ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. അദ്ദേഹം അപൂർവമായി ഒരു നാടകത്തിൽ വേഷമിട്ടത് കെ. പി. എ. സിയുടെ അൻപതാമത്തെ നാടകമായ ‘ഇന്നലെകളിലെ ആകാശ’ത്തിലായിരുന്നു.
കൈത്തൊഴിൽ നഷ്ടപെടുന്ന തൊഴിലാളികളുടെ യാതനകളെയും വ്യത്യസ്ത അടരുകളുള്ള മറ്റൊരു കഥാപാത്രത്തെയും ഈ നാടകത്തിൽ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ അഞ്ചു പുരസ്‌ക്കാരങ്ങൾ ലഭിച്ച നാടകം ഇന്ത്യയിലെമ്പാടും ഒരുപാട് വേദികളിൽ രണ്ടു വർഷം അവതരിപ്പിച്ചു. കെ. പി. എ. സിയിലെ ഏറ്റവും തല മുതിർന്ന അഭിനേതാവ് ജോൺസൺ മാഷും രഘുവും കൂടിയായിരുന്നു ഒരു കുശവ കുടിലിലെ രണ്ടു കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചത്. ഒ. എൻ. വി യുടെ വരികൾക്ക് എം. കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിലും മറ്റു രംഗങ്ങളിലുമെല്ലാം ഈ അഭിനേതാക്കൾ അരങ്ങിൽ കാഴ്ച വച്ച അഭിനയത്തിന്റെ നൈസർഗികമായ കൊടുക്കൽ വാങ്ങലുകൾ കണ്ട് അമ്പരന്നിട്ടുണ്ടെന്ന് ഇന്നലെകളിലെ ആകാശത്തിന്റെ സംവിധായകനായ പ്രമോദ് പയ്യന്നൂർ അനുസ്മരിച്ചു.
പത്തനാപുരം ഗാന്ധി ഭവൻ കലാ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ അനുശോചന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ. കെ. പി. എ. സി ലീലാകൃഷ്ണൻ, അമൽരാജ് പി. എസ്, മണിക്കുട്ടൻ, കോട്ടാത്തല ശ്രീകുമാർ തുടങ്ങിയവരും മേള രഘുവിനെ അനുസ്മരിച്ചു.