കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചു.

0
533
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ അക്ഷരം വേദിയില്‍ വസ്ത്രങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചയായപ്പോള്‍ ബി അരുന്ധതി, രാധിക സി നായര്‍, ജി ഉഷാകുമാരി, വി പി റജീന, എന്നിവര്‍ ഉടയാടകളുടെ രാഷ്ട്രീയത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രേക്ഷകരുമായി പങ്കുവെച്ചു.
പൗരോഹിത്യം മാത്രമല്ല സ്ത്രീയുടെ വേഷധാരണത്തെ നിയന്ത്രിക്കുന്നത്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍വരെ സ്ത്രീയുടെ കുലീനവും ഒതുങ്ങിയതുമായ വസ്ത്രധാരണയെ കുറിച്ച് വ്യക്തമായ അഭിപ്രായം മുന്നോട്ടുവെക്കുന്നുണ്ടെന്ന് അരുന്ധതി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. താന്‍ ഉള്‍പ്പടെ വൈവിധ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ‘വേഷം കെട്ടുക’ എന്ന് പറഞ്ഞും മാറുമറയ്ക്കല്‍ സമരത്തെ കുറിച്ച് പറഞ്ഞും സമൂഹം ആക്ഷേപിക്കുമ്പോള്‍, മുലകള്‍ മറച്ചുപിടിക്കേണ്ട ഒന്നായിരുന്നതിനാല്‍ അല്ല മറിച്ച്, ‘മുലക്കരം’ അടയ്‌ക്കേണ്ടി വന്നതിനാലും സ്ത്രീശരീരത്തെ ബഹുമാനിക്കേണ്ടതിനാലുമാണ് മാറുമറയ്ക്കല്‍ സമരം ഈഴവ സ്ത്രീകള്‍ നടത്തിയതെന്ന് സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണ് അരുന്ധതി. ഗാന്ധി ഷര്‍ട്ട് അഴിച്ചതിനും അംബേദ്ക്കര്‍ കോട്ട് അണിഞ്ഞതിനും ഇടയിലാണ് ഇന്ത്യന്‍ രാഷ്ട്രീയം എന്നും ഇതില്‍ ആര്‍ക്കൊപ്പമാണ് നാം നില്‍ക്കുന്നതെന്നും അരുന്ധതി ചോദിച്ചു.
വസ്ത്ര ധാരണത്തെ കുറിച്ച് പറയുമ്പോള്‍ അത് പലപ്പോഴും സ്ത്രീ വിരുദ്ധമായി മാറുന്നു. ഒരിക്കലും നാണമല്ല സ്ത്രീയെ വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചത് പകരം വസ്ത്രം ധരിച്ചതിന് ശേഷമാണ് സ്ത്രീയില്‍ വസ്ത്രമെന്ന വികാരം രൂപപ്പെട്ടതും തന്റെ ശരീരത്തില്‍ ചിലതെല്ലാം മറച്ചുപിടിക്കേണ്ടതുണ്ട് എന്നും തോന്നിയത്. അതുകൊണ്ട് മാറുമറയ്ക്കല്‍ സമരം സദാചാരത്തെയല്ല അവകാശത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത് എന്ന് രാധിക സി നായര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ ഇതുതന്നെയാണ് ചര്‍ച്ചയില്‍ മുന്നോട്ടുവക്കുന്ന വസ്ത്രത്തിന്റെ രാഷ്ട്രീയം. അതില്‍ കൈകടത്തല്‍ ഒരു ഭരണത്തിനോ മതത്തിനോ വ്യക്തിക്കോ അവകാശമില്ല. വേഷധാരണം ഒരിക്കലും വ്യക്തിയുടെ മതത്തെയോ ലിംഗത്തെയോ അല്ല കാണിക്കേണ്ടത് മറിച്ച് താന്‍ എന്ന വ്യക്തിയെയാണ്.
കലയും കാലവും എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദും ടി പി രാജീവനും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംവദിച്ചു. വികസനം, ജനാധിപത്യം, രാഷ്ട്രീയപാര്‍ട്ടികള്‍, ഇന്ത്യയും പാക്കിസ്ഥാനും എന്നീ വിഷയങ്ങളില്‍ ടി.പി രാജീവന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആനന്ദ് മറുപടി പറഞ്ഞു.
വികസനത്തിന് അനുകൂലമായി സംസാരിച്ച ആനന്ദ് നെഹ്‌റുവിന്റെ മാതൃകാ ലിബറല്‍ ജനാധിപത്യ ഭരണകാലത്ത് മുന്നോട്ടുവന്ന പോസിറ്റീവായ പ്രൊജക്ടുകളെപറ്റിയും സംസാരിച്ചു. അണക്കെട്ട് നിര്‍മാണം ഒരു ആവശ്യഘടകം തന്നെയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യം പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയത് മൂന്നുനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നും ഒരു മതരാജ്യമായി രൂപീകരിക്കപ്പെട്ട പാക്കിസ്ഥാന്റെ സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന നിയമനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവരുന്ന വിഭാഗീയതയെപറ്റി ആനന്ദ് സംസാരിച്ചു. മൗലീക സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജനാധിപത്യ രാജ്യത്തുപോലും ജീവിക്കാനും അഭിപ്രായങ്ങള്‍ പറയാനും ഭയമാണ്. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനുശേഷം മാറ്റേണ്ടിയിരുന്ന പലതും മാറ്റാന്‍ കഴിയാതിരുന്നതിന് കാരണം അന്ന് അതൊരു ആവശ്യമായി തോന്നിയിരുന്നില്ല എന്നതാണ്. എന്നാല്‍ ഇന്നത്തെ സാമൂഹ്യ അവസ്ഥയില്‍ അവയൊക്കെ നടക്കേണ്ടിയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഫെബ്രുവരി 9ന് ഓസ്‌ട്രേലിയന്‍ ചിത്രം റാബിറ്റ് പ്രൂഫ് ഫെന്‍സ് തുടങ്ങി അഞ്ചുചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. തുടര്‍ന്ന് Nupur Basu, കുമാര്‍ ഷഹാനി തുടങ്ങിയവരുമായുള്ള സിനിമാ ചര്‍ച്ചകളുമുണ്ടാകും.
വെള്ളിത്തിരയിലെ ചിത്രങ്ങള്‍;
*  രാവിലെ 10 മുതല്‍ 11.45 വരെ- റാബിറ്റ് പ്രൂഫ് ഫെന്‍സ്(Rabbit Proof Fence) ഡയറക്ടര്‍; ഫിലിപ് നൊയ്‌സ്(Phillip Noyce).
* 12 cglnd] 1.30 വരെ- അഷോകമിത്രന്‍- ഡയറക്ടര്‍; പ്രസന്ന രാമസ്വാമി
* 2.45 മുതല്‍ 4.30 വരെ- വെല്‍വറ്റ് റവലൂഷന്‍ (Velvet Revolution)- ഡയറക്ടര്‍; Nupur Basu
* 4.15 മുതല്‍ 5.15 വരെ- ദി ബുക്ക്‌സ് വീ മേഡ്( The Books we made)- ഡയറക്ടര്‍; അനുപമ ചന്ദ്ര
* 6 മുതല്‍ 8.30 വരെ- ചാര്‍ അദ്ധ്യായ(Char Adhyaya) ഡയറക്ടര്‍; കുമാര്‍ ഷഹാനി
മോഡറേറ്റര്‍ ഡോ. കെ എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിജിറ്റലൈസേഷന്‍ കാലത്തെ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ വിശ്വപ്രഭ, മഹേഷ് മംഗലാട്ട്, ഡോ പി കെ രാജശേഖരന്‍, സുനിത ടി വി, മനേജ് കെ പുതിയവിള, തുടങ്ങിയവര്‍ പങ്കെടുത്തു. സാങ്കേതിക വിദ്യയുടെ പ്രാധാന്യവും വര്‍ത്തമാന കാലത്തെ മലയാളഭാഷയെയും മുന്‍നിര്‍ത്തി ചര്‍ച്ച നടന്നു.
സാങ്കേതിക വിദ്യ തിരകളെപോലെയാണെന്നും ഒന്നുകില്‍ നമുക്കതില്‍ ഒഴുകാം അല്ലെങ്കില്‍ ഈ സാങ്കേതിക വിദ്യയില്‍ നമുക്ക് മുങ്ങിപ്പോകാം എന്നും വിശ്വപ്രഭ അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തില്‍ സൈബര്‍ സ്‌പെയ്‌സിലെ പുരുഷാധിപത്യത്തെ കുറിച്ച് സുനിത സംസാരിച്ചു. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഡിജിറ്റല്‍ ഡിവൈഡ് ഒരു പരിധിവരെ കുറക്കാന്‍ പൊതുജനത്തിന് സാധിക്കുമെന്ന് ഡോ. പി കെ രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്തമായ ആഖ്യാലനശൈലികൊണ്ട് വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരനാണ് ടി. പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്നാം ദിനം വേദി രണ്ടില്‍ പത്മനാഭന്‍ രചനകളിലെ പെണ്‍ കഥാപാത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച ടി. പത്മനാഭനും ശ്രീകല മുല്ലശ്ശേരിയുമായി നടന്നു.
ശക്തവും ഉദാത്തവുമായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത എഴുത്തുകാരനാണ് ടി. പത്മനാഭന്‍. പ്രകാശം പരത്തിയ പെണ്‍കുട്ടി, മൈഥിലി നീ എന്റേതാണ്, രാത്രിയുടെ അവസാനം, ഗൗരി എന്നിവ അവയില്‍ ചിലതുമാത്രം. അച്ഛനാകാന്‍, പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ അച്ഛനാവാന്‍ കഴിയാത്ത വേദനയും അതിനുള്ള ആഗ്രഹവുമാണ് പെണ്‍കഥാപാത്രത്തിലേക്ക് തന്നെ എത്തിക്കുന്നതെന്ന് കഥാകാരന്‍ പറഞ്ഞു. സ്ത്രീയെ എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ കഥാപാത്രസൃഷ്ടിയില്‍ അമ്മയും ജേഷ്ടത്തിയും കടന്നുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്മയോര്‍മ്മകളിലേക്കും ബാല്യകാലത്തിലേക്കും പൊതു സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്കും രാഷ്ട്രീയം പ്രണയം എന്നീ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറി. നിറഞ്ഞ സദസ്സിനെ തന്റേതായ രീതിയില്‍ മികവുറ്റതാക്കാനും ചിരി പടര്‍ത്താനും അദ്ദേഹത്തിന് സാധിച്ചതിനൊപ്പം പല ചോദ്യങ്ങളില്‍ നിന്നും വിവാദങ്ങള്‍ ഉണ്ടാക്കാതെ വഴുതി മാറുകയും ചെയ്തു.
അനുഭവാവിഷ്‌കാരങ്ങളാണ് ‘ഗൗരി’ എന്നും അമ്മയോര്‍മ്മകളാണ് ‘ഇരുട്ടില്‍ കയറി വരുന്ന മകന്‍’ എന്നും അദ്ദേഹം പറഞ്ഞു. കഥകളെ ആദ്യം മനസ്സിലും പിന്നീട് പേപ്പറിലുമെഴുതുന്ന തനിക്ക് നോവലെഴുതാനുള്ള ക്ഷമയോ കഴിവോ ഇല്ലെന്ന് അദ്ദേഹം പറയുന്നു. സാഹിത്യത്തിലെയും സംഗീതത്തിലെയും വിഭജനങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ടി. പത്മനാഭന്‍ അഭിപ്രായപ്പെടുന്നു.
സാഹിത്യത്തിന് നളിനി ജമീലയുടെയും സരിതാ നായരുടെയും രചനകളെ ഏറ്റെടുക്കാനുള്ള മനസ്സ് കൈവന്നതിലുള്ള ആഹ്ലാദവും കഥാകൃത്തിനുണ്ട്. മാധവിക്കുട്ടിയുടെ മതംവരെ ചര്‍ച്ചയായ വേദിയില്‍ ഇഷ്ടപ്പെട്ട എഴുത്തുകാരികളിലൊരാള്‍ മാധവിക്കുട്ടിയാണെന്ന സാക്ഷ്യപ്പെടുത്തലും നടന്നു. കാലത്തിന് നുമ്പേ സഞ്ചരിച്ച എഴുത്തുകാരിയെന്ന് സരസ്വതിയമ്മയെ വിലയിരുത്തിയപ്പോള്‍ ലളിതാംബിക അന്തര്‍ജനത്തെയും കഥാകാരന്‍ മറന്നില്ല. സംഗീതത്തിന്റെ ആരാധകനും നല്ല ശ്രോതാവുമായ തനിക്ക് പാടാനുള്ള കഴിവില്ലാത്തതിലുള്ള വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാണ്…
ഉന്നതവിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കണമെങ്കില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തുറന്ന കുമ്പസാരം ആവശ്യമാണെന്ന് ഡോ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭരണം മാറുന്നതിനോടൊപ്പം തന്നെ പാഠ്യവിഷയങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കാര്യമായൊരു മാറ്റം സംഭവിക്കണമെങ്കില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തൊരുമിച്ചൊരു കുമ്പസാരം അത്യാവശ്യമാണ്. ഇതിനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. നേതാക്കളുടെ അഭിപ്രായങ്ങളെ അതേപടി വിശ്വസിക്കുകയാണ് പൊതുജനം ചെയ്യുന്നതെന്നതെന്നും ജയകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയുള്ള വെല്ലുവിളി കൂടിയായിരുന്നു ചര്‍ച്ച. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്നും ചോദ്യചിഹ്നത്തിലാണ്. ഇന്നത്തെ വിദ്യാഭ്യാസം എന്നത് വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും രക്ഷിതാക്കളുടെ തീരുമാനമായിമാറുന്നു. മികവിന്റെ വിദ്യാഭ്യാസം വളരെ വിരളമാണ്. ഏതെങ്കിലുമൊരു ബിരുദം നേടുന്നത് പി.എസ്.സി യിലേക്കുള്ള ചവിട്ടുപടിയായിട്ട് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നതെന്ന് ഡോ. ജാന്‍സി ജെയിംസ് സംവദിച്ചു. വിദ്യാഭ്യാസമാണ് വളര്‍ച്ചയിലേക്കുള്ള മാധ്യമമെന്നാണ് ജാന്‍സി ടീച്ചറിന്റെ വിലയിരുത്തല്‍.
വിദ്യാര്‍ത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും കൃത്യമായ പഠനം ഏര്‍പ്പെടുത്തണമെന്ന് ഡോ. പ്രസാദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കച്ചവടമായിക്കഴിഞ്ഞ കേരളത്തിലെ അവസ്ഥക്കെതിരെ പ്രതികരിക്കേണ്ട വിദ്യാര്‍ത്ഥികള്‍,  വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലയെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. വിമോചന സമരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിപോകട്ടേയെന്ന അഭിപ്രായത്തില്‍ ചര്‍ച്ച അവസാനിച്ചു. എഴുത്തോലയില്‍ അരങ്ങേറിയ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധികളും സാധ്യതകളെയും സംബന്ധിച്ച ചര്‍ച്ച പ്രേക്ഷക ശ്രദ്ധ നേടി…

LEAVE A REPLY

Please enter your comment!
Please enter your name here