നിധിൻ. വി. എൻ
ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്ത് വിദുഷി കിഷോരി അമോങ്കറുടെ സ്ഥാനമെന്താണെന്ന് സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും അറിയാം. 1932 ഏപ്രിൽ പത്തിന് ജനിച്ച കിഷോരി ജയ്പൂർ ഖാനയുടെ പിന്മുറക്കാരിയാണ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയായ മൊഗുഭായ് കുർദ്ദിക്കറാണ് കിഷോരിയുടെ അമ്മയും ഗുരുവും. പാരമ്പര്യത്തിന്റെ മഹാസ്വാധീനവും ദുസ്സഹമായ നിരന്തരസാധകത്തിന്റെ അച്ചടക്കവും സംയോജിച്ചതാണ് കിഷോരി അമോങ്കറുടെ സംഗീത ജീനിയസ്സ്.
1987-ൽ പത്മഭൂഷണവും, 2002-ൽ പത്മവിഭൂഷണവും നൽകി രാജ്യം ആദരിച്ച അവർക്ക് , 2010-ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. തന്റെ 84-ാം വയസ്സിൽ സ്വരസ്ഥാനങ്ങളില്ലാത്ത ലോകത്തേക്ക് കിഷോരി യാത്രയായപ്പോൾ ,ഹിന്ദുസ്ഥാനി സംഗീതത്തിലെ സുവർണതാരകത്തെയാണ് നഷ്ടമായത്. സംഗീതജ്ഞ എന്ന മേൽവിലാസത്തിനൊപ്പം രാജ്യം മുഴുവൻ സഞ്ചരിച്ച് സംഗീതരസങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി മികച്ചൊരു പ്രഭാഷകയാണ് താനെന്ന് അവർ തെളിയിച്ചു.
പാരമ്പര്യമായി ലഭിച്ച സംഗീതത്തിൽ നിന്നും,കാലക്രമേണ സ്വന്തം ശൈലി രൂപപ്പെടുത്തുകയാണ് കിഷോരി ചെയ്തത്.അമോങ്കർ,ജയ്പൂർ – അത്രോളി ഖരാനയിലെ ഭാവസാന്ദ്രമായ ശൈലിയാണ് പ്രധാനമായും അവർ ഉപയോഗിച്ചത്.