ഡയറികൾ ഒത്തു നോക്കുമ്പോൾ

0
249
cheema-anne-frank

ചീമ

ഞാൻ അവിടെയെത്തുമ്പോൾ
അവരെല്ലാം രേഖകൾ തേടിയുള്ള
ഓട്ടത്തിനിടയിലായിരുന്നു.
ഓടിയിട്ടുമോടിയിട്ടും ഒന്നുമേ –
കണ്ടെത്താനാവാത്തവർ
കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക്
കീഴടങ്ങുന്നതിനായി നടക്കുന്നു.
വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.

ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്.
എവിടെ നോക്കിയാലും ശവങ്ങൾ മാത്രം,
ചോരയുടെ നാറിയ മണം.
ആരുടെയൊക്കെയോ നാവുകളെ

അറുത്തുമാറ്റി വഴികളിലെല്ലാം
ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്.
ഒരു കാലത്ത് ഇവിടെ നാവുള്ളവർ
ജീവിച്ചിരുന്നുവെന്ന തെളിവിനാണിത്.
കവലകളിലെല്ലാം കൈപ്പത്തികൾ
വെട്ടി കെട്ടി തൂക്കിയിരിക്കുന്നു.
ഇനിയൊരു വിരൽ പോലു-
മവരുടെ നേർക്ക് ചൂണ്ടാതിരിക്കു-
വാനുള്ള മുൻകരുതൽ.

ആൻഫ്രാങ്ക് ആൻഫ്രാങ്ക്,
പിറകിൽ നിന്നു പതുക്കെ
വളരെ ചെറിയ ശബ്ദത്തിൽ
തട്ടമിട്ടൊരു പെൺകുട്ടിയെന്നെ
തോണ്ടി വിളിക്കുന്നു.
അവളെന്നെ അവരുടെ
ഒളിതാവളത്തിലേക്കാണ്

കൊണ്ടു പോകുന്നത്.
അവിടെയെല്ലാവരുടെയും കണ്ണുകളിൽ
മരണഭയം കലങ്ങിയിരിക്കുന്നു.
വായുവിന് ടിയർഗ്യാസിന്റെ മണം.
പലരുടെയും ശരീരത്തിൽ
ലാത്തി വീശിയ പാടുകൾ.

ഒരു ഭാഗത്ത് കുറേ പേർ കൂടി നിന്ന്
ഒരാളെ പുറത്തേക്കിറക്കാൻ
ധൃതിയിൽ ഒരുക്കുകയാണ്.

ഭസ്മം പൂശി കാവിയുടുപ്പിച്ച്
മാർക്കറ്റിലേക്കാണ് വിടുന്നത്.
അവർക്ക് വസ്ത്രം കൊണ്ട്
ആളുകളെ മനസ്സിലാക്കാനുള്ള
ദിവ്യദൃഷ്ടിയുള്ളത് മറക്കരുതല്ലോ.

ആൻഫ്രാങ്ക് ഇങ്ങോട്ടു വരൂ…
ദാ ഇത് കണ്ടോ?
ഇതെന്റെ ഡയറിക്കുറിപ്പുകളാണ്
വാക്കുകളെ കൊല്ലുന്നവർ കാണാതെ
ഒളിച്ചൊളിച്ച് എഴുതിവെച്ചത്,
വാക്കുകളെ അവർക്ക് പേടിയാണ്.
ഒരു കാലത്ത് ഉണ്ടായിരുന്ന ഇൻറർനെറ്റിനെ
ദൂരെവിടെയോ മതിൽ കെട്ടിയൊതുക്കി-
യതുമത് കൊണ്ടാണല്ലോ!

പ്രിയപ്പെട്ടവളേ ആൻഫ്രാങ്ക്
നാട് കടത്തപ്പെടും മുന്നേ
തടവിലാകും മുന്നേ
നിന്റെയുമെന്റെയും ഡയറികൾ
എനിക്കൊന്നൊത്തു നോക്കണം.
രണ്ട് ഡയറികൾക്കും ഒരേ മണം,
രക്തത്തിന്റെ കറപ്പാടുകൾ,
ഒളിച്ചുവെച്ചെഴുതിയ ഒടിഞ്ഞ വാക്കുകൾ.
ജൂതനെന്നും ഇസ്ലാമെന്നും
ആദ്യ വ്യത്യാസം അടയാളപ്പെടുത്തി.
ഹിറ്റ്ലറെന്നും മോദിയെന്നും
രണ്ടാമത്തെ വ്യത്യാസവും.

അവസാന പുറവും വായിച്ചു കഴിഞ്ഞു
ഡയറി മടക്കിയിട്ടും പേരിനു പോലും
മറ്റൊരു വ്യത്യാസവും കാണാതായപ്പോഴാണ്
തിരിച്ചറിവുണ്ടാവുന്നത്.
പറയത്തക്ക വ്യത്യാസമൊന്നുമേ
പറയാനുണ്ടായിരുന്നില്ലല്ലോ!

LEAVE A REPLY

Please enter your comment!
Please enter your name here