വായന
കൃഷ്ണകുമാര്‍ മാപ്രാണം
(രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന )
അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു തരുന്ന ദൃശ്യാനുഭവമായിരുന്നു കൊലമുറിയുടെ വായന. പഴമയില്‍ എരിഞ്ഞമര്‍ന്നവരുടെ ചരിത്രവും താവഴികളും തേടിയലഞ്ഞ യാത്രകളില്‍ മനസ്സിനേയും ശരീരത്തേയും മരവിപ്പിക്കുന്ന കേട്ടറിവുകള്‍ക്കപ്പുറം, വേദന നിറഞ്ഞ ഒരു യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവില്‍നിന്നാണ് കൊലമുറിയുടെ പിറവിയെന്ന് രാജേഷ് തെക്കിനിയേടത്ത് തന്റെ ആമുഖകുറിപ്പില്‍ സൂചിപ്പിക്കുന്നത്, ഭാവനയ്ക്കപ്പുറം ചില യാഥാർഥ്യങ്ങൾ കൂടി അഴിച്ചെടുക്കുന്ന കുരുക്കുകളായാണ് എനിക്ക് തോന്നിയത്.
ഒരു പെരുമഴയത്ത് വഴിവക്കിൽ പ്രത്യക്ഷപ്പെട്ട വൃദ്ധന്‍ നാല്‍പ്പതുകളിലെ കേരള സാമൂഹിക രാഷ്ട്രീയത്തിൽ നടന്ന ഏറ്റവും പ്രധാന സംഭവമായിരുന്ന ചെത്തുതൊഴിലാളി സമരത്തെക്കുറിച്ച് പറയാൻ തുടങ്ങുന്നു. മുതലാളിമാർ തീരുമാനിക്കുന്ന കൂലിവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ നടത്തിയ ഒരു മുന്നേറ്റമായിരുന്നു അത്. ഇന്ത്യയിലാകെ സ്വാതന്ത്ര്യസമരം അരങ്ങേറുന്ന ഒരു കാലത്ത്, അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും നടന്നു എന്നത് കൊലമുറിയുടെ വായനയിലുടനീളം എന്നെ വിസ്മയിപ്പിക്കുന്നുണ്ടായിരുന്നു. ഇടവും വലവും ഒളിഞ്ഞുനിന്ന് സമരക്കാരെ ആക്രമിക്കുന്ന മറ്റൊരു തൊഴിലാളി സംഘടനയും കൂട്ടത്തിൽ കാണാം. ഒറ്റുകാരെന്നും കരിങ്കാലികളെന്നും കഥാകൃത്ത് അവരെ വിശേഷിപ്പിക്കുന്നുണ്ട്.
അന്തിക്കാട് ചെത്തുതൊഴിലാളി പ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകരും കമ്മ്യൂണിസ്റ്റ് അനുഭാവികളുമായിരുന്ന കേളനും കൂട്ടുകാരായ ദിവാകരനും രാമേട്ടനും കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. തുടർന്നുണ്ടാകുന്ന കാറ്റിലും കോളിലും പെട്ടുഴലുന്ന വലിയ സാഹചര്യങ്ങളിലാണ് കഥ പുരോഗമിക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ സമരം തുടങ്ങിയ ചെത്തുതൊഴിലാളിക്കുമേല്‍ അന്നത്തെ ഭരണകൂടം അഴിച്ചുവിട്ട ഭീകരതയെ നേരിടാനാവാതെ വീടും നാടും ഉപേക്ഷിച്ച് ഒളിവിൽ പോകുന്ന കേളനും കൂട്ടരും ആയിരക്കണക്കിന് തൊഴിലാളികളും മലയാളികളുടെ പലായാനത്തിന്റെ ചരിത്രം സാക്ഷിപ്പെടുത്തുകയായിരുന്നു എന്നു പറയാൻ സാധിക്കുന്നതോടൊപ്പം അക്കാലത്തെ പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകരുടെ സഹനത്തിന്റെയും അവരനുഭവിക്കുന്ന വേദനയും പറഞ്ഞു വയ്ക്കുന്നുണ്ട്. സ്ഥലവും കാലവും മാറിയിട്ടും അവരുടെ യാതനകളുടെ ഭാരത്തിന് തെല്ലും കുറവില്ലെന്നു മാത്രമല്ല ഇരുട്ടു മൂടിക്കിടന്ന വഴികളിലെ കൊടും യാതനകളും ഒളിത്താവളങ്ങളിലെ പട്ടിണിയും പോലീസിന്‍റെ നരനായാട്ടും കൃത്യമായി പുസ്തകം വരച്ചു കാണിക്കുന്നുണ്ട്. കൊടും പട്ടിണിയിലും ഉള്ളിന്റെയുള്ളിലെ നാളം കെടാതെ സൂക്ഷിക്കുന്ന സാധാരണക്കാരായ കുറച്ചു മനുഷ്യരുടെ സമൃദ്ധിയുള്ള നാളെയുടെ സ്വപ്നങ്ങളും നമുക്കിവിടെ ദർശിക്കാനാകും.
സാഹചര്യം കൊണ്ട് സിലോണിലെത്തുന്ന കേളനേയും, കൂട്ടുകാരേയും രാമനുണ്ണിയെന്ന മലയാളി ഇടനിലക്കാരൻ സ്വീകരിച്ചിരുത്തി, തൊഴിൽ സംബന്ധമായുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. തെങ്ങുകളും കവുങ്ങുകളും ഇടതിങ്ങിപ്പാര്‍ക്കുന്ന കേരളത്തിന്‍റെതു പോലെ മനോഹാരിത മുറ്റിനില്‍ക്കുന്ന സിലോണിന്റെ വിവിധമേഖലകളില്‍ അവർ പണിയെടുത്തു ജീവിക്കാൻ തുടങ്ങുന്നു. നാട്ടിലുള്ളതിനേക്കാള്‍ കൂലി കൂടുതലുള്ളതും ഒളിവു ജീവിതത്തോടൊപ്പം ഭാവി സുരക്ഷിതമാക്കുന്ന കേളനും കൂട്ടർക്കും പുതിയ ബന്ധങ്ങൾ സ്ഥാപിക്കേണ്ടി വരുന്നു. ഇവിടെയാണ് ജനനി എന്ന സിംഹളയുവതി കേളന്‍റെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നത്. ഒരു ഭാഗത്ത് നാണിയും മറുവശത്ത് ജനനിയും. ഒരു പിരിമുറുക്കം സൃഷ്ടിച്ചുകൊണ്ടുള്ള ഭാഗങ്ങളായിരുന്നു അതെല്ലാം. വസൂരി ബാധിച്ചവരെ പായയോടെ പൊതിഞ്ഞ് ആള്‍വാസമില്ലാത്ത പൊന്തക്കാടുകളില്‍ ഉപേക്ഷിക്കുകയും പകര്‍ച്ചവ്യാധി ബാധിച്ചവരുടെ കഴുത്തില്‍ കുടുക്കിട്ടു നായ്ക്കളെപ്പോലെ വലിച്ചിഴക്കുന്ന ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രാകൃതരീതിയും ഇവിടെ കാണാം. വസൂരി ബാധിച്ച ജനനിക്ക് കേളനാണ് തുണയാകുന്നത്. ജനനിയുടെ നിര്‍ദ്ദേശപ്രകാരം കേളന്‍ ചെത്താൻ തുടങ്ങുന്നു. കള്ളു വ്യവസായത്തിലൂടെ സമ്പന്നനാകുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും മോചിതമായ സിലോണിൽ വംശീയമായ സംഘര്‍ഷം ഉടലെടുക്കുന്നതും സിംഹള വർഗരാഷ്ടീയത്തിന്റെ ചവർപ്പും നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നുണ്ട്. പണക്കാരിയായ ജനനിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ എതിർക്കുന്ന കേളനെ
തൊഴിലാളിയുടെ വക്താവെന്നു വിശേഷിപ്പിക്കാം. നാട്ടിലേയ്ക്കു മടങ്ങുന്ന കേളന്‍റെ തയ്യാറെടുപ്പുകളും തിരിച്ചുള്ള യാത്രയും ഗംഭീരമായിരുന്നു. പണം നാട്ടിലെത്തിക്കാൻ സഹായിച്ചിരുന്ന രാമനുണ്ണി ചതിക്കുകയായിരുന്നു എന്ന യാഥാർഥ്യം അയാളെ തകർത്തുകളയുന്നു. പാടത്തു പണിയെടുത്തു ജീവിക്കുന്ന ഭാര്യയേയും കുട്ടിത്തം മാറും മുൻപ് കുലത്തൊഴിൽ ചെയ്യാൻ തുടങ്ങുന്ന മകനേയും നോക്കി മറന്നുവച്ച കുപ്പായം അയാൾ തിരിച്ചണിയുന്നത് വേദനയോടെയാണ് വായിച്ചുതീർക്കുന്നത്. കാലത്തിന്‍റെ ഗതിയൊഴുക്കിലും കേളന്‍ സമ്മാനിച്ച സ്നേഹത്തിന്‍റെ കടലിരമ്പം നമുക്കു കേൾക്കാം. വേരുകള്‍ തേടിച്ചെന്ന തുടർവായന പിന്നീട് പലതും കാണേണ്ടതായി വരുന്നു. കേളൻ പോയതു മുതല്‍ക്കെ തളര്‍ന്നു കിടപ്പിലായ ജനനിയെന്ന സ്ത്രീയുടെ പിന്നീടുണ്ടായ ജീവിതം ഉള്ളുനീറ്റുകയും ചെയ്യും. വായനക്കാരനെ പിടിച്ചിരുത്തുന്ന ചേരുവകളൊക്കെ തന്നെ നോവലില്‍ ഇഴപാകിക്കിടക്കുന്നുണ്ട്. രചനാശൈലി വായനക്ക് ആകര്‍ഷകമാകുന്നുമുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല