ഹിന്ദുസ്ഥാനി സംഗീതജ്ഞരെയും, ഖയാല്‍ ഗായകരെയും, വാദ്യോപകരണ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും പണ്ഡിറ്റ് മോത്തിറാം സംഗീത വിദ്യാലയവും സംയുക്തമായി രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച മേവാതി-സ്വാതി ഖയാല്‍ ഫെസ്റ്റ് സമാപിച്ചു. സംഗീതജ്ഞനും ഗാനരചയിതാവുമായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ച ഫെസ്റ്റില്‍, ഗോളിയോര്‍ ഘരാനയില്‍ നിന്നുള്ള പണ്ഡിറ്റ് അമരേന്ദ്രധനേശ്വര്‍, ലഖ്നൗ ഘരാനയില്‍ നിന്നുള്ള പണ്ഡിറ്റ് ആദിത്യനാരായണ ബാനര്‍ജി, വൈ.എം.സി.എ പ്രസിഡന്റ് കെ.വി. തോമസ് എന്നിവര്‍ സംബന്ധിച്ചു.
ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേഷ്‌നാരായണനും ശിഷ്യരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖയാല്‍ ഗായകരും ഒരുക്കിയ ഖയാല്‍ സംഗീത വിരുന്നില്‍ ഹേമ നാരായണന്‍, കെ.ആര്‍. ശ്യാമ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഹിന്ദുസ്ഥാനി ജുഗല്‍ ബന്ദി സംഗീത കച്ചേരി, പണ്ഡിറ്റ് അമരേന്ദ്ര ധനേശ്വറിന്റെ ഹിന്ദുസ്ഥാനി വോക്കല്‍, പണ്ഡിറ്റ് ആദിത്യ നാരായണ്‍ ബാനര്‍ജിയുടെ തബല വാദനം എന്നിവയും അരങ്ങേറി. ഇതിനോടനുബന്ധിച്ച് രണ്ടാം ദിവസമായ ഇന്നലെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ വൈ.എം.സി.എ ഹാളില്‍ അഖിലേന്ത്യാ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത ശില്‍പശാലയും സംഘടിപ്പിച്ചു. പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേഷ് നാരായണന്‍, ഗോളിയോര്‍ ഘരാനയില്‍ നിന്നുള്ള പണ്ഡിറ്റ് അമരേന്ദ്രധനേശ്വര്‍, പണ്ഡിറ്റ് ആദിത്യനാരായണ ബാനര്‍ജി എന്നിവര്‍ വിവിധ സെഷനുകളി ല്‍ ശില്‍പശാല പഠനപരമായി കൈകാര്യം ചെയ്തു.