സമീർ പിലാക്കൽ
മണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം..
ഈ ശൈത്യത്തിലും
അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്..
ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള
ചോരയുടെ ചൂടുകൊണ്ടായിരിക്കാം..
ആ മണ്ണൊന്ന് കാതടിപ്പിച്ച് നോക്കൂ..
പൂർവികരുടെ പോരാട്ടത്തിന്റെ
കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…
ക്ഷമാപണത്തിന്റെയും
സംയമനത്തിന്റെയും ഭാഷയില്ലാത്ത
മിമ്പറിന്റെ ധ്വനികൾ കേൾക്കാം..
ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും
ഗർജനം കേൾക്കാം..
ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു
പടക്കളത്തിലേക്കയച്ച
ഉമ്മമാരുടെ സീറാപാരായണം ശ്രദ്ധിക്കാം.
പടക്കളത്തിലേക്ക് വിളിച്ച ഈണമുള്ള
മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ട്
നിങ്ങളുടെ കാതിനെ വരിച്ചേക്കാം..
ആ മണ്ണൊന്ന് മണത്ത് നോക്കൂ..
നെഞ്ചിൽ വെടിയേറ്റ നാനൂറ് പേരുടെ
രക്തസാക്ഷിത്വത്തിന്റെ മണം
നിങ്ങളുടെ മൂർദ്ധാവിനെ
പോരാട്ടത്തിന്റെ ഉന്മാദത്തിലെത്തിക്കും,
എല്ലാം കത്തിച്ചാമ്പാലാക്കിയിട്ടും കനലായി കിടക്കുന്ന
ഒരു തലമുറയുടെ പോരാട്ടത്തിന്റെ ശിഷ്ട്ടം
നിങ്ങളെ വീണ്ടുമാ മണ്ണിലേക്ക് പോരാട്ടത്തിന് വിളിക്കുമായിരിക്കും…
അവിടെ പുതിയ അതിജീവനം സാധ്യമായേക്കും
വരൂ… മണ്ണിലിറങ്ങൂ.. പോരാടൂ..
വാരിയൻ കുന്നത്തും അലിമുസ്ലിയാരും 1921 ഉം വാഗണും കേട്ട്
ഇന്നും ഞെട്ടിവിറക്കുന്നതാരാണ്..
ഉപ്പൂപ്പമാരുടെ തഴമ്പുള്ള കഥകൾ പറഞ്ഞു വീമ്പിളിക്കാതെ
അതിന്റെ തുടർച്ചയാവൂ..
നേർച്ചകളിലും ഭണ്ഡാരപ്പെട്ടികളിലും
വീമ്പിളക്കലിലും മാത്രം
അനാഥമാക്കപ്പെട്ട രക്ഷസാക്ഷിത്വമാവാതിരിക്കട്ടെ..
ഇന്നലെയുടെ ധീരതയുടെ കഥകൾ ആവർത്തിക്കട്ടെ..
കഴിഞ്ഞ കാലത്തിനോടുള്ള കാവ്യനീതിയാണതെന്ന് ഓർമിപ്പിക്കട്ടെ
ഒന്ന് ഓർമിപ്പിക്കുന്നു..
ആലിമുസ്ലിയാരും വാരിയൻ കുന്നത്തും വാഗണും
1921 ഉം ഇന്നും നമ്മുടെ വസന്തങ്ങളാണ്.
നീതിനിഷേധിക്കപ്പെട്ടവരുടെ പോരാട്ടങ്ങളുടെ
ചക്രവാളങ്ങളിലത് വസന്തത്തിന്റെ ഇടിമുഴക്കമാണ്..