കഴിഞ്ഞ ആറ് വര്‍ഷത്തോളമായി സിനിമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് മൂവിസ്റ്റ്രീറ്റ്. ഇതിനോടകം പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങളുമായി സിനിമാ-വിനോദ മേഖലയില്‍ സജ്ജീവമായ മൂവി സ്ട്രീറ്റ് തങ്ങളുടെ രണ്ടാമത്തെ അവാർഡ് നൈറ്റ് പ്രഖ്യാപിച്ചു. പോയവര്‍ഷം പുറത്തിറങ്ങിയ 140ഓളം മലയാളചിത്രങ്ങളില്‍നിന്ന് ഇരുപതോളം വിഭാഗങ്ങളിലേക്കായി തിരഞ്ഞെടുക്കപ്പെടുന്ന പുരസ്കാരങ്ങള്‍ ഫെബ്രുവരി 3ആം തീയതി കൊച്ചി കലൂർ എജെ ഹാളിൽ വെച്ച് നടക്കുന്ന മൂവി സ്ട്രീറ്റ് അവാർഡ് നൈറ്റിൽ വിജയികൾക്ക് സമ്മാനിക്കും. വിദഗ്ദ ജൂറിക്കൊപ്പം തികച്ചും ജനാധിപത്യപരമായി മൂവിസ്ട്രീറ്റ് ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് പുരസ്കാരം സമ്മാനിക്കുക എന്നത് നിശയുടെ മാറ്റ് കൂട്ടുന്നു.
കഴിഞ്ഞ തവണ വൈറ്റിലയിലെ ആദം കൺ വെൻഷൻ സെന്ററിൽ വെച്ച് നടത്തിയ ആദ്യ അവാര്‍ഡ് നിശതന്നെ അതിന്‍റെ ബഹുസ്വരതയുടെ അടയാളപ്പെടുത്തലുകള്‍ മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ ലിജോ ജോസ് പല്ലിശേരി, ദിലീഷ് പോത്തൻ, സൗബിൻ, ആന്റണി വർഗ്ഗീസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പങ്കെടുത്തു. ഒട്ടേറെ വെല്ലുവിളികള്‍ക്കിടയിലും കലയെ സ്നേഹിക്കുന്നവരുടെ സഹകരണമാണ് ഇത്തരത്തില്‍ പുരസ്കാരനിശ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
മുഖ്യധാരാ അവാര്‍ഡുകള്‍ പ്രൊപഗണ്ടകള്‍ക്കും വിപണിമൂല്യത്തിലും പിന്നാലെ പോകുമ്പോള്‍ പൊതുജനക്കൂട്ടായ്മകളില്‍ നിന്നുണ്ടാകുന്ന ഇത്തരം മുന്നേറ്റങ്ങളാണ് സിനിമയെന്ന കലയുടെ സാധ്യതകളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നിടുന്നതെന്ന് ഗ്രൂപ്പ് അംഗങ്ങളുടെ സജ്ജീവപങ്കാളിത്തം തെളിയിക്കുന്നു.