കാട്ടുമരുന്നുകളുടെ കാവലാളിന് രാഷ്ട്രത്തിന്റെ അംഗീകാരം

0
597

ആദിവാസി ഗോത്രസംസ്‌കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന പച്ചിലമരുന്നുകളുടെ കാവലാളിന് ഒടുവില്‍ പത്മശ്രീ പുരസ്‌കാരത്തിലൂടെ ആദരം. വനത്തിനു നടുവില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ താമസിച്ച് ചികിത്സ നടത്തുന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തിലെ പുരസ്‌കാര പ്രഖ്യാപനത്തില്‍ നാട്ടു വൈദ്യം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

ലക്ഷ്മിക്കുട്ടിയുടെ നാട്ടറിവുകളെപ്പറ്റി ‘മാതൃഭൂമി’ മുമ്പ് ‘പ്രകാശം പരത്തുന്നു ഈ വനമുത്തശ്ശി’ എന്നപേരില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സാരംഗത്തെ മികവിനു പുറമേ ഇടക്കിടെ ഫോക്ക്‌ലോര്‍ അക്കാഡമിയില്‍ ക്ലാസെടുക്കുന്ന അധ്യാപികയായും നിരവധി ലേഖനങ്ങളുടെ എഴുത്തുകാരിയായും ഇവര്‍ ശ്രദ്ധേയയായി. സസ്യ ശാസ്ത്രഗവേഷകര്‍ക്ക് വഴികാട്ടിയായ ലക്ഷ്മിക്കുട്ടി, നാല്‍പ്പതോളം കവിതകളുടെ രചയിതാവുമാണ് . ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്പോഴാണ് കൗതുകം.

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ മുത്തശ്ശിയെത്തേടി മലകയറി കാട്ടുവഴികള്‍ താണ്ടി രോഗികളും ഗവേഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. പൊന്മുടി റോഡില്‍ നിന്നും നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലക്ഷ്മിക്കുട്ടിയുടെ സ്വന്തം കാടായി. 1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്‌ന പുരസ്‌കാരം’ ലക്ഷ്മിയെ തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നു.

(കടപ്പാട് : മാതൃഭൂമി)

LEAVE A REPLY

Please enter your comment!
Please enter your name here