സിറിയ ചരിത്രവും വര്‍ത്തമാനവും

1
1202

ബിലാല്‍ ശിബിലി

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഭ്യന്തര യുദ്ധമാണ്. പക്ഷെ. ഒരുപാട് പക്ഷെകള്‍ ഉണ്ട്. ഷിയാ അലവി വിഭാഗക്കാരന്‍ ആണ് ബശ്ശാര്‍ അല്‍ അസദ്. സിറിയന്‍ ഭരണാധികാരി. സിറിയൻ സർക്കാരും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന വിമത സൈന്യവും തമ്മിലുള്ള യുദ്ധം . 2011 മാർച്ച് 15 മുതൽ ആരംഭിച്ചത്. എട്ടാം വര്‍ഷത്തിലേക്ക്.

ചരിത്രം

1946 ല്‍ ഫ്രഞ്ച് ഭരണത്തില്‍ നിന്നും സിറിയ സ്വതന്ത്രമാവുന്നു. പക്ഷെ, ജനാധിപത്യത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. പട്ടാളഭരണം. വിപ്ലവങ്ങള്‍. സമരങ്ങള്‍. അന്ന് മുതലേ ഉണ്ട്. 1963 ല്‍ ബാത്ത് പാര്‍ട്ടി അധികാരത്തില്‍. വീണ്ടും അധികാര കൈമാറ്റങ്ങള്‍.

1970-ൽ പ്രതിരോധമന്ത്രിയായിരുന്ന ഹാഫിസ് അൽ അസദ് (ഇപ്പോളത്തെ പ്രസിഡണ്ട് ബശ്ശാറിന്‍റെ പിതാവ്) അധികാരം പിടിച്ചെടുത്തു പ്രധാനമന്ത്രിയായി. 1971 പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു, മരണം വരെ (2000) തുടർന്നു. മരണാന്തരം ബശ്ശാര്‍ പിൻഗാമിയായി അധികാരത്തിലേറി.

ബശ്ശാര്‍ അല്‍ അസദ്

ജനസംഖ്യ, വിഭാഗങ്ങള്‍

74 % സുന്നികള്‍
13 % ഷിയാ (അതില്‍ 12 % അലവികള്‍)
3 % ദുറൂസികൾ
10 % ക്രിസ്ത്യാനികള്‍

അധികാരം ന്യൂനപക്ഷ വിഭാഗക്കാരനായ ബശ്ശാറിന്‍റെ കയ്യില്‍. പക്ഷെ, ബശ്ശാറിന്‍റെ ഭാര്യ അസ്മ സുന്നിയാണ്.

കുർദിഷ് ഭാഷ സംസാരിക്കുന്ന ജനവംശമാണ് കുർദുകൾ. അതൊരു മതവിഭാഗമല്ല. ഭൂരിപക്ഷവും സുന്നിയാണ് എങ്കിലും, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ വിഭാഗക്കാരുമുണ്ട്. മതേതരത്വ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുമുണ്ട്. കുര്‍ദുകള്‍ സിറിയന്‍ ജനസംഖ്യയുടെ 9 % വരും.
സമുദായങ്ങൾ തമ്മിലുള്ള വൈര്യം പണ്ട് മുതല്‍ക്കേ ഉണ്ട്.

സാമ്പത്തിക – സാമൂദായിക അസമത്വം

സാമ്പത്തിക വളര്‍ച്ച നന്നേ കുറവ്. (യുദ്ധം ഒഴിവായിട്ട് വേണ്ടേ ലേ ഉല്‍പാദനം ഒക്കെ നടക്കാന്‍ !). അതിനാല്‍ തന്നെ തൊഴിലില്ലായ്മ രൂക്ഷം. 2006 മുതല്‍ 2011 വരെ വരള്‍ച്ചയും ഉണ്ടായി. ഇടിവെട്ടിയവനെ കടിച്ച പാമ്പ്. കൃഷിനാശം, വിലവര്‍ധന തുടങ്ങിയവ പലായനങ്ങള്‍ക്ക് ആക്കം കൂട്ടി.

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പലപ്പോഴും അലവികള്‍ക്ക് മാത്രം ലഭിക്കുന്നു എന്നും സുന്നികള്‍ ഇപ്പോഴും തഴയപെടുന്നു എന്നും പരാതികള്‍.

ജനകീയ പ്രക്ഷോഭങ്ങള്‍

1963 മുതല്‍ 2011 വരെ രാജ്യത്ത് അടിയന്തരാവസ്ഥ തന്നെ ആയിരുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലും നിയമവിരുദ്ധം.

അറബ് വസന്തത്തിന്‍റെ സമയങ്ങളില്‍ തന്നെയാണ് സിറിയയില്‍ ജനകീയ മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നത്. ജനാധിപത്യ പരിഷ്ക്കാരങ്ങള്‍, രാഷ്ട്രീയ ജയില്‍വാസികളുടെ മോചനം, സ്വാതന്ത്ര്യം, അടിയന്തരാവസ്ഥ, അഴിമതി തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് 2011 മാര്‍ച്ച്‌ 15ന് പ്രതിഷേധങ്ങള്‍ തുടങ്ങുന്നത്.

ഒരു മാസം കൊണ്ട് മുദ്രാവാക്യങ്ങള്‍ മാറുന്നു. അധികാര കൈമാറ്റവും ബശ്ശാറിനെ നീക്കം ചെയ്യുക തുടങ്ങിയവ ഉയരുന്നു. ഭരണകൂടം സമരത്തെ നേരിടുന്നു. മരണങ്ങള്‍ തുടങ്ങുന്നു.

ഫ്രീ സിറിയൻ ആർമി

2011 ജൂലയ് 29 ല്‍, ഭരണകൂടത്തിന്‍റെ ക്രൂരതകളിൽ മനം മടുത്ത് കൂറുമാറിയ സിറിയൻ സേനയിലെ ഓഫീസർമാരും സൈനികരും ചേർന്ന് വിമത സൈനിക വിഭാഗമായ ഫ്രീ സിറിയൻ ആർമി രൂപീകരിക്കുന്നു. ബശ്ശാറിനെ മാറ്റുക തന്നെയായിരുന്നു അവരുടെയും ലക്ഷ്യം.

യു.എന്‍ അടക്കമുള്ളവരുടെ സമാധാന ശ്രമങ്ങള്‍ നടക്കുന്നു. ഫലമുണ്ടാവുന്നില്ല. വിമതരും സൈന്യവും യുദ്ധം തുടരുന്നു.

യുദ്ധം രണ്ട് വിഭാഗങ്ങള്‍ തമ്മില്ല

1. ഔദ്യോഗിക സിറിയന്‍ ഭരണകൂടം

ബശ്ശാര്‍ ഭരണകൂടത്തിന് ഹിസ്ബുള്ള, ഇറാന്‍, റഷ്യ എന്നിവരുടെ പിന്തുണയുണ്ട്. ഇറാനിന്‍റെ സുന്നി വിരുദ്ധ നയം ആവാം ഇവിടെ നിര്‍ണ്ണായകം ആയത്.
ഇറാഖ്, ചൈന, ഉത്തര കൊറിയ എന്നിവര്‍ യുദ്ധസാമഗ്രികള്‍ നല്‍കുന്നു എന്നും പറയപെടുന്നു.മറ്റു സൈനിക ട്രൂപ്പുകള്‍, ചെറു വിഭാഗങ്ങള്‍ എന്നിവരും കൂടെയുണ്ട്.

2. വിമതര്‍

ഫ്രീ സിറിയന്‍ ആര്‍മി, സിറിയന്‍ ലിബറേഷന്‍ ഫ്രണ്ട്, ഫ്രീ സിറിയന്‍ പോലീസ് തുടങ്ങിയരും ജെയിഷ് അല്‍ ഇസ്ലാം, ഇസ്ലാമിക് ഫ്രണ്ട് തുടങ്ങി നിരവധി രാഷ്ട്രീയ, ഇസ്ലാമിക, ഗോത്ര സംഘടനകളും.

മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ് തുടങ്ങിയരുടെ പുറത്ത് നിന്നുള്ള പിന്തുണ. തുര്‍ക്കി സൈനികമായി അടക്കം സഹായിക്കുന്നു. സൗദി, ഇസ്രയേല്‍, ഖത്തര്‍, ലിബിയ, ഫ്രാന്‍സ് എന്നിവരുടെ യുദ്ധസജ്ജീകരണ സഹായം. 2017 വരെ യു.എസ് പിന്തുണ.

3. റൊജാവ

ഉത്തര സിറിയയിൽ രൂപം കൊണ്ട ഒരു സ്വതന്ത്ര കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വിഭാഗമാണ് റൊജാവാ അഥവാ ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് സിറിയ. സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോര്‍സസ്, YPG, കുര്‍ദിഷ് ഫ്രണ്ട് തുടങ്ങി നിരവധി സൈനിക ഗ്രൂപ്പുകളുടെ പിന്തുണ. ഇറാഖി കുര്‍ദിസ്ഥാന്‍, കുര്‍ദിസ്ഥാന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി, ഫ്രാന്‍സ്, യു.എസ്.എ, റഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവരുടെ സൈനിക സഹായം.

4. ISIS

5. സലഫി ജിഹാദി ഗ്രൂപ്പുകള്‍

പരോക്ഷ യുദ്ധം സിറിയന്‍ ഭരണകൂടവും വിമതരും തമ്മില്‍ ആണെങ്കിലും ഇടക്ക് യുദ്ധങ്ങള്‍ അവിയല്‍ പരിവത്തില്‍ ആവാറുണ്ട്. പക്ഷെ IS ന് എതിരാണ് വിമതരും സിറിയയും.

ചിലര്‍ ചില പ്രവിശ്യകളിലെ ഭരണം ഏറ്റെടുക്കുന്നു, പിടിച്ചെടുക്കുന്നു. അത് തിരിച്ച് പിടിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നു. ബോംബ്‌, മിസൈല്‍ ഒക്കെ കൂടെ വരുന്നു. മരണങ്ങള്‍ നാല് ലക്ഷം കടക്കുന്നു. അഭയാര്‍ത്ഥികള്‍ അതിലേറെ.

പ്രദേശത്തുള്ള എണ്ണ പാടങ്ങള്‍, പ്രകൃതി വാതക സ്രോതസ്സുകള്‍ എന്നിവയും ഇതിനിടയില്‍ കറങ്ങി തിരിയുന്നു.

2014
യു.എസ് ജെറ്റ് ബോബുകള്‍ IS ക്യാമ്പുകള്‍ക്ക് നേരെ വര്‍ഷിച്ച് പ്രശ്നത്തില്‍ ഇടപെടുന്നത്. GCC രാജ്യങ്ങളുടെ പിന്തുണയോടെ. ലക്ഷ്യം അങ്ങനെ IS നെ നേരിടുക എന്ന് കൂടിയായി. ചില അന്താരാഷ്ട്ര ശക്തികളുടെ പിന്തുണ ചില മുദ്രവാക്യങ്ങളോട് മാത്രമാണ്. വിയോജിക്കേണ്ട ഇടങ്ങളില്‍ അത് പ്രകടിപ്പിച്ചു കൊണ്ട് തന്നെ.

2014 ല്‍ അല്‍ നുസ്രയും സിറിയന്‍ റവലൂഷ്യനറി ഫ്രണ്ടും തമ്മില്‍ തന്നെ യുദ്ധം ഉണ്ടാവുന്നു. അല്‍ നുസ്ര ഇബ്ലിദ് പ്രവിശ്യ അടക്കം പിടിച്ചെടുക്കുന്നു.

2015
പല്‍മിറ IS ന്‍റെ കയ്യിലാവുന്നു. ബശ്ശാറിന്‍റെ അഭ്യര്‍ഥന പ്രകാരം റഷ്യന്‍ സേന സിറിയയെ സഹായിക്കുന്നു.

അതേ വര്‍ഷം തന്നെ ഒബാമ നിലപാട് മാറ്റുന്നു. ബശ്ശാര്‍ ഭരണത്തില്‍ തുടരുന്ന കാലത്തോളം സിറിയന്‍ അഭ്യന്തര യുദ്ധം അവസാനിക്കാന്‍ പറ്റില്ല എന്ന് പറയുന്നു. റഷ്യ,ഇറാന്‍ എന്നിവരോട് ബശ്ശാറിന് കൊടുക്കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ യു.എസ് പറയുന്നു.

2016
റബിയ തുടങ്ങിയ ഇടങ്ങള്‍ സിറിയ തിരിച്ചു പിടിക്കുന്നു. മാര്‍ച്ചില്‍ പല്‍മിറ IS ല്‍ നിന്ന് സിറിയ തിരിച്ച് പിടിക്കുന്നു. റഷ്യ, ഇറാന്‍ എന്നിവരുടെ പിന്തുണയോടെ.

പക്ഷെ, സിറിയയും വിമതരും തമ്മിലുള്ള പോരാട്ടം തുടരുന്നു. പ്രത്യേകിച്ച് അലെപ്പോ പ്രദേശത്ത്.

തുര്‍ക്കി സൈന്യവും വിമതരും ഉത്തര സിറിയയില്‍ മുന്നേറ്റം നടത്തുന്നു. IS നെയും കുര്‍ദിഷ് തീവ്ര ഗ്രൂപ്പുകളെയും ഒരുപോലെ എതിര്‍ക്കാന്‍ വേണ്ടി. ഓപ്പറേഷന്‍ യൂഫ്രട്ടീസ് ഷീല്‍ഡ് എന്നായിരുന്നു അതിന്‍റെ പേര്.

വര്‍ഷാവസാനം സിറിയ, വിമതരില്‍ നിന്ന് അലെപ്പോ തിരിച്ച് പിടിക്കുന്നു, നാല് വര്‍ഷത്തെ യുദ്ധത്തിനു ശേഷം.

2016 ഡിസംബര്‍ 30ന് സിറിയയും വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ വരുന്നു. റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നിവരുടെ മധ്യസ്ഥതയില്‍.

2017
ഫെബ്രവരിയില്‍, കരാറുകള്‍ രണ്ട് വിഭാഗങ്ങളും ലംഘിക്കുന്നു.

ഏപ്രിലില്‍, യു.എസ് ആദ്യമായി സിറിയന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നു. അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായിരുന്നു. റഷ്യയും യു. എന്നും ശക്തമായി അപലപിക്കുന്നു.

ഇതിന്‍റെ ഇടക്ക് സര്‍ക്കാരും വിമതരും തമ്മിലുള്ള അടി തുടരുന്നു. യുദ്ധനിരോധിത മേഖലകള്‍ ഉണ്ടാക്കുന്നു. ചിലര്‍ അംഗീകരിക്കാതെ ഇരിക്കുന്നു.

ഒക്ടോബറില്‍ യു.സ് വിമതര്‍ക്ക് നേരെയും ബോംബ്‌ ഇടുന്നു. രക്ഖ കീഴടക്കുന്നു.

നവംബറില്‍ ചൈന സിറിയന്‍ സര്‍ക്കാരിനെ സഹായിക്കും എന്ന് പറയുന്നു.

2018
ജനവരി 6 ന് രണ്ട് റഷ്യന്‍ സൈനിക ബേസുകള്‍ ആക്രമിക്കപെടുന്നു. ആരാണെന്ന് വ്യക്തമല്ലെങ്കിലും തുര്‍ക്കിയും വിമതരും ആണെന്ന് റഷ്യ ആരോപിക്കുന്നു.

ജനവരിയിലും ഫെബ്രവരിയിലും സിറിയന്‍ സേന വിമതരുടെ പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നു. ഇതിനിടക്ക് തുര്‍ക്കി, കുര്‍ദിഷ് നേതൃത്തത്തിലുള്ള PYD യെ ലക്ഷ്യം വെച്ച് അഫ്രിന്‍ ആക്രമിക്കുന്നു. സിറിയന്‍ സര്‍ക്കാരും വിമതരും അല്ലാത്ത കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വിഭാഗമാണ് റൊജാവാ . ഈ മൂന്നാം ടീമാണ് അവിടെ നിയന്ത്രിക്കുന്നത്.

ഫെബ്രവരി 21 ന് ഗൂത യില്‍ സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നു. ഗൂത ദമാസ്കസിന്‍റെ ഭക്ഷണകൂട എന്നാണ് അറിയപ്പെടുന്നത്. കാർഷികസമൃദ്ധിയുള്ള ഈ പ്രദേശം വിമതരുടെ കയ്യിലാണ്. കാർഷികസമൃദ്ധി മൂലം യുദ്ധക്കെടുതിയിൽനിന്നു രക്ഷനേടാൻ അയൽപ്രദേശങ്ങളിൽനിന്ന്​ ആളുകൾ ഇവിടെയാണ്​ ചേക്കേറിയിരുന്നത്​. അവിടെയാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്. ഒമ്പതു നാൾ നീണ്ട ബോംബിങ്ങിനൊടുവിൽ ‘ഭൂമിയിലെ നരക’മായി ഗൂത മാറി.

3,93,000 ആളുകൾ ​മേഖലയിൽ കുരുങ്ങിക്കിടക്കുകയാണ്​. ഗുരുതരമായി പരിക്കേറ്റ ആയിരത്തോളം പേർ പ്രദേശത്ത് ചികിത്സ കാത്തുകഴിയുന്നുണ്ടെന്ന്​ ലോകാരോഗ്യ സംഘടന പറയുന്നു.

യു.എൻ അഭ്യർഥന മാനിച്ച്​ ദിനേന അഞ്ചു മണിക്കൂർ ആക്രമണത്തിന്​ ഇടവേളയുണ്ട്. എല്ലാം തകർന്നടിഞ്ഞ യുദ്ധഭൂമിയിൽ ഇങ്ങനെയൊരു ഇടവേളകൊണ്ട്​ എന്തു കാര്യം എന്നു സഹായ സംഘടനകൾ ചോദിക്കുന്നുണ്ട്​. കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനോ ആളുകൾക്ക്​ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനോ ഒന്നും പകലിലെ വെറും അഞ്ചു മണിക്കൂർകൊണ്ട്​ കാര്യമായൊന്നും ചെയ്യാനാവില്ലെന്ന്​ അവർ കൈമലർത്തുന്നു.

റഷ്യക്ക് ബശ്ശാറിന് മേലെയുള്ള സ്വാധീനം കുറയുന്നു. വെടി നിരത്തല്‍ പാലിക്കാതെ പോകുന്നു. റഷ്യക്ക് ഉത്തരമില്ല. ഇതാണ് അവിടെയുള്ള നിലവിലെ അവസ്ഥ.

വിമതര്‍ ആക്രമിക്കുന്നു എന്ന് സിറിയന്‍ സര്‍ക്കാരും സര്‍ക്കാര്‍ ആക്രമിക്കുന്നു എന്ന് വിമതരും പറയുന്നു.

ഇതാണ് അവസ്ഥ.

എന്ത് മനസിലായി ?

നഷ്ടം അവിടെയുള്ള പാവം കുട്ടികള്‍ക്ക്. നമ്മള്‍ ചിത്രങ്ങളില്‍ കണ്ട നിസ്സഹായരായ ആ പാവം കുട്ടികള്‍ക്ക്.

ബാഹ്യ ശക്തികളുടെ ഇടപെടല്‍ തന്നെയാണ് പ്രദേശത്തെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. വീട്ടില്‍ ഞാനും അനിയനും തമ്മില്‍ അടി നടക്കുന്നു എന്ന് കരുതുക. നാട്ടിലെ രണ്ട് വല്യ ശക്തികള്‍ രണ്ട് പേര്‍ക്കായി പിന്തുണ നല്‍കുന്നു. പിന്നെ, ഇവര്‍ തമ്മില്‍ അടി ഉണ്ടാക്കുന്നു. ഞങ്ങള്‍ രണ്ടാളും നോക്കി നിക്കുന്നു. ഇതുപോലെയാണ് അവസ്ഥ.

ഇവിടെ ആരുടെ കൂടെ നിക്കണം ?
ഇന്ത്യ ആരുടെ കൂടെയും നിന്നിട്ടില്ല.

അതേ നമുക്കും ചെയ്യാനുള്ളൂ.

തുര്‍ക്കിയും ഉറുദുഗാനും ഇടപെടുന്നു എന്നും പറഞ്ഞ് അഭിവാദ്യങ്ങള്‍ ഇടുന്നവരോട്,
എല്ലാരും കണക്കാണ് എന്നേ പറയുനുള്ളു.

പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള പോസ്റ്റ്‌ നിറക്കുമ്പോള്‍ പറഞ്ഞു പോവുന്നത്. പ്രാര്‍ത്ഥന കേള്‍ക്കാനുള്ള പടച്ചോന്‍റെ പേരില്‍ തന്നെയാണ് രണ്ട് കൂട്ടരുടെയും മയ്യത്ത് നിസ്കാരങ്ങള്‍ തുടങ്ങുന്നത്.

അമേരിക്കക്കും റഷ്യക്കും ഇസ്രയേലും ഇടക്ക് കേറി അവരുടെ ആയുധ കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നു. ഇസ്ലാമിന്‍റെ പേരില്‍ തമ്മില്‍ തല്ലുന്ന സുന്നികളും ഷിയകളും സലഫികളും ഒക്കെ പൊട്ടന്മാര്‍ ആവുന്നു. മതം വേണ്ട എന്ന് പറഞ്ഞ് കുറച്ചു കുര്‍ദുകള്‍ കമ്മ്യൂണിസ്റ്റ് ആവുന്നു. മൂന്നാം മുന്നണിയും കണക്കാവുന്നു. സിറിയയുടെ കുളിമുറിയില്‍ എല്ലാരും നഗ്നരാവുന്നു.

പടച്ചോന്‍ തുടങ്ങി കുടുങ്ങി പോയതാണ് എന്നാണ് തോന്നുന്നത്. മാലാഖമാര്‍ അന്ന് ആദമിനെ സൃഷ്ടിക്കുമ്പോള്‍ തന്നെ പറഞ്ഞതാണ്, വേണ്ട എന്ന്. നമ്മളെ ഇങ്ങോട്ട് അയക്കണ്ട എന്ന്.

എന്തേലും ഒക്കെ ആവട്ടെ.
ഇവിടെ എന്തോരം പ്രശ്നങ്ങള്‍ കിടക്കുന്നു. എന്തിനാ വെറുതെ സിറിയയെ ഓര്‍ത്ത് സങ്കടപെടുന്നത്. ഉറക്ക് കളയാന്‍ കാരണങ്ങള്‍ കുറെ വേറെയുണ്ടല്ലോ….

റഫറന്‍സ്:
1. അല്‍ ജസീറ
2. മറ്റു മാധ്യമ ആര്‍കൈവുകള്‍
3. വിക്കിപീഡിയ

തെറ്റുകള്‍ ഉണ്ടെങ്കില്‍, ചൂണ്ടി കാട്ടിയാല്‍ തിരുത്താവുന്നതാണ്.

(ബിലാല്‍ ശിബിലിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്)

1 COMMENT

  1. ഒരു രാജ്യത്തിലെ ജനങ്ങൾ ഇത്രമാത്രം ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നെന്നുള്ളത് വല്ലാത്ത കഷ്ടം തന്നെയാണ്.മതങ്ങളും മത വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ – ഭരണാധികാരികളുടെ സ്വാർത്ഥ മോഹങ്ങൾ – പാവം, അവിടുത്തെ കുഞ്ഞുങ്ങളും സ്ത്രീകളും എത്രമാത്രം മാനസിക, ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന ണ്ടാകും ….. Rajan.V

LEAVE A REPLY

Please enter your comment!
Please enter your name here