി തീരാത്ത വീട്) സ്വർണ്ണ ഗോപുര കർപ്പൂര ദീപത്തിൻ ആകാശ രൂപിണി അമ്പല വിലക്കുകളണഞ്ഞു ( ദിവ്യ ദർശനം) സ്വർഗ്ഗമെന്ന കാനനത്തിൽ ചിരിക്കുമ്പോൾ നീയൊരുരാജീവ നയനെ, ആ നിമിഷത്തിന്റെ (ചന്ദ്ര കാന്തം) വീണ പൂവേ, അഷ്ടപതിയിലെ, ശില്പി ദേവ ശില്പി, ( ജീവിക്കാൻ മറന്നു പോയ സ്ത്രീ), നാടൻ പാട്ടിന്റെ മടിശീല, ഇന്ദ്ര നീലം ചൊരിയും വെണ്ണിലാവെ, പത്മ തീര്‍ത്തക്കരയിൽ, (ബാബു മോൻ) ചഞ്ചലിത, മനസ്സൊരു സ്വപ്നഖനി, (ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ), ദൈവം തന്ത വീട്, കലാഭ ച്ചുമരു വെച്ച മെട് (അവൾ ഒരു തുടർകഥ) വണ്ണാത്തികിളി, രജനി ഗാന്ധി വിടർന്നു (പഞ്ചമി) തുടങ്ങി എഴുതിയതിലൊരറ്റം കാണാത്തത്ര ഹിറ്റുകളോരുക്കിയ മെല്ലിസ്സൈ മന്നൻ എം എസ് വി ഇനി ഓർമകളിൽ……..
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുമ്പിൽ ഈ എളിയ സംഗീതാസ്വാദകന്റെ പ്രണാമം