മുടിയന്തിരാക്കണേര്

0
651
Malavettuva-gothrabhasha-kavitha-Raji Rakhavan-athmaonline-the-arteria

മലവേട്ടുവഗോത്രഭാഷാ കവിത

രാജി രാഘവൻ

ഏര് നാട് മുടിയന്തിരാക്കും
നമ്മക്ക് കഞ്ഞി ഇല്ലെങ്കില്
ഏരിക്കെന്തനാ.
അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും
നമ്മട മക്കക്ക് ഒന്തു അറിയേലെ
ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.

പെരക്കം കഞ്ഞിണ്ടണ് നോക്കേലെ
പുത്തകം പടിക്കേലെ ,
പിന്നെന്തനാ,
മണ്ണി കിളക്ക്ണ പണി കിട്ടുമാ ഇനീത്ത കാലത്ത്.
പുത്തെകടത്ത് പടിക്കുണു.
ഇനീല്ല കാലത്ത് ചീവിക്കണെങ്കി പടിക്കണും.

വെല്യേര് പറഞ്ചാ മക്ക കേക്കുമാ
ഏരിക്കേര്ടെ വയ്യ്
അന്യേര് പറയ്ണത്ങ്ക് തുള്ളും.
മക്കക്ക് എന്തന വേണ്ടിയെ
ഏര്ടെ ഇട്ടത്ത്ങ്ക് ഏര്ടെ പോക്ക്.
നിങ്ക പടിച്ചാ നിങ്കക്ക് നല്ലെത്
കൊടി പിടിച്ച് നടന്താ കാര്യെല്ലെ
കാര്യം കാണുവാ ഏരെല്ലാ വെരു

നമ്മടെ കൈക്ക് മചി തേച്ചാ
പിന്നേര് നമ്മള കാണേലെ
കണ്ടാലും തിരിഞ്ചു പോകു.
ഏര് മാറേലെ നമ്മ മാറ്ണു.
നമ്മടെ നല്ലെയിങ്ക്.
ഏര്ടെ മക്ക പടിക്കു.
കറങ്ങ്ണ പങ്കരെ ചോട്ടില് കാറ്റ് കൊണ്ടിരിക്കു.
നമ്മടെ മക്ക വെയിലത്ത് തൊള്ള തൊറക്കും.
വരത്തം വന്താ നമ്മക്ക് നമ്മടെ
ടോട്ടറ് ഇണ്ടെങ്കി നല്ലതില്ലീ.
നമ്മടെ ടോട്ടറും,കലട്ടറും ,
വേണു.
ഏര്ടെ മക്കളപ്പോലെ നിങ്കളും
പടിക്കുണു…………………

മലയാള പരിഭാഷ: പ്രകാശ് ചെന്തളം

അവർ ഈ നാട്
മുടിക്കും.
ആദിമക്കളുടെ വിലാപങ്ങൾ കാണില്ല.
ഒരു പിടി വറ്റില്ലെങ്കിൽ അവർക്ക്‌ എന്താ
എല്ലാം കൺകെട്ടാണ്‌.

കടന്നു പോകെ അഞ്ചു
വർഷം കഴിഞ്ഞ് പിന്നെയും
അവർ വരും
കണാത്ത ഊര് തേടി
ആദി മക്കൾ ഒന്നും
അറിയുന്നതില്ല.
അവരുടെ കപടവാക്കുകളിൽ
വീണിരിക്കുന്നു
ആദി മക്കൾ.

സ്വന്തം കൂരയിൽ അന്നത്തിന് വകയുണ്ടോ
എന്ന് പോലുമേ നോക്കിടാതെ
പുസ്തകതാളുകൾ
മറിച്ചു നോക്കാതെ
കപട വാക്കുകളിൽ
അങ്ങനെ…………
അച്ഛൻ കിളച്ച മണ്ണിൽ ഇനി
കിളച്ചുമറിക്കൽ ഉണ്ടാവില്ല.
ഇനി വരുന്ന കാലം
അറിവു നേടണം, പഠിക്കണം
അറിവ് ആയുധമാക്കണം.
മൂത്തൊര് ചൊല്ലും മുതുനെല്ലിക്ക
ആദ്യം കയ്ക്കും പിന്നെ മധുരിക്കും
ഒരു പാഠമാണത്രേ.
മറ്റുള്ളവരുടെ വാക്കിനു പിന്നാലെ പാഞ്ഞ്
സ്വയം തിരഞ്ഞ വഴികളിലൂടെ അവർ സഞ്ചരിക്കും.

ആദി മക്കൾ പഠിക്കണം.
അറിവാണു മുഖ്യം.
സകലരും
കൊടിക്കു പിന്നാലെ പാഞ്ഞ്
അർത്ഥമില്ലാത്ത ഒരു
പോക്കാണ്.

കാര്യം കാണാൻ അവർ കുതന്ത്രങ്ങൾ പലതും പയറ്റും
നിങ്ങൾ അതിൽ വീഴാതിരിക്കുക.
വോട്ട് അടുക്കുമ്പോൾ കാണും
പിന്നെ കാണില്ല.
ഈ വഴികളിൽ .

കണ്ടാലും മുഖം തിരിഞ്ഞ്, മുഖം തരാത്ത മട്ട് അവർ പോകും.
നാട് നീങ്ങിയാലും അവർ മാറില്ല
നാം മാറണം നമ്മുടെ വഴിയിൽ.
അവരുടെ മക്കൾ
പഠിച്ചു വളരുന്നു.
കറങ്ങുന്ന കസേരയിൽ
ഫാൻ ചുവട്ടിൽ അങ്ങനെ……

ആദിമക്കൾ കനലെരിയും വെയിലിൽ
കിതപ്പു ചൂടി അങ്ങനെ….
മാറ്റത്തിനു വേണ്ടി,
മാറണം
നാളെയുടെ ഒരു
ഡോക്ടർ, കലക്ടർ
പിറക്കണം.
ഈ ആദിമണ്ണിൽ.
അവരുടെ ചിന്തകൾക്കപ്പുറം
നാം ചിന്തിക്കണം.

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here