ജന്‍ഷര്‍ ഖാന്‍
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പന്തലായനി ബ്ലോക്കില്‍ തീരദേശമേഖലയുല്പ്പെടുന്ന ചേമഞ്ചേരി പഞ്ചായത്ത് ആതുര-സാമൂഹ്യ സേവനരംഗത്ത് മാതൃകാര്‍ഹമായ ഒരുപാട് ഇടപെടലുകളുകളുടെ വേദിയാണ്. സമൂഹത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കുമായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ വിവിധ മത-സാമൂഹിക സാംസ്കാരിക സംഘങ്ങളുടെ കീഴില്‍ നടന്നു വരുന്നുണ്ട്. മാനസികവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള “അഭയം സ്പെഷ്യല്‍ സ്കൂള്‍”, സമൂഹത്തിലെ ഒറ്റപ്പെട്ടവര്‍ക്കായുള്ള “സ്നേഹതീരം” പുനരധിവാസ ഭവനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ജാതി-മത ഭേദമന്യേ സകലജനവിഭാഗങ്ങളും ഗുണഭോക്താക്കളാണ്.
ഇത്തവണ പഞ്ചായത്തിലെ കാട്ടില്‍പീടിക പ്രദേശത്തെ മസ്ജിദുല്‍ ഇസ്ലാഹ്ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന “പ്രതീക്ഷ സക്കാത്ത് ഫൗണ്ടേഷന്‍” ഭൂവിതരണ പദ്ധതിയാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രസ്തുത പദ്ധതിയിലൂടെ ചേമഞ്ചേരി പഞ്ചായത്തിലെ വിധവകള്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍, രോഗികള്‍ മുതലായവരടങ്ങിയ കുടുംബങ്ങള്‍ക്ക് പ്രദേശത്ത് തന്നെയുള്ള ഭൂമി കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യലാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടം വെള്ളിയാഴ്ച അര്‍ഹരായ പതിനഞ്ച് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം വിതരണം ചെയ്യുന്നതിലൂടെ തുടക്കമാവും. മഹല്ല് നിവാസികളുടെ സകാത്ത് സംഭരിച്ച് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ ഭൂമിയുടെ അവകാശികളാക്കി മാറ്റുകയാണ് മാതൃകാപരമായ ഈ പദ്ധതിയിലൂടെ.