കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളായ സെന്നിനെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ഇതിന് ശേഷമാണ് ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്‍റെ പ്രവേശനം.
സെന്നിന്റെ ചിത്രങ്ങളായ ഭുവന്‍ ഷോമെ, കോറസ്, മൃഗയ, അകലെര്‍ സന്ദാനെ എന്നിവ മികച്ച ചിത്രങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങള്‍ നേടി. മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും നേടി. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.
ഓള്‍വെയ്‌സ് ബീയിങ് ബോണ്‍ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.