കവിത
പ്രദീപ് പൊറ്റമ്മൽ
ഒറ്റരാത്രി കൊണ്ടാണ്
ഞാനും നീയും
ഐസലേഷനിലായത്,
പാതിമുറിഞ്ഞ മരണങ്ങൾ
കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിൽ
ശൂന്യതയുടെ പകർപ്പുകൾ
എത്ര പെട്ടന്നാണ് ഏകാന്തതയിലായത്….
അവളുടെ ഒറ്റപ്പായയിലേക്കു
പരിഭവം തളിക്കാനെത്തിയപ്പോഴേക്കും
പുറം ചായ്പ്പിൽ
ഒരു നോട്ടം മാത്രം
ബാക്കി വെച്ച്
ഏറെ നേരം ….
ശ്വാസം തികയാതെ ,
നിശ്ചലമായ ഗ്ലൂക്കോസ് കുപ്പികൾ
മരുന്നു മണത്തിന്റെ
ഒറ്റപ്പെടലുകളാണെന്നറിഞ്ഞിട്ടും,
അപ്പുറവും ഇപ്പുറവുമാകുകയാണ് നമ്മൾ ….
മുഖമില്ലാതായതിന്റെ
ഓർമ്മപ്പെടുത്തലുകളല്ല,
കരുതലിന്റെ,
പകർന്നാടാൻ ഇടം കൊടുക്കില്ലെന്നതിന്റെ –
യുറപ്പാണ്, ഈ “മൂകത ” ..
ഒരറ്റം ചുട്ടുപൊള്ളുമ്പോഴും,
മറുപുറം
അകൽച്ചയുടെ തലോടലിന്റെ
തണുപ്പു നിറയ്ക്കുന്നു…
തോറ്റു വീഴാത്ത
” മാലാഖമാർ ”
കൂട്ടുപിടിക്കാൻ,
തെരുവിൽ വയറു നിറയ്ക്കാൻ,
ഉറങ്ങാത്ത രാത്രികളിൽ
ഒറ്റപ്പെട്ടു പോകാതെ,
ഭൂപടത്തിന്റെയോരോയിടവും
ചൂട്ടു മിന്നുന്നു…
വിരൽ ചൂണ്ടുന്നത്,
നിന്നോടാണ്,
നിനക്ക് നേരെ മാത്രം,
രൂപമില്ലാതായി
നീ മറയും വരെ, നിനക്കു നേരെ
അദൃശ്യമായ നോട്ടങ്ങളും
ഏകാന്തതയും പൊരുതും…
ജനലഴികൾ കല്ലിച്ചു ക്ഷയിച്ചാലും
പുറത്തിട്ടടച്ച ചിരികൾ,
ഉള്ളിൽ നിറച്ച്
തലതാഴ്ത്തി മടങ്ങുന്ന
കൊറോണ തന്നെയാണ്
ശത്രു…
ഈ ഏകാന്തത
എന്റെയും നിന്റെയും
ചിരികൾ മാത്രമാണ്…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.