പ്രിയപ്പെട്ട ഗാബോ

0
269

വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ്

 

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും ദൈനംദിന യാഥാര്‍ത്ഥ്യത്തോടു സങ്കലനംചെയ്ത മാജിക് റിയലിസം രീതിയിലാണ് താങ്കള്‍ എഴുതുന്നത്, ഉദാഹര­ണത്തിന് ഒരു പാതിരി ചോക്ലേറ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു താങ്ങുമില്ലാതെ ആകാശത്തേക്ക് ഉയരുന്നു. അതുകൊണ്ടു താങ്കളുടെ നോവലുകള്‍ക്കു നിത്യജീവിത­ത്തോടു എത്ര ബന്ധമുണ്ടെന്നു ചോദിച്ചുകൊണ്ടു നമുക്കു (ഈ കൂടിക്കാഴ്ച) ആരംഭിക്കാം.”

മാര്‍കേസ് മറുപടി നല്‍കി: “എന്റെ എല്ലാ ഗ്രന്ഥങ്ങ­ളിലുംവച്ചു ‘ഏകാന്തതയുടെ നൂറുവര്‍ഷ’ങ്ങളില്‍ ഓരോ വരിയും യാഥാര്‍ത്ഥ്യ­ത്തോടു ബന്ധപ്പെട്ടാണു തുടങ്ങുന്നത്. വായനക്കാര്‍ സത്യം നല്ലപോലെ മനസ്സിലാക്ക­ട്ടെയെന്നു കരുതി ഞാനവര്‍ക്കു വിപുലീക­രണകാചം നല്‍കുകയാണ്. ഞാനൊരു­ദാഹരണം തരട്ടെ.

എറേന്‍ഡിറ കഥയില്‍ ഉലീസസ്സ് എന്ന കഥാപാത്രം ഗ്ലാസ്സ് തൊടുന്ന സന്ദര്‍ഭങ്ങ­ളിലെല്ലാം അതിന്റെ നിറം മാറ്റുന്നുണ്ട് ഞാൻ. അതു സത്യമാകാന്‍ തരമില്ലല്ലോ. എന്നാല്‍ സ്നേഹത്തെ­ക്കുറിച്ചു വളരെയേറെ പറഞ്ഞു കഴിഞ്ഞ­തുകൊണ്ട് ഈ ബാലന്‍ സ്നേഹത്തില്‍ പെട്ടിരിക്കുക­യാണെന്നു തെളിയിക്കാന്‍ എനിക്കു നൂതനമായ ആവിഷ്കാരരീതി കണ്ടുപിടിക്കേ­ണ്ടിയിരുന്നു. അതിനാല്‍ ഗ്ലാസ്സിന്റെ നിറങ്ങള്‍ ഞാന്‍ മാറ്റിക്കൊ­ണ്ടിരുന്നു. കൂടാതെ അവന്റെ അമ്മയെക്കൊണ്ടു ഇങ്ങനെ പറയിക്കുകയും ചെയ്തു “സ്നേഹം കൊണ്ടു മാത്രമാണ് അവ സംഭവിക്കുന്നത് ” സ്നേഹത്തെക്കുറിച്ചു മുൻപ് എപ്പോഴും പറഞ്ഞിട്ടുള്ള­തിനെത്തന്നെ വേറൊരു­വിധത്തില്‍ പറയുന്നതാണ് എന്റെ മാര്‍ഗ്ഗം; അതെങ്ങനെ ജീവിതത്തെ തകിടം മറിക്കുന്നുവെന്ന്, അതെങ്ങനെ എല്ലാറ്റിനെയും തകിടം മറിക്കുന്നുവെന്ന്.”

കൂടിക്കാഴ്ച നടത്തിയ സ്ത്രീ വീണ്ടും ചോദിക്കുകയായി: “കഴിഞ്ഞ ഇരുപതു വര്‍ഷമായി ലാറ്റിനമേരിക്ക­യില്‍നിന്നു് മാജിക് റിയലിസ്റ്റ് നോവലുകളുടെ സ്ഫോടനം ഞങ്ങള്‍ കാണുകയാണ്. സത്യവും അതിസത്യവും അനിയന്ത്രി­തമായി കൂട്ടിക്കലര്‍ത്തുന്ന ഇതില്‍ പ്രവര്‍ത്തിക്കാന്‍ ലാറ്റിന്‍ ലോകത്തു എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു­ന്നതെന്താണ്?”

മാര്‍കേസ് മറുപടി പറഞ്ഞു: “ലാറ്റിനമേരിക്കന്‍ പരിതഃസ്ഥി­തികള്‍ അത്യത്ഭുതകര­മാണെന്നതു സ്പഷ്ടം. വിശേഷിച്ചും കരിബിയന്‍. കൊളമ്പിയയുടെ കരിബിയന്‍ ഭാഗത്തുനിന്നാണ് ഞാന്‍ വരുന്നത്. അത് വിചിത്രമായ സ്ഥലമാണ്. പര്‍വ്വതപ്ര­ദേശമായ അന്‍ഡീയന്‍ പ്രദേശത്തു നിന്നു അതു തികച്ചും വിഭിന്നമാണ്. കൊളമ്പിയന്‍ ചരിത്രത്തിലെ അധിനിവേശ കാലയളവില്‍ മാന്യരായി സ്വയം കരുതിയ­വരെല്ലാം ഉള്‍നാട്ടിലേക്ക് — ബോഗോറ്റാ­യിലേക്കു — പോയി. കടൽത്തീരത്ത് അവശേഷിക്കുന്നത് കൊള്ളക്കാര്‍ മാത്രം — നല്ല അര്‍ത്ഥത്തില്‍ കൊള്ളക്കാര്‍. പിന്നെ നര്‍ത്തകരും സാഹസികരും ഉല്ലാസമാര്‍ന്നവരും. സമുദ്രതീര­ത്തുള്ളവര്‍ കടല്‍ക്കൊള്ള­ക്കാരുടെയും കള്ളക്കടത്തു­കാരുടെയും പിന്‍തുടര്‍ച്ചക്കാ­രായിരുന്നു. കറുത്ത അടിമകളുടെ കലർപ്പുമുണ്ട്. ഇങ്ങനെയൊരു പരിതഃസ്ഥി­തിയില്‍ വളര്‍ന്നു­വരികയെന്നു പറഞ്ഞാല്‍ കവിതയെ­ക്കുറിച്ച് വിചിത്രത­രങ്ങളായ വിഭവകേ­ന്ദ്രങ്ങള്‍ ഉണ്ടാവുകയെ­ന്നാണര്‍ത്ഥം. കൂടാതെ കരിബിയനില്‍ എന്തു വിശ്വസിക്കുവാനും ഞങ്ങള്‍ക്കു കഴിയുമായിരുന്നു. കാരണം വിഭിന്നങ്ങളായ എല്ലാ സംസ്കാര­ങ്ങളുടെയും സ്വാധീനശക്തി ഞങ്ങളിലു­ണ്ടായിരുന്നു എന്നതാണ്. അവയോടു കത്തോലിക്കാ മതവും തദ്ദേശവിശ്വാസങ്ങളും കലര്‍ന്നിരുന്നു എന്നതും, പ്രത്യക്ഷ­സത്യത്തിനു അപ്പുറത്തു നോക്കുവാനുള്ള ഹൃദയ­വിശാലത അതു ഞങ്ങള്‍ക്കു തന്നുവെന്നാണ് എന്റെ വിചാരം.

ആരകാറ്റ­ക്കയിലെ ഒരു കരിബിയന്‍ ഗ്രാമത്തില്‍ വളര്‍ന്നുവന്ന ശിശുവെന്ന നിലയില്‍ കസേരകളെ നോട്ടംകൊ­ണ്ടുമാത്രം ചലനം കൊള്ളിക്കുന്ന ആളുകളുടെ അത്ഭുതകരങ്ങളായ കഥകള്‍ ഞാന്‍ കേള്‍ക്കു­കയുണ്ടായി. പശുക്കളുടെ രോഗങ്ങള്‍ ഭേദമാക്കാനായി അവയുടെ മുന്‍പില്‍നിന്നു വിരകളെ ഇല്ലാതാക്കുന്ന ഒരാളുണ്ടാ­യിരുന്നു ആരകാറ്റക്കയില്‍. അയാള്‍ പശുവിന്റെ മുന്‍പില്‍ നില്ക്കും. വിരകള്‍ പശുവിന്റെ തലയിലൂടെ പുറത്തുവരാന്‍ തുടങ്ങും. ഞാനതു ഒരിക്കല്‍ കണ്ട് എന്നതു സത്യമാണ്.

സ്ത്രീ വീണ്ടും ചോദിച്ചു: “താങ്കള്‍ എങ്ങനെയാണ് ഇതിനു സമാധാനം നല്‍കുന്നത്. മാര്‍കേസിന്റെ മറുപടി: “ഹാ, എനിക്കതിനു സമാധാനം നല്കാന്‍ കഴിയുമെങ്കില്‍ ഇത് ഞാന്‍ ഭവതിയോടു പറയുമായി­രുന്നില്ല. ശിശുവായിരുന്ന കാലത്ത് അതെനിക്ക് അത്ഭുത­കരമായി തോന്നി. ഇന്നും അത് അത്ഭുത­പ്പെടുത്തുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here