മരണക്കിണർ

0
344

കൃഷ്ണ

വിട്ട് പോയ മനുഷ്യരുടെ മുന്നിൽ
പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും,
കിടന്നും യാചിക്കും.
സ്നേഹം കൊണ്ട് നിങ്ങളെ
പൊതിഞ്ഞ അതേ മനുഷ്യരോട്
ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി
പറയേണ്ട ദിവസമുണ്ടാകും.

കടല് വറ്റുമ്പോൾ പിടയുന്ന
മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും
അന്ന് നിങ്ങൾക്ക്.
അയാളില്ലാതെ ഇനിയൊരു
നിലനിൽപ്പില്ലെന്ന തിരിച്ചറിവിൽ
ശ്വാസം മുട്ടുന്ന മനുഷ്യരുടെ
അവസാന പിടച്ചിലിന് ഒട്ടും ആത്മാഭിമാനമുണ്ടാവില്ല.

ഒരു മനുഷ്യനായിരിക്കാനുള്ള
എല്ലാ യോഗ്യതകളും തകർന്ന്, തളർന്നുണങ്ങി പോയ
തൊണ്ടകുഴിയിൽ –
ഒരിറ്റ് ഉമിനീരോ ഉയിരോ
ബാക്കിയുണ്ടാവില്ല.
എന്നിട്ടും ഉച്ചത്തിൽ കരയും,
ഹൃദയം കരിഞ്ഞ് കട്ട പിടിച്ച രക്തം അയാളുടെ ചെറു സാന്നിധ്യത്തിൽ ഉരുകിയൊലിക്കും.

രൂപകൂടിന് മുന്നിൽ
കുത്തിയ മെഴുകുതിരി പോലെ സ്വയമില്ലാതായ് കൊണ്ട്പോലും
നിങ്ങൾ സ്നേഹത്തിന്
വേണ്ടി പ്രാർത്ഥിക്കും.
അയാളുടെ മുന്നിൽ ആരുമല്ലാതായി, ഒന്നുമല്ലാതായി നാണം കെട്ട്
ചോര വാർന്ന് നിൽക്കുമ്പോഴെങ്കിലും ജീവനുള്ളത് പോലെ തോന്നുന്നുവെന്ന ദയനീയമായ കയറിൽ
തല കൊണ്ടുപോയി കെട്ടും.

മാനാഭിമാനങ്ങളെ പറ്റിയൊന്ന് ആലോചിക്കകൂടി കഴിയാതെ
ആ യാചനയിൽ നിങ്ങൾ
വീണ്ടും വീണ്ടും തൂങ്ങി മരിക്കും.
ആ നേരങ്ങളിൽ മാത്രമേ മരവിച്ച് പോയ ശരീരത്തിൽ ജീവനുണ്ടായിരുന്നുവെന്ന് നിങ്ങളറിയുകയുള്ളു.

അനേകായിരം സാധ്യതകളുടെ ഭൂഖണ്ഡം അയാളുടെ സ്‌നേഹമെന്ന
ഒറ്റ താക്കോലില്ലാതെ
അടഞ്ഞ് കിടക്കും.
ഒരു മഴ പോലും പൊടിയാതെ,
ഒരു പിടി മണ്ണ് പോലുമെടുക്കാനാവാതെ ഒരായുസ്സിന്റെ ഭാരം പേറി നിങ്ങൾ
നിന്ന് കിതയ്ക്കും, വരണ്ട് പോകും!

തുണിയില്ലാതെ റോഡിലിഴയുന്ന മുഴുക്കുടിയനെ
മുണ്ടുടുപ്പിക്കാനെന്നപോലെ,
നിങ്ങളെ കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ ഓടിയെത്തുന്ന ഉറ്റവരെ നിങ്ങൾ തന്നെ കൊത്തി പായിക്കും.

ഈ ഭൂമി നിറയേ തിങ്ങി നിറഞ്ഞ് മനുഷ്യരുണ്ടെങ്കിലും,
ഒരിക്കൽ നിങ്ങളെ ശ്വാസം മുട്ടിച്ച് ചുംബിച്ച,
സസൂക്ഷ്മം കൈകാര്യം ചെയ്ത, മുറിവുകളിൽ മുട്ടിയുരുമ്മിയ,
കലാപങ്ങളിൽ ചേർത്ത് നിർത്തിയ അതേയൊരാളിന്റെ
സ്നേഹത്താൽ മാത്രം
നിറയുന്ന പാനപാത്രങ്ങളാവും നിങ്ങൾ.

ഒരേയൊരുമ്മയിൽ, തലോടലിൽ, സ്നേഹത്തോടെയുള്ള ഒരുരുള ചോറിൽ മാത്രം വീണ്ടെടുക്കാൻ കഴിയുന്ന അൽപ്പായുസ്സകൾ.

ഇത്രയും സ്നേഹരാഹിത്യം മതി ഒരു മനുഷ്യന് ആത്മാവില്ലാതാവാൻ.
അയാൾ തന്നെ സ്വയം കഴുത്ത് ഞരിക്കുകയും,
ഞരമ്പുകൾ നീലിച്ച് തുടങ്ങുമ്പോൾ,
ഓർമ്മകൾ മങ്ങി തുടങ്ങുമ്പോൾ പിടി വിടുകയും ചെയ്യും.

സ്നേഹത്തിന്റെ ഊഷ്മളമായ അടയാളങ്ങൾ മരണത്തിന്
പോലും വിട്ട് കൊടുക്കാൻ
തയ്യാറല്ലാതെ,
ഒരിക്കൽ സമ്പന്നമായിരുന്ന
സ്നേഹത്തിന്റെ അസാന്നിധ്യത്തിൽ
ഒരൽപ്പം പോലും
ജീവിക്കാൻ കഴിയാതെ,
സ്വയം ചാട്ടവാറടികളേൽപ്പിച്ച്
കൈനീട്ടി യാചിച്ച്
ഒഴിയാനുമുയരാനുമാവാതെ
ബാക്കിയാവേണ്ടി വരുന്ന
ഗതികേടിലാവും.

സ്നേഹം, അപമാനമാണ്.
പൂ പറിക്കാനിറങ്ങിയവരുടെ
ഹൃദയത്തിൽ തറച്ച മുള്ള്കൂനയാണ്.

പട്ടിണി കിടക്കുന്നവന്
പൊതിച്ചോറെന്ന പോലെയാണ്,
നഗ്നയാക്കപ്പെട്ടവൾക്ക് കൊടും തണുപ്പിൽ ഒരു കമ്പളമെന്ന പോലെയാണ്,
ഒറ്റയായി പോയവർക്ക് ആ സ്നേഹം.

നിങ്ങളീ സമയം സ്നേഹത്തിനർഹരല്ലെങ്കിലും,
അതിനേറ്റവും യോഗ്യരും
നിങ്ങൾ തന്നെയാവുന്നു.

ആളുകൾ അടുക്കാൻ മടിക്കുന്ന പ്രളയബാധിത മേഖലയെങ്കിലും,
ഒരു കരസ്പർശത്താൽ മനുഷ്യവാസത്തിനേറ്റവും യോഗ്യമായ
ഇടവും നിങ്ങൾ തന്നെയാവുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here