(അനുസ്മരണം)
പ്രവീണ്‍ പ്രകാശ് ഇ
ആത്മകഥകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. മഹത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്‌ലറും നെല്‍സണ്‍ മണ്ടേലയും മുതല്‍ ആന്‍ഫ്രാങ്കും 10 വയസുകാരി നൂജൂദും മണിയന്‍പിള്ളയും വരെ സ്വന്തം ജീവിതകഥകളില്‍ നമ്മെ പിടിച്ചിരുത്തിയവരുടെ പട്ടിക നീളും. അവരുടെ മേഖലകളും പ്രായവും എഴുതാനുള്ള കാര്യവും കാരണവും കഥകളും വ്യത്യസ്തമായിരുന്നു. സ്വയമെഴുതിയതും കേട്ടെഴുതിയതുമടക്കം പുതുവഴികളിലേക്ക് കടക്കുന്ന ആത്കഥാസാഹിത്യത്തെ വരകള്‍ കൊണ്ടൊരു ജീവിതകഥ ചമച്ചാണ് ഒരാള്‍ ഞെട്ടിച്ചത്. പ്രിയപ്പെട്ട മനുഷ്യരെയും കടന്നുവന്ന വഴികളെയും താങ്ങായ ഇടങ്ങളെയും മുറിവേറ്റ മനസ്സിനെയും ആനന്ദിച്ച ഹൃദയത്തെയും അയാള്‍ വരകളില്‍ നിറച്ചു. വരകള്‍കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും തന്നെ അടയാളപ്പെടുത്താനാവില്ലെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. അതെ, ‘രേഖകള്‍’ തന്നെ. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ആത്മകഥ.
ചിത്രംവരയുടെ ഔപചാരികതകള്‍ക്ക് പിടികൊടുക്കാതിരുന്ന കുട്ടിക്കാലത്ത് മഴ പെയ്ത മുറ്റത്തെ നനവില്‍ ഈര്‍ക്കില്‍ കൊണ്ടും ചുവരില്‍ കരിക്കട്ടകൊണ്ടും തുടങ്ങിയതാണ് കരുവാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ വരജീവിതം. പിന്നീട് നാലുകെട്ടിലെ അപ്പുണ്ണിയും രണ്ടാമൂഴത്തിലെ ഭീമനും പിതാമഹനിലെ സര്‍. ചാത്തുവും കാഞ്ചനസീതയിലെ സീതയും വരികളില്‍ നിന്നു മലയാളിയുടെ കണ്മുന്നില്‍ വന്നു നിന്നത് ഈ മനുഷ്യന്‍ വരഞ്ഞിട്ട വഴക്കങ്ങളിലൂടെ ആയിരുന്നു.
ചായക്കൂട്ടുകള്‍ യഥേഷ്ടമെടുത്തെഴുതാവുന്ന സമയവും സന്ദര്‍ഭവും നിരവധിയുണ്ടായിരുന്നെങ്കിലും അയാളുടെ പ്രണയം എന്നും വരകളുടെ ലാളിത്യത്തോടും അനായാസതയോടുമായിരുന്നു. പക്ഷെ, അയാള്‍ കോറിയിട്ടതിലെല്ലാം ജീവന്‍ തുടിച്ചു. വരയ്ക്കുന്നതെല്ലാം കണിശവും കൃത്യവും ആയിരിക്കണം എന്ന് അയാള്‍ക്ക് നിര്‍ബന്ധണ്ടായിരുന്നു. തിരുത്തലുകള്‍ അസാധ്യമാക്കാനായിരിക്കണം അയാള്‍ പേന കൊണ്ട് വരയ്ക്കാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ രേഖാചിത്രകാരനായും ശില്പിയായും കലാസംവിധായകനായും അയാള്‍ ആടിതീര്‍ത്ത ഇതിഹാസജീവിതം കാലത്തിന്റെ ചുവരില്‍ മായാതെ നിലനില്‍ക്കും. കാലം അയാളെ ആര്‍ട്ടിസ്റ്റ് എന്ന് ഉറപ്പോടെ വിളിക്കും.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
❤️
❣️❣️
👏🏻🖤