മീൻ മേരി

0
383
Meenmary-athmaonline

കവിത

ലിഷ ജയൻ

വലിയ വീടുകളിൽ
കല്യാണത്തിനും
അടിയന്തിരത്തിനും
മീൻ കറി വയ്ക്കലാരുന്നു
അമ്മച്ചിക്ക് പണി !
പെലയത്തി ആണേലും
മീൻ മേരിയെ കണ്ടാൽ
ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന്
നല്ല വൃത്തിയും മെനയും ഉണ്ടെന്ന്
കറിവച്ചാൽ എന്നാ രുചിയാന്ന് ,
അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ
അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ
അമ്മച്ചി കേട്ടില്ലാപ്പെട്ടു നിക്കും !
അമ്മച്ചിക്ക് കറിവയ്പ്പുള്ള ദിവസം
വീടാകെ ബഹളത്തിൽ മുങ്ങും !
സന്ധ്യക്കെ കഞ്ഞിയിടും ,
നാലുമണിക്കെ കോഴിക്കൂട് അടക്കും ,
പെര നിറച്ചും അമ്മച്ചി ഓടിയും പാഞ്ഞും നടക്കും !
എളേത്തുങ്ങളെ നേരത്തെ കുളിപ്പിക്കും
മൂത്തതിനെ ഓരോന്ന് പറഞ്ഞേൽപ്പിക്കും !
ദേവമാതാ ജൗളിക്കടയുടെ കൂടെടുത്തു
എന്തെക്കെയോ പെറുക്കി വയ്ക്കും …
അപ്പൻ പണി കേറിവരുമ്പോ ഞങ്ങളെ ഏൽപ്പിച്ചു
കിടക്കണേനു മുൻപ് അടുക്കള കതകു അടച്ചേക്കണേ ,
എന്ന് വിളിച്ചു പറഞ്ഞോണ്ട്
(അതൊന്നും അപ്പൻ ശ്രദ്ധിക്കത്തില്ലേലും)
ചൂട്ടും കത്തിച്ചു പാഞ്ഞൊരു പോക്കാണ് !
വെളുപ്പിന് ഏതേതെല്ലാമോ
മീനിന്റെ മണത്തോടെ
ഓടി തിരിച്ചു കേറിവരും !
ഞങ്ങളാ മണത്തിൽ
ഒരുപിഞ്ഞാണം കഞ്ഞി വയറ് നിറച്ചു കുടിക്കും !
അതിന്നു ഒരു കഷ്ണം പോലും തിന്നില്ല ഞാൻ
എന്ന് ഞങ്ങളെ ചേർത്ത് പിടിച്ചു
അമ്മച്ചി കണ്ണ്‌ നിറയ്ക്കും !
ഉറക്കത്തിൽ ഞങ്ങൾ മീൻ മുള്ളുകൾ സ്വപ്നം കാണും …
ചിട്ടിക്ക് പൈസ വച്ചെന്റെ ബാക്കിക്ക്
അമ്മച്ചി ഞങ്ങളെ ചന്തക്കു കൊണ്ടോകും …
വയര്നിറച്ചും എണ്ണ പലഹാരം മേടിച്ചു തരും !
ഉണക്ക ചാള സഞ്ചി നിറയെ മേടിക്കും
രൂപക്കൂട്ടിൽ പുണ്യാളന്റെ പങ്കു പൈസ ഇടും !
അടുക്കളപ്പുറത്തിരുന്നു ബീഡിവലിക്കും …
അപ്പന്റെ കള്ളുകുടിയേ പ്രാകും ..
തെറി വിളിക്കും, കരയും …
വടക്കേലെ കറിവയ്പ്പിന്റന്നാണ്
കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന
മൂത്തോളു പിഴച്ചു പോയത്‌ !
കള്ളു മണക്കുന്ന കറുത്ത ഉടലോടെ
പെണ്ണു നിലവിളിക്കുമ്പോൾ
പഴുത്ത മീഞ്ചട്ടി പോലെ തിളച്ചിട്ടും
അമ്മച്ചി ഒന്നും മിണ്ടാതെ കല്ലുപോലെ നിന്ന് !
അന്ന് രാത്രിയാണ്
പുഴയിൽ
ഞങ്ങള് മൂന്നും
അമ്മച്ചിടെ കയ്യും പിടിച്ചു നീന്തിയതും ,
അമ്മച്ചിയുടെ മുടി
ഒരു വലപോലെ പൊതിഞ്ഞതും
ഞങ്ങൾ
മീനുകളുടെ ചിറക് കെട്ടി ആകാശം തൊട്ടതും !

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here