കാക്കിക്കുള്ളിലെ വേദന

0
265
athmaonline-ormmakkurippukal-aslam-mookkuthala-wp

ഓർമ്മക്കുറിപ്പുകൾ

അസ്ലം മൂക്കുതല

ഡിഗ്രി കഴിഞ്ഞ് പീ.ജി അഡ്മിഷന്റെ ആവശ്യത്തിനായി പ്രഭാതത്തിലെ മഞ്ഞിൽ പച്ചപ്പുകൾ നിറഞ്ഞ ചെറുമലകളും കാടുകളും താണ്ടി ആനവണ്ടിയിൽ ഞാനും എന്റെ കൂട്ടുകാരനും പത്തനംതിട്ടയിലെ കോന്നിയിലെത്തി. എന്നും ആനവണ്ടിയോടാണ് പ്രിയം. അന്നൊരു നോമ്പ് കാലമായിരുന്നു. ദീർഘയാത്രയായതുകൊണ്ട് അന്ന് നോമ്പെടുത്തിരുന്നില്ല. ബസ്സിറങ്ങിയ ശേഷം അടുത്തുള്ള ഒരു ഹോട്ടലിൽ രാവിലത്തെ ഭക്ഷണം അകത്താക്കി. ഭക്ഷണം കഴിച്ച ശേഷം ഓട്ടോയിൽ വീണ്ടും ചെറുകാടുകൾ താണ്ടി കോളേജിലേയ്ക്ക് യാത്ര. കോളേജിലെ പേപ്പറുകൾ ശരിയാക്കിയ ശേഷം ടൗണിലേയ്ക്ക് പോകാൻ വണ്ടി കിട്ടിയില്ല. ബസ്സുകളും ഓട്ടോയും കിട്ടാത്ത ഒഴിഞ്ഞ ചെറുകാടിനുള്ളില്ലായിരുന്നു കോളേജ്. തിരിച്ച് ടൗണിലേയ്ക്ക് പോകാൻ കാത്തു നിൽക്കുമ്പോൾ ആരെയൊ വഹിച്ച് കൊണ്ട് ഒരു ഓട്ടോ പോകാനൊരുങ്ങുന്നുണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരനും വേഗം ഓട്ടോയുടെ അടുത്തേയ്ക്ക് ഓടി. ഓട്ടോയിൽ ഒരു കണ്ണട വെച്ച മധ്യവയസ്സൻ ഞങ്ങളെ കണ്ടപ്പോൾ പുറത്തേയ്ക്കിറങ്ങി എന്നിട്ട് ഞങ്ങളോട് ഓട്ടോയിൽ കയറാൻ പറഞ്ഞു. ഞങ്ങളും അയാളും ഓട്ടോയിൽ ടൗണിലേയ്ക്ക് യാത്ര തുടർന്നു. നാട്ടിലേയ്ക്കുള്ള ബസ്സിന്റെ സമയമറിയാൻ ഞാൻ ആ മധ്യവയസ്സനോട് ചോദിച്ചു. അയാൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു

“നിങ്ങളെ ഞാൻ ബസ്സ് കയറ്റി തരണ്ട്ട്ടോ ”

ഞങ്ങൾ ടൗണിലെത്തി.ഓട്ടോയിൽ നിന്ന് ഇറങ്ങിയ ശേഷം ഓട്ടോ ഡ്രൈവരോട് എത്രയായി എന്ന് ഞാൻ ചോദിച്ചു. ഓട്ടോക്കാരൻ പറഞ്ഞു

“120 രൂപ”

ഓട്ടോക്കാരനു വേണ്ടി എന്റെ പോക്കറ്റിൽ കാത്തിരുന്ന 120 രൂപ ഞാൻ പുറത്തേയ്ക്ക് എടുക്കുന്നതിനു മുമ്പ് ആ മധ്യവയസ്സൻ ഞങ്ങളുടെയും പൈസ കൊടുത്തു കഴിഞ്ഞു. എവിടെയൊ നിന്ന് വന്ന അയാൾ ബസ്സ് കയറ്റി തരാമെന്നു പറയുകയും ഞങ്ങടെ ഓട്ടോയുടെ പണം കൊടുക്കുന്നതും കണ്ട് അത്ഭുതം തോന്നി. ഓട്ടോയിൽ നിന്ന് ഇറങ്ങിയ ശേഷം കോഫിയുടെ ഗന്ധം എന്നെ വല്ലാതെ കൊതിപ്പിച്ചു. ഞാനും കൂട്ടുകാരനും ആ മധ്യവയസ്സനെയുംകൂട്ടി എന്നെ കാത്തിരിക്കുന്ന കോഫി ഷോപ്പിലേയ്ക്ക് നടന്നു. മുന്നിൽ കണ്ട ടേബിളിന് ചുറ്റും ഞങ്ങളിരുന്നു. കോഫിയോടുകൂടി ഞങ്ങൾ സംഭാഷണത്തിന് തുടക്കമിട്ടു. അയാൾ പറഞ്ഞ് തുടങ്ങി

“ഞാനൊരു റിട്ടയർഡ് എസ്.ഐ ആണ്. കൂടുതൽ കാലം കോഴിക്കോട് സിറ്റി സ്‌റ്റേഷനിലായിരുന്നു. എന്റെ ഇഷ്ട സ്‌റ്റേഷൻ.”

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഇഷ്ടം എനിക്ക് അയാളോട് തോന്നി കാരണം റിട്ടയർഡ് പോലീസുകാരന്റെ ഉള്ളിലെ മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ മുന്നിൽ അയാൾ പച്ച മനുഷ്യനായിട്ടിരിക്കുന്നു. സംസാരങ്ങൾക്കിടയിൽ കോഫിയുടെ ബിൽ വന്നു. റിട്ടയർഡ് എസ്.ഐ പൈസ കൊടുക്കാനൊരുങ്ങി പക്ഷെ ഞാൻ അയാളുടെ കൈ തടഞ്ഞ് പിടിച്ച് എന്റെ കയ്യിലുണ്ടായിരുന്ന പൈസ കൊടുത്തു. പിന്നീട് ഞങ്ങൾ സ്റ്റാന്റിലോട്ട് നടന്നു. അയാളുടെ സർവീസിലുള്ള അനുഭവം അറിയാൻ വല്ലാത്ത ആഗ്രഹം തോന്നി. ഞങ്ങൾ ബസ്സിനായി കാത്തിരുന്നു. കാത്തിരിപ്പിനിടയിൽ ഞാൻ അനുഭവങ്ങൾ ചോദിച്ചു. റിട്ടയർട് എസ്.ഐ പുഞ്ചിരികൾ മുഖത്ത് വിടർത്തി ഓർമകളിലേയ്ക്ക് യാത്ര തിരിച്ചു

“എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് 31 വർഷത്തെ സർവീസ് ജീവിതമാണ്. അത് മറക്കാൻ പറ്റില്ലാട്ടോ…. ജനങ്ങൾക്കിടയിലെ യാത്ര.”

പിന്നീട് അയാൾ മെല്ലെ കുടുംബത്തെ കുറിച്ച് പറയാൻ തുടങ്ങി

” എന്റെ ഭാര്യ മെഡിക്കൽ ഷോപ്പിലാണ് ജോലി ചെയ്യുന്നത്. മകൾ കല്യാണം കഴിഞ്ഞ് സന്തോഷത്തോടെ കഴിയുന്നു. മകന്റെ അഡ്മിഷനു വേണ്ടിയാണ് ഞാൻ കോന്നിയിൽ വന്നത്. ”

അയാൾ പറയുന്നത് ഞങ്ങൾ കേട്ട് കൊണ്ടിരുന്നു. ഞങ്ങൾ മാത്രമല്ല ആകാശത്ത് മഴയായി പെയ്യാൻ കാത്ത് നിൽക്കുന്ന കാർമേഘങ്ങളും പ്രക്യതിയും കേട്ടിരുന്നു. ഞങ്ങൾക്ക് പോകാനുള്ള ബസ്സ് എത്തി. ഞാനും റിട്ടയർഡ് എസ്.ഐയും ബസ്സിൽ കയറി. അയാൾ കണ്ടക്ടർക്ക് നേരെ ടിക്കറ്റിന്റെ പൈസ നീട്ടി കൂടെ ഞങ്ങളുടെയും. അയാളുടെ ഓരോ പ്രവൃത്തിയും എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തി. അയാളുടെ ജീവിതത്തിൽ അയാൾ സംതൃപ്തനാണ് എന്ന് തോന്നി പോവും. അയാൾ ഒരു പക്ഷേ ജീവിതത്തിൽ പോലീസുകാരൻ എന്നതിലപ്പുറം ഒരു മനുഷ്യനായിട്ടായിരിക്കും ജീവിച്ചിട്ടുണ്ടാവുക. പത്തനംതിട്ട സ്റ്റാന്റിലെത്തിയപ്പോഴും അയാൾ ഞങ്ങളെ വിട്ടു പോയില്ല. ഞങ്ങളെ ബസ്സ് കയറ്റിവിട്ട ശേഷം പൊക്കോളാം പറഞ്ഞ് അയാൾ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങൾ പോകേണ്ട സ്ഥലങ്ങളെപ്പറ്റി അയാൾ പറഞ്ഞ് തന്നു.

പിന്നീട് അയാളുടെ നാവിൽ നിന്ന് വന്നത് വേദനിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളായിരുന്നു. അയാൾ വാടിയ പുഞ്ചിരിയോടെ പറഞ്ഞ് തുടങ്ങി

” ഞാൻ റിട്ടയർഡ് ആയിട്ട് 4 വർഷമായി. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാത്ത ജീവിതമായിരുന്നു റിട്ടയർഡിനു ശേഷം.”

ഇതെല്ലാം കേട്ടപ്പോൾ മനസ്സൊന്ന് പതറി കാരണം സമൂഹത്തിൽ ഏറ്റവും കൂടുതൽ മാനിക്കുന്ന മനുഷ്യൻ്റെ വേദനിക്കുന്ന ജീവിതമെന്ന് പറയുന്നത് റിട്ടയർഡിനുശേഷമാണ് എന്ന് തോന്നിപോകും. അയാളുടെ സംസാരം കേൾക്കാൻ ഞാൻ എന്റെ രണ്ട് ചെവികളെ ഒരുക്കി വെച്ചു.

” കുടുംബത്തിനു വേണ്ടി ഒരു ആയുസ്സ് കാലം തീർത്ത് വീട്ടിലെത്തിയപ്പോൾ എനിക്കായി കാത്തിരിക്കാൻ ആരുമില്ല. കൂടെയിരുന്ന് സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞ് തീർക്കാൻ ആരുമില്ലാണ്ടായി പോയി. ”

ഞാൻ ചോദിച്ചു ” ഭാര്യയും മക്കളും കൂടെയില്ലെ”.

അയാൾ പറഞ്ഞു

” രാവിലെയായാൽ എനിക്കുള്ള ഭക്ഷണം തയ്യാറാക്കി ഭാര്യ ജോലിക്ക് പോകും. മകൾ ഭർത്താവിന്റെ വീട്ടിലാണ്. മകൻ കൂട്ടുകാരെയുമൊത്ത് കറങ്ങാൻ പോകും. എനിക്ക് കഥകൾ പറയാനാരുമില്ല. മറ്റു നാടുകളിൽ സർവീസിലായതുകൊണ്ട് നാട്ടുക്കാരോട് അടുപ്പം കുറവാണ്. മക്കൾക്ക് വേണ്ടി ജോലിയെടുത്ത് വളർത്തി വലുതാക്കിയ ഞാൻ കാലാവധി കഴിഞ്ഞ ഒരു യന്ത്രമാണ്. മകൾക്ക് പഠിക്കാനായി 25 ലക്ഷം രൂപ ലോണെടുത്തു. മകൾക്ക് ജോലി കിട്ടിയില്ല. പ്രായമായപ്പോൾ കെട്ടിച്ചയച്ചു. കടങ്ങളെല്ലാം കുമിഞ്ഞ് കൂടി. കിട്ടിയ ശമ്പളവും പെൻഷനുംകൊണ്ട് കടം അടച്ച് തീർത്തു.”

ഓരോ ബസ്സുകളും അയാളുടെ വിഷമത്തിലേയ്ക്ക് ഒരു എത്തിനോട്ടമായി സ്റ്റാന്റ്ലോട്ട് വന്നു പോയി. അയാൾ തന്റെ കണ്ണട ഊരി. നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വേദനയുടെ വിയർപ്പിനെ ടവലുകൊണ്ട് തുടച്ച് മാറ്റി. അയാളോട് എന്ത് പറയണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ജീവിതത്തിൽ സ്നേഹിക്കാൻ ആരുമില്ല എന്നു തോന്നുമ്പോൾ അയാൾ തന്നെ സ്നേഹിക്കുന്ന കോഴിക്കോട്ടുക്കാരെ കാണാൻ ഇടയ്ക്ക് യാത്ര പോകും. ആയുസ്സ്ക്കാലം കുടുംബത്തിനു വേണ്ടി ജീവിക്കുമ്പോൾ അയാളൊരു യന്ത്രമായി മാറുമെന്ന് അയാൾ വിചാരിച്ചിട്ടുണ്ടാവില്ല. സമൂഹത്തിൽ പോലീസുകാരനായിരുന്നെങ്കിലും വേദനിക്കുന്ന മനുഷ്യനാണ് അയാൾ. തന്റെ മക്കളും ഭാര്യയും അയാൾക്ക് വേണ്ടി ജീവിച്ചിരുന്നെങ്കിൽ അയാൾ എത്ര സന്തോഷിക്കുമായിരുന്നു. പ്രായം അയാളെ വല്ലാതെ തളർത്തി കൊണ്ടിരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിക്കാനുള്ള കൊതി അയാളിൽ നിറഞ്ഞ് കവിയുന്നുണ്ടായിരുന്നു. പ്രകൃതിയിൽ വീശിയ തണുപ്പ് കാറ്റ് അയാളെ തലോടി. എന്റെ മനസ്സ് എന്നോടായി പറഞ്ഞു…

“ഡാ, ഇതാടാ ആരും തിരിച്ചറിയാത്ത വലിയ നിലയിലുള്ള വേദനിക്കുന്ന ജീവിതങ്ങൾ ”

അയാൾ പോക്കറ്റിൽ നിന്ന് ഒരു പേപ്പറും പേനയുമെടുത്ത് എന്റെ പേരും നമ്പറും കുറിച്ച് വെച്ചു. എനിക്ക് കൈ തന്നു കൊണ്ട് അയാൾ പറഞ്ഞു

” എന്നെ മറക്കരുത്, ഇനി കോഴിക്കോട് വരുമ്പോൾ വിളിക്കാം”

എന്നിട്ട് ഞങ്ങൾക്ക് പോകേണ്ട ബസ്സിൽ ഞങ്ങൾ കയറി. അയാൾ ഞങ്ങളെയും നോക്കി അയാൾക്ക് പോകേണ്ട ബസ്സിൽ കയറി. വേദനിക്കുന്ന മനസ്സുമായി അയാൾ യാത്ര തുടർന്നു. വിഷമങ്ങൾ താണ്ടി ഇളം കാറ്റുകൾ എന്നെ തേടിയെത്തി. യാത്രയിലെ തണുപ്പ് കാറ്റുകൾ എന്നെ തലോടിക്കൊണ്ടിരുന്നു. യാത്രയ്ക്ക് അവസാനമിട്ട്, ഞാൻ വീട്ടിലെത്തി. രണ്ട് ദിവസത്തിനു ശേഷം അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നു.ഞാൻ ഫോണെടുത്ത് സംസാരിക്കാൻ തുടങ്ങി.ശബ്ദം വല്ലാതെ ഞെട്ടിച്ചു.ആ റിട്ടയർട് പോലീസുക്കാരൻ്റെ വിളിയായിരുന്നു അത്. അദ്ദേഹം എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു തിരിച്ച് ഞാനും. മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.

സമൂഹത്തിൽ പലരുടേയും ധാരണ കാക്കിയിട്ട ചിലർ എല്ലാം തികഞ്ഞവർ എന്നാണ്. പക്ഷെ അവരുടെ ഉള്ളിലെ വേദന ആരും തിരിച്ചറിയാറില്ല. അവരുടെയുള്ളിൽ വേദനിക്കുന്ന മനസ്സുള്ള മനുഷ്യരുണ്ട്. ആ മനുഷ്യരെയാണ് നാം ബഹുമാനിക്കേണ്ടത് മറിച്ച് കാക്കിയിട്ട വസ്ത്രത്തെയല്ല…

മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾ, കണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു

മെയിൽeditor@athmaonline.in, WhtatsApp : 8078816827

LEAVE A REPLY

Please enter your comment!
Please enter your name here