ഇടവഴിയിലെ കാൽപ്പാടുകൾ
സുബൈർ സിന്ദഗി
വളരെ ചെറുപ്പം തൊട്ടേ നാട്ടിൽ കാണുന്ന ചില മറക്കാനാവാത്ത സ്ഥിര കാഴ്ചകളിൽ ഒന്നും, ഇനി വരുന്ന തലമുറയിൽ കാണാൻ സാധിക്കാത്ത ഒരു മനോഹരമായ നാട്ടിൻപുറത്തെ ജീവിത ചിത്രവുമാണ് മാദാരിക്ക.
ഈ മനുഷ്യനും ഈ വണ്ടിയും ഒരു ദേശത്തിന്റെ, സാമൂഹിക ജീവിത സംസ്കാരത്തിന്റെ ഒഴിച്ച് നിർത്താനാവാത്ത വലിയൊരു സത്യമാണ്. ഒരു അടയാളമാണ്.
കുട്ടിക്കാലത്ത് ഇദ്ദേഹത്തെ കണ്ടിരുന്നത് ഉന്തു വണ്ടിയിൽ കടല കച്ചവടം ചെയ്യുന്ന രീതിയിലാണ്. അതിനും എത്രയോ മുൻപ് നാട് വിട്ട് പോയിരുന്ന ഇദ്ദേഹം ഏറെ കാലത്തിനു ശേഷമാണ് നാട്ടിൽ സ്ഥിരമായത്.
കുട്ടിക്കാലത്തെ ഒരു ഉന്തു വണ്ടിയിൽ കടല കച്ചവടം ചെയ്യുന്ന ഒരാൾ എന്നതിലപ്പുറം അദ്ദേഹത്തിന്റെ പ്രത്യേകത എന്ന നിലക്ക് ഓർത്തു വെക്കാനായി ഒന്നും ഉണ്ടായിരുന്നില്ല. ഏറെ കാലങ്ങൾക്ക് ശേഷമാണ് തോൽക്കാൻ മനസ്സില്ലാത്തവനാണ് മാദാരിക്ക എന്ന് മനസ്സിലാകുന്നത്. കടല കച്ചവടം ഒരു ജീവിതമാർഗ്ഗമായി സ്വീകരിച്ചു പോരുന്ന ഒട്ടേറെ പേരുണ്ട് നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒക്കെ. നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ നമ്മൾ പല മുഖങ്ങളും അത്തരത്തിൽ കാണുന്നതുമാണ്. എന്നാൽ മാദാരിക്ക വ്യത്യസ്തനായിരുന്നു.
ഇദ്ദേഹത്തെ പാവിട്ടപ്പുറം അങ്ങാടിയിലെ ഒരു മൂലയിൽ കാണാം. ഉന്തു വണ്ടിയിൽ ഒരു ചെറിയ വെളിച്ചവും കുറച്ചു കടലയും ഉണ്ടാവും. നിങ്ങൾ ഇത് വായിക്കുമ്പോൾ നിങ്ങൾക്കും ഓർമ്മയിൽ വരുന്നുണ്ടാവും കുറെ മാദാരിക്കമാരും, അല്ലെങ്കിൽ കുറെ മാധവേട്ടന്മാരും. ഇത്തരത്തിലുള്ളവരുടെ വസ്ത്ര രീതിക്കും കൃത്യമായ സാമ്യതകൾ ഉണ്ട്. പലപ്പോഴും പല ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ഒക്കെ ഇത്തരത്തിലുള്ള കച്ചവടക്കാർ ഒരു മുണ്ട് മടക്കികുത്തി, മടക്കി കുത്തിനു താഴെയായി പൈസയും കുറെ കടലസുകളുടെയും ബീഡി, തീപ്പെട്ടി എന്നിവയുടെയും ഭാരം ചുമന്നു തൂങ്ങി നിൽക്കുന്ന വള്ളി നിക്കറും അവരുടെ ഗണത്തിൽ പെട്ടവരുടെ അടയാളപ്പെടുത്തലുകൾ കൂടിയാണ്.
നേരത്തെ പറഞ്ഞത് പോലെ ഇദ്ദേഹത്തെ പോലെയുള്ള ആയിരങ്ങളെ നമുക്ക് ദിനം പ്രതി കാണാമല്ലോ പിന്നെന്താ ഇത്ര പ്രത്യേകത.
ഞാൻ കാണുന്ന പ്രത്യേകത അദ്ദേഹത്തിന്റെ കഠിനാധ്വാനവും, പരാജയപ്പെടാൻ മനസ്സില്ല എന്ന ഉറച്ച തീരുമാനവുമാണ്.
കാരണം ഒരു കടല ക്കച്ചവടക്കാരൻ മാത്രമായി ഒതുങ്ങി കഴിയുകയായിരുന്നില്ല അദ്ദേഹം. വ്യത്യസ്ഥ സീസണിൽ ഗ്രാമീണ മേഖലയിൽ ലഭ്യമാകുന്ന പഴവർഗ്ഗങ്ങളായ മാങ്ങയും, പഴവും, കൂടാതെ കപ്പയും, പുളിയും, കടച്ചക്കയും, അമ്പഴങ്ങയും ഒക്കെ കൃഷിക്കാരന്റെ കയ്യിൽ നേരിട്ട് വില പേശി വാങ്ങി വീട് തോറും ഉന്തു വണ്ടിയിൽ നടന്നു കച്ചവടം ചെയ്യുന്നതും ഇദ്ദേഹത്തിൽ കണ്ട പ്രത്യേകതയാണ്. ഉത്സവപ്പറമ്പുകളിൽ എത്തിച്ചേരാൻ സാധിക്കുന്നിടതൊക്കെ സാധ്യമായ രീതിയിൽ കച്ചവടക്കാരന്റെ വേഷത്തിലും, അതല്ലെങ്കിൽ തൊഴിലാളിയുടെ രൂപത്തിലും ഇദ്ദേഹത്തെ കണ്ടിട്ടിട്ടുണ്ട്.
തോൽക്കാൻ മനസ്സില്ലാത്ത ഇദ്ദേഹം ഒരു തരത്തിലുള്ള വരുമാനം നഷ്ടപ്പെട്ടാൽ മറ്റൊരു വഴി തേടുകയായിരുന്നു. അതാത് സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് തന്നെ പുതിയ വേഷ പകർച്ചയിൽ പുതിയൊരു സ്വയം തൊഴിലിന്റെ വഴി തുറന്നു കൊണ്ട് മുതലാളിയായും തൊഴിലാളിയായും വ്യത്യസ്ഥനാവുകയായിരുന്നു.നമുക്ക് പഠിക്കാനുള്ള ഓരോ പാഠപുസ്തകങ്ങളാണ്, അത്തരം ജീവിതങ്ങൾ. ഇന്ന് നമുക്കിടയിൽ വലിയ തരത്തിലുള്ള ബിസിനസ്സ് പ്ലാനിങ്ങുകൾ ഉണ്ട്. വേണ്ട എന്ന വാദമില്ല വേണം. ശുഭാപ്തിചിന്തകൾ വേണം പക്ഷെ, അതിന്റെ കൂടെ പരാജയപ്പെടുമ്പോഴുള്ള ഒളിച്ചോട്ടങ്ങൾ ഇല്ലാതിരിക്കാൻ നിരന്തരമായ ആലോചനകളും പരിശ്രമങ്ങളുമുണ്ടാവണം.
ഒരു വഴിയിൽ അല്ലെങ്കിൽ മറ്റൊരു വഴിയിൽ വിജയമുണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകുവാനുള്ള മനോധൈര്യം ലഭിക്കുവാനും, മാതൃകയാക്കുവാനും ഇത്തരം മനുഷ്യരുടെ രീതികളും കടമെടുത്താൽ, ഉപകരിക്കും.
ഇത്തരം ഗ്രാമീണക്കോലങ്ങൾ ചിത്രകാരന്റെ കാൻവാസിലെ സൃഷ്ടി മാത്രമായി മാറുന്ന കാലം വിദൂരമല്ല. മാദാരിക്കയെ പോലെ ആയിരം മാദാരിക്കമാർ ഇങ്ങിനെ ജീവിച്ചു പോയിട്ടുണ്ട്.
വിശ്രമമില്ലാതെ മണ്ണോടു ചേർന്ന് ജീവിച്ചവർ. തോൽക്കാൻ മനസ്സില്ലാത്ത തീരുമാനവുമായി ഒരു തലമുറക്കിടയിൽ കഠിനാധ്വാനികളായി രാജാക്കൻമാരെ പോലെ ജീവിച്ചവർ ഇപ്പോഴും ജീവിക്കുന്നവരുമുണ്ട്.
ഇന്നും തോൽക്കാൻ മനസ്സില്ലാതെ പല പ്രദേശങ്ങളിലും ഇദ്ദേഹത്തെ പോലെയുള്ളവരെ കാണാം. ഈ പ്രായത്തിലും ഇങ്ങിനെ കഷ്ടപ്പെടണോ എന്ന് ചോദിച്ചാൽ ഹൃദയം തുറന്നൊരു പുഞ്ചിരിയോടെ നമുക്ക് നൽകുന്ന ഒരു മറുപടിയുണ്ട്.
“ബീടിക്കും, ചായക്കും കുട്ട്യേളോട് ചോദിക്കണ്ടല്ലോ” ന്ന്.
കാരണം അവർ അധ്വാനശീലരാണ് അവർക്ക് വെറുതെ ഇരിക്കാനാവില്ല.
ഇന്നത്തെ തലമുറ ഒന്നിൽ പരാജയപ്പെട്ടാൽ മറ്റൊന്നിലേക്ക് തിരിയാൻ ശ്രമിക്കുന്നില്ല തോൽക്കുമോ എന്ന പേടി ഇത്തരത്തിലുള്ളവരുടെ ഉള്ളുലയ്ക്കുന്നുണ്ട്.
ജീവിതത്തിൽ തോൽക്കാൻ മനസ്സില്ല എന്ന ഉറച്ച തീരുമാനം എടുക്കുന്നവർക്ക് . അവരിൽ നിന്നും കുറെ പഠിക്കാനുണ്ട്.
പഠിക്കണം നമ്മൾ തോൽക്കാതിരിക്കാൻ മനസ്സില്ലാത്ത മാദാരിക്കമാരെ കുറിച്ച്.
…