Homeലേഖനങ്ങൾപിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??

പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നെടോ.??

Published on

spot_img

ഒന്നുമറിയാത്തിടത്ത്‌ നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത്‌ തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച്‌ രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാന തൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത ലാഭം ചില്ലറയല്ല.

അസി അസീബ് പുത്തലത്തിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്

നാട്‌ പെരുംബാവൂരാണ്. എന്നു വച്ചാൽ, ഇതരസംസ്ഥാന/അതിഥിതൊഴിലാളികളെ കേരളത്തിൽ ഏറ്റവുമാദ്യം പരിചയപ്പെട്ട നാട്‌, ഏത്‌ ജംഗ്ഷനിൽ ചെന്ന് നിന്ന് ചോദിച്ചാലും നാലുദിശയിലേക്കും ചൂണ്ടിക്കാണിക്കാനത്ര തടിമില്ലും പ്ലൈവുഡ്‌ കമ്പനികളും ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള നാട്‌.

എനിക്കോർമ്മയുള്ള കാലം മുതൽ ഇവിടെ ഇതരസംസ്ഥാനതൊഴിലാളികളുണ്ട്‌. നാലാൾ പിടിച്ചാലനങ്ങാത്ത മരത്തടിപിടിക്കാനും അറുക്കാനും പൊരിവെയിലത്ത്‌ പോളയുണക്കാനും മാരകരോഗങ്ങൾ പിൻകാലത്ത്‌ വച്ചുനീട്ടുന്ന കെമിക്കലുകൾ ചേർത്തൊട്ടിച്ച്‌ പ്ലൈവുഡാക്കാനും തുടങ്ങി, ശരീരമനങ്ങുന്ന, കേടാവുന്ന പണിയിൽ നിന്ന് മലയാളി പിന്മാറിത്തുടങ്ങിയ കാലത്ത്‌, ബംഗാളിൽ നിന്നും അസ്സാമിൽ നിന്നും ഒറീസയിൽ നിന്നുമൊക്കെ അന്നന്ന് വയർ നിറക്കാനുള്ളതൊപ്പിക്കാൻ ട്രയിൻ കയറി അവരെത്തിതുടങ്ങിയ കാലം മുതൽ.

പട്ടിണിപ്പാവങ്ങൾക്ക്‌ ഒരു സഹായമായിക്കോട്ടെ എന്ന് കരുതി തൊഴിൽ കൊടുത്തതൊന്നുമല്ല ഒരു മുതലാളിയും. നൂറു കൊടുത്താൽ ഇരുന്നൂറിനും ഇരുന്നൂറു കൊടുത്താൽ അഞ്ഞൂറിനും മുന്നൂറു കൊടുത്താൽ ആയിരത്തിനും പണിയെടുക്കുമെന്ന് കണ്ട്‌, സംഘടിക്കാനുള്ള കഴിവ്‌ ‘അവറ്റകൾക്ക്‌’ കാണില്ലെന്നറിഞ്ഞ്‌ അടിമപ്പണിയേൽപ്പിച്ചതാണ്. ഒന്നുമറിയാത്തിടത്ത്‌ നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താൽ അതേ പടി പകർത്താൻ കഴിവുള്ള, പറഞ്ഞ പണി സമയത്ത്‌ തീർക്കുന്ന, ഞായറൊരുദിവസമൊഴിച്ച്‌ രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാൾ വിലനൽകാത്ത അന്യസംസ്ഥാനതൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത ലാഭം ചില്ലറയല്ല.

പക്ഷേ, മലയാളി പറയും, ‘അവറ്റകൾ ശെരിയല്ല’ എന്ന്.

ഇടക്ക്‌ ഇവിടെ കമ്പനികളിലെ ബോയിലർ പൊട്ടിത്തെറിക്കും. അടുത്ത്‌ നിൽക്കുന്ന തൊഴിലാളികളുടെ കയ്യും കാലും മുഖവുമെല്ലാം ഒരിക്കലും പഴയതുപോലാവാത്തവിധം പൊള്ളിയുരുകി പോകും.
അല്ലെങ്കിൽ ചിലപ്പോൾ മെഷീനുകളുടെയോ സോയുടേയോ ഇടയിൽ പെട്ടെ കയ്യോ വിരലോ അറ്റുപോകും.

അപകടം കേട്ടറിഞ്ഞ്‌ നമ്മൾ വീഡിയോ പിടിക്കാൻ കയ്യിൽ ഫോണുമായി ചെല്ലുമ്പോ, ഏതെങ്കിലും ഒരു മൂലയിൽ ഒരു തോർത്ത്‌ വീശി പൊള്ളിയ ഭാഗം തണുപ്പിച്ചോ അറ്റു പോയ വിരൽ മറ്റേ കയ്യിലെടുത്ത്‌ അവന്മാർ ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്നുണ്ടാവും. ഇവർക്ക്‌ വേദന എന്നൊന്നില്ലേയെന്ന് നമുക്ക്‌ തോന്നിപ്പോകും.

കൊള്ളാവുന്ന ആശുപത്രിക്കൊന്നുമല്ല, അത്യാവശ്യം മരുന്ന് വക്കാനും ഡ്രസ്‌ ചെയ്ത്‌ മുറിവ്‌ പുറത്തുകാണാതിരിക്കാനും വേണ്ടി മാത്രം അടുത്തൊള്ള ക്ലിനിക്കിലേക്കും അത്‌ കൊണ്ടാവില്ലെന്ന് തോന്നിയാൽ ഏറ്റവും കുറഞ്ഞ ചെലവിൽ 2 ദിവസം കിടത്താവുന്ന ഹോസ്പിറ്റലിലേക്കും ബൈക്കിന്റെ പിറകിലോ ഓട്ടോയിലോ കയറ്റി കൊണ്ടുപോകും. കുറച്ച്‌ ദിവസം കഴിഞ്ഞ്‌ കയ്യിൽ ചെറിയൊരു തുക കൊടുത്ത്‌, പഴയ പോലെ വേഗതയില്ലാത്ത, പണിയെടുക്കാൻ കഴിയാത്ത, അവനെ നാട്ടിലേക്ക്‌ കയറ്റി വിടുകയും ചെയ്യും.

അവനെയൊഴിവാക്കി കവലക്ക്‌ കൂടിയിരുന്ന് നമ്മൾ പറയും ‘അവറ്റകൾക്ക്‌ ഒരു മനുഷ്യത്ത്വവുമില്ല’ എന്ന്.

വെള്ളോം വെളിച്ചോം ഇല്ലാത്തിടത്ത്‌ ഹോളോബ്രിക്സ്‌ കൊണ്ട്‌ നാലഞ്ച്‌ ഒറ്റമുറി ലൈൻ കെട്ടിടം തീർത്ത്‌, ഷീറ്റ്‌ മേഞ്ഞ്‌, പുറത്തൊരു കക്കൂസും പണിത്‌, ഒരാൾ കിടക്കേണ്ടിടത്ത്‌ ഒമ്പത്‌ പേരെ കിടത്തി, നാട്ടിലില്ലാത്ത വാടക വാങ്ങി പോക്കറ്റിലിട്ട്‌ അവിടം മുഷിയുമ്പോ നമ്മൾ പറയും, ‘അവറ്റകൾക്ക്‌ വൃത്തിയില്ല’ എന്ന്.

ലോകത്തെവിടെയുമുള്ള നാടുകളിൽ കുടിയേറി പണിയെടുത്ത്‌ പൈസയുണ്ടാക്കി തിരിച്ച്‌ സ്വന്തം മണ്ണിലെത്തുമ്പോ മലയാളി അന്യസംസ്ഥാനതൊഴിലാളിയെ നോക്കി പറയും, ‘ഇവറ്റകൾ ഈ നാട്‌ നശിപ്പിക്കുന്നു’ എന്ന്.

അന്താരാഷ്ട്ര അഭയാർത്ഥികളെക്കുറിച്ച്‌ ഹൃദയം തട്ടുന്ന മെസേജ്‌ ഫാമിലി ഗ്രൂപ്പിലേക്കയച്ച്‌ വാചാലനായതിനു പിന്നാലെ, വംശീയത മുറ്റുന്ന ആക്രോശങ്ങളുയർത്തുന്ന,
വ്യക്തിസ്വാതന്ത്ര്യത്തെ പറ്റി പ്രസംഗിച്ച്‌ വരുന്ന വഴിയിൽ ട്രാൻസ്ജൻഡറുകളെ തെറിവിളിച്ച്‌ തുണിയൂരിക്കുന്ന, പുരോഗമനമനസെന്ന് അവകാശപ്പെട്ട്‌ സദാചാരപോലീസാകുന്ന മലയാളികളോളം ഹിപ്പോക്രൈറ്റ്സ്‌ ആയ ഒരു കൂട്ടർ വേറെയില്ല.

സിനിമാ നടി വിവാഹിതയായാൽ പൊതുകമ്പനി സ്വകാര്യവൽക്കരിച്ചെന്ന് കമന്റിടുന്ന, രണ്ടാം വിവാഹമാണെങ്കിൽ അവൾക്ക്‌ കഴപ്പ്‌ മാറിയില്ലെന്ന് പരിഹസിക്കുന്ന, വിമർശനങ്ങളെ ‘പൊങ്കാല’യെന്ന ഓമനപ്പേരിൽ തെറിവിളിച്ചൊതുക്കുന്ന, മുള്ളാത്തയും ലക്ഷ്മിത്തരുവും കാൻസർ മാറ്റുമെന്ന മെസേജ്‌ ഫോർവേഡ്‌ ചെയ്യുന്ന, വാട്സപ്പുണ്ടായ കാലം മുതൽ എയ്ഡ്സ്‌ രോഗിയുടെ രക്തം കലർന്ന ഫ്രൂട്ടിയെ പറ്റി ജനങ്ങൾക്ക്‌ അവബോധം നൽകുന്ന, ആയിരം വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം ദിവസവും നടക്കുന്ന മലയാളിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ, എഴുതാനും വായിക്കാനുമറിയുകയും സാമ്പത്തിക-സാങ്കേതികവിദ്യാ മൂലധനം ലഭ്യമാവുകയും ചെയ്തിട്ടും സാമാന്യബോധം കുറ്റിയിൽ കെട്ടിയ കാളയെപ്പോലെ പതിറ്റാണ്ടുകൾക്ക്‌ പിന്നിൽ വട്ടം ചുറ്റുന്ന ഒരു സമൂഹത്തിലേക്ക്‌ സ്മാർട്‌ ഫോൺ ഇറക്കിക്കൊടുത്താൽ എന്ത്‌ ദുരന്തമുണ്ടാകുമെന്നതിന്റെ കൃത്യമായ വെളിപ്പെടുത്തലാണ്.

അവർക്കിടയിലേക്കാണിപ്പോൾ, കുട്ടികളെ വ്യാപകമായി അന്യസംസ്ഥാനതൊഴിലാളികൾ കടത്തിക്കൊണ്ട്‌ പോകുന്നു എന്ന ‘മാക്സിമം ഷെയർ’ മെസേജുകൾ ശബ്ദമുണ്ടാക്കുന്നത്‌.

ക്രൈം ഡേറ്റ പ്രകാരം കേരളത്തിലെ കുറ്റകൃത്യങ്ങളിലും കുട്ടികളെ അപകടപ്പെടുത്തുന്നതിലുമെല്ലാം മുന്നിൽ നിൽക്കുന്നത്‌ മലയാളികൾ തന്നെയാണ്. ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടാൽ ഓടിക്കാൻ മലയാളിക്ക്‌ യോഗ്യതയില്ലെന്ന് മാത്രമല്ല, അവരുടെ പിള്ളേരെ മലയാളിയിൽ നിന്ന് സൂക്ഷിക്കേണ്ട അവസ്ഥയിലാണ് ഗവൺമന്റ്‌ കണക്കുകൾ.

കേരളം അവരെ പോറ്റുന്നതാണോ, അവർ കാരണം കേരളം മുന്നോട്ട്‌ പോകുന്നതാണോ എന്ന് ചോദിച്ചാൽ രണ്ടാമത്തേതിനാണിത്തിരി കൂടി ബലം. കേരളത്തിൽ കൈകാൽ അനക്കേണ്ട, മനുഷ്യപേശികൾ വലിയേണ്ട എല്ലാ പണികളും ചെയ്യുന്നത്‌ അവരാണ്. മലയാളിയുടെ വീടിനു തറകെട്ട്‌ മുതൽ ഫൈനൽ ടച്ച്‌ പെയിന്റിംഗ്‌ വരെ, കാർ വാഷ്‌ മുതൽ റോഡ്‌-മെട്രോ-എയർ പോർട്ട്‌ വരെ, മലയാളി അഭിമാനിക്കുന്ന ഏത്‌ ഇൻഫ്രാസ്ട്രക്ച്ചറുകളുടേയും വർക്ക്ഫോഴ്സ്‌ അവരാണ്. യാതൊരു ആനുകൂല്യങ്ങളും നൽകാതെ, ഇരുപതിനും അൻപതിനും ഇടയിലെ അവരുടെ ആരോഗ്യം ഊറ്റിയെടുത്ത്‌ ചണ്ടിയാക്കി തിരിച്ചയച്ച്‌, അവരെ കേരളം പോറ്റിയെന്ന് അഭിമാനം കൊള്ളുന്ന മലയാളികളെ.. അവർ ഇട്ടിട്ട്‌ പോയാൽ കണ്ടിയിടും നീയൊക്കെ.

റോഡ്‌ സൈഡിലും കലുങ്കുകളിലും കടവരാന്തകളിലും ചന്തി നിലത്ത്‌ മുട്ടിക്കാതെ, കസേരയോ ബെഞ്ചോ ഉണ്ടെങ്കിലും അതിലിരിക്കാതെ കുന്ത്കാൽ കെട്ടി കുത്തിയിരിക്കുന്നത്‌, വരുന്ന നാട്ടിലെ ജനാധിപത്യമില്ലായ്മയുടെ, ഫ്യൂഡൽ വ്യവസ്ഥയുടെ ഭീകരത അവരുടെ മനസിൽ ഉള്ളതുകൊണ്ടാണ്.

എത്ര അവജ്ഞയോടെ നീ നോക്കിയാലും പാൻ തിന്ന് കറപിടിച്ച പല്ല് കാട്ടി ചിരിക്കുന്നത്‌, ആ നാടുകളേക്കാൾ ഇവിടം പ്രതീക്ഷയുള്ളതുകൊണ്ടാണ്.

നീയൊക്കെ കൈവച്ച്‌ കടവായിന്ന് ചോരയൊഴുകി പല്ല് ചുവന്നാലും, ചുണ്ട്‌ വീർത്ത്‌ കെട്ടി തൂങ്ങിയാലും, വേദന മറന്ന് ദയനീയതയോടെ നോക്കുമ്പോഴും അവരാ പ്രതീക്ഷയോടുള്ള പച്ചച്ചിരി ബാക്കി വക്കും.

പിന്നെയും എങ്ങനെ തല്ലാൻ തോന്നുന്നടോ.??

photo source : internet

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...