കുത്തിയോട്ടം ക്രൂരതയാണ്

0
603

ജിനേഷ് പി. എസ്സ്

സതി എന്നൊരാചാരം ഉണ്ടായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ ഭാര്യയും ചിതയിൽ ചാടി മരിക്കണമെന്ന ആചാരം. നിർത്തലാക്കാൻ വേണ്ടി സാമൂഹ്യപരിഷ്കർത്താക്കൾ നിരന്തരം പരിശ്രമിച്ചിരുന്നു. ദൈവ-മത വിശ്വാസത്തിന്റെ ഭാഗമായ ദുരാചാര പ്രോത്സാഹകർ ശക്തിയുക്തം എതിർത്തിരുന്നു.

ചിതയിൽ ചാടാനുള്ള സ്ത്രീകളുടെ തീരുമാനമെടുക്കാനുള്ള അവകാശത്തിൽ കൈകടത്താൻ പാടില്ല എന്നതായിരുന്നു പ്രധാന എതിർപ്പ്.

ആറ്റുകാൽ നടക്കുന്ന രണ്ട് ആചാരങ്ങളുണ്ട്. കുത്തിയോട്ടവും പൊങ്കാലയും.

14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ ഏഴു ദിവസം വീട്ടിൽ പോകാതെ അമ്പലത്തിൽ താമസിക്കണം. രാത്രി അമ്പലത്തിനുള്ളിൽ വെറും പായയിൽ ഉറക്കം. അമ്പലത്തിൽ നിന്നുള്ള ഭക്ഷണങ്ങൾ നൽകും. ഏഴു ദിവസവും വ്രതം നോക്കണം. രാത്രി വളരെ വൈകി മാത്രമേ ഉറങ്ങാൻ സാധിക്കുകയുള്ളൂ. അതിരാവിലെ എണീക്കുകയും വേണം.

ഏഴാം ദിവസം നെഞ്ചിന്റെ ഇരുഭാഗങ്ങളിലും ഒരു ചെറിയ കമ്പി കോർക്കും. ഷർട്ടിൽ ബാഡ്ജ് കുത്താൻ പിൻ കുത്തുന്നതുപോലെ. കുത്തിയ പിന്നുമായി രാത്രിമുഴുവൻ പ്രദക്ഷിണം. 12 മണിക്കൂറിൽ കൂടുതൽ നീളുന്ന പ്രദക്ഷിണത്തിനു ശേഷം മാത്രം ലോഹം ശരീരത്തിൽ നിന്നും നീക്കം ചെയ്യാം. ഇതാണ് കുത്തിയോട്ടം. പണ്ടൊക്കെ ലോക പിന്നിന് പകരം ചൂരലിന്റെ ആരായിരുന്നു. ഇന്നത് സാമ്പത്തിക സ്ഥിതിയനുസരിച്ച്, സ്വർണ്ണം വെള്ളി എന്നിങ്ങനെയുള്ള ലോഹ നാരുകളായി.

രണ്ട് വർഷം മുൻപ് ഈ ആചാരം ബാലാവകാശ കമ്മീഷൻ നിരോധിച്ചിരുന്നു.

തികഞ്ഞ അനാചാരം, കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണിത്. മാതാപിതാക്കളുടെ നേർച്ചകളുടെയും വിശ്വാസങ്ങളുടെയും പേരിൽ വേദന അനുഭവിക്കേണ്ടിവരുന്നത് കുട്ടികൾക്കാണ്. സ്വന്തമായി തീരുമാനമെടുക്കാൻ നിയമപരമായ അധികാരമില്ലാത്ത പ്രായത്തിൽ കുട്ടികളുടെ ഇഷ്ടം കൊണ്ടാണ് എന്നു പറയുന്നതിനോട് ഒരു യോജിപ്പുമില്ല.

വിശ്വാസത്തിന്റെ പേരിൽ വഴിയിൽ അടുപ്പുകൂട്ടി, ആചാരത്തിന്റെ പേരിൽ വഴി തടയുന്നതാണ് രണ്ടാമത്തെ ആചാരം, പൊങ്കാല എന്ന പേരിൽ. ഇവരുടെ ദൈവ-മതവിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരുടെ യാത്രാ സ്വാതന്ത്ര്യം തടയപ്പെടുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടുമ്പോൾ രാഷ്ട്രീയക്കാർ വഴി തടയുന്നു എന്നതാണ് തിരിച്ചുള്ള ചോദ്യം. ഉത്തരം ഒന്നുതന്നെയാണ്, ആരു വഴി തടഞ്ഞാലും ഹനിക്കപ്പെടുന്നത് പൗരന്റെ സഞ്ചാര സ്വാതന്ത്ര്യമാണ്. യോജിക്കാനാവില്ല.

സതി നിർത്തലാക്കാൻ ശ്രമിക്കുന്നത് ഇന്നായിരുന്നെങ്കിൽ നടക്കുമോ എന്നുള്ളത് സംശയമാണ്. കാരണം ദൈവ-മതവിശ്വാസങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈകടത്തി കൊണ്ടിരിക്കുന്നു. അതാണ് ശരിയെന്നു വിശ്വസിക്കുന്ന വലിയൊരു സമൂഹം രൂപപ്പെട്ടിരിക്കുന്നു.

അന്നേ സതി നിർത്തലാക്കിയത് നന്നായി എന്നേ പറയാനുള്ളൂ.

കുഞ്ഞുങ്ങളുടെ കവിളിൽ ശൂലം കുത്തിയിറക്കുന്ന ആചാരം ഇന്നുമുണ്ട്. പുരോഗമനപരമായ നിലപാടുകൾ കൈക്കൊള്ളാൻ മടിക്കുന്ന സമൂഹത്തിൽ എന്നും ഇതുണ്ടാവുകയും ചെയ്യും.

ഇപ്പോൾ വീണ്ടും കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു എന്ന് കേൾക്കുന്നു, കമ്മീഷന് നന്ദി.

ബാലാവകാശ കമ്മീഷനൊപ്പം നിലപാടെടുക്കാൻ നമുക്ക് കടമയുണ്ട്.

—————————————-

ജിനേഷ് പി. എസ്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here