Letters to Milena by Franz Kafka

0
276

വിവർത്തനം : സനൽ ഹരിദാസ്

കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം
മനുഷ്യനെങ്ങനെയാവും ലഭിച്ചത്?
ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും
അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും.
മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്.
കത്തുകൾ കുറിക്കുകയെന്നാൽ
അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന
പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം.
കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല.
വഴിനീളെ അവ പ്രേതദാഹത്തിന് പാത്രമായിത്തീരുന്നു.


പ്രിയ മിലേനാ,
ലോകം നാളെ അവസാനിച്ചിരുന്നുവെങ്കിൽ
എന്നു ഞാനാഗ്രഹിക്കുന്നു.
എങ്കിൽ അടുത്ത ട്രെയിൻ കയറി,
വിയന്നയിലെ നിന്റെ വാതിൽപ്പടിയിൽ എനിക്കു വന്നു നിൽക്കാമായിരുന്നു.

“എനിക്കൊപ്പം വരൂ മിലേനാ.
തടസ്സങ്ങളോ ഭയമോ നിയന്ത്രണങ്ങളോ ഇല്ലാതെ
നാം പരസ്പരം പ്രണയിക്കാൻ പോകുന്നു.
കാരണം ലോകം നാളെ അവസാനിക്കുകയാണല്ലോ”
എന്നെനിക്ക് പറയാമായിരുന്നു.

നമുക്കിനിയും സമയമുണ്ടെന്ന ചിന്തയാൽ
നാം ചിലപ്പോൾ യുക്തിരഹിതമായി പ്രണയിക്കില്ല.
അല്ലെങ്കിൽ സമയം കണക്കിലെടുക്കേണ്ട ഒന്നുമാവാം.
പക്ഷേ നമുക്കു മുൻപിൽ സമയമില്ലെങ്കിലെന്താവും?
അല്ലെങ്കിൽ, നമുക്കറിയാവുന്നതു പോലെ സമയം അപ്രസക്തമാണെങ്കിലോ?
ആഹ്, ലോകം നാളെ അവസാനിക്കുകയാണെങ്കിൽ മാത്രം.
എങ്കിൽ നമുക്ക് വളരെയേറെ പരസ്പരം സഹായിക്കാനായേക്കും.


ഞാൻ എന്നുള്ളിലേക്കു തിരിച്ചുവച്ച കത്തിമുനയാണ് നീ.
അതാണ് പ്രണയം.
അതാണെന്റെ പ്രിയേ പ്രണയം.


നീ നിന്റെ പ്രവർത്തികളിൽ മുഖം പൂഴ്ത്തിയിരിക്കുന്നതു ഞാൻ കാണുന്നു.
നിന്റെ കഴുത്ത് നഗ്നമാണ്.
ഞാൻ നിന്റെ പുറകിൽ നിൽക്കുകയുമാണ്.
പക്ഷേ നീയതറിയുന്നില്ല.
എന്റെ ചുണ്ടുകൾ നിന്റെ പിൻകഴുത്തിൽ
അമരുന്നതായി തോന്നിയാൽ ദയവായി ഭയപ്പെടാതിരിക്കുക.
ഞാൻ ഉമ്മവക്കാനുദ്ദേശിക്കുന്നില്ല.
ഇത് നിസ്സഹായമായ സ്നേഹം മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here