കവിത
മനോജ് കുമാർ പഴശ്ശി
കുറേക്കാലമായി
വേറിട്ടു കഴിഞ്ഞ ശേഷം
അവർ ഒന്നിച്ചു നിന്നു.
അതൊരു കോടതി മുറിയായിരുന്നു.
വന്നത് ആലോചിച്ചുറപ്പിച്ച
ഡൈവോഴ്സിനായിരുന്നു.
ഒരു മൂന്നു വയസ്സുകാരി
അമ്മയിൽ നിന്നൂർന്നിറങ്ങി
ദൂരേയ്ക്ക് ദൂരേയ്ക്ക് നടന്നു.
മുഖാവരണം ധരിച്ചതു പോലെ
നിശബ്ദമാക്കപ്പെട്ട വരാന്തയാണത്.
അത് മാർച്ച് 23 ന്റെ വൈകുന്നേരമായിരുന്നു.
ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ
അവൾക്കു മടക്കബസ് കിട്ടിയില്ല.
ശാരീരികമായ അടുപ്പത്തേക്കാൾ
മാനസികമായ അകലത്തോടെ
അയാളോടൊപ്പം മടങ്ങേണ്ടി വന്നു.
പുറത്തെ വിജനതയേക്കാൾ
വിരസമായിരുന്നു
അകത്തെ പൊറുക്കലും.
നോട്ടങ്ങൾക്കിടയിൽപ്പോലും
സാനിറ്ററൈസേഷൻ പ്രയോഗിക്കേണ്ടി വന്നു.
എന്നിട്ടെന്താ,
ലോക് ഡൗൺ പിൻവലിക്കുന്ന ദിവസം
നിരത്തിൽ വാഹനങ്ങൾ നിറയുന്നത്,
ജനം കൈവീശി നടക്കുന്നത്
അവരറിയുകയേയില്ല.
അവർക്കിടയിലൊരു മൂന്നു വയസ്സുകാരി
പൂ പോലെ ചിരിക്കുന്നുണ്ടാകുമല്ലോ
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.