സ്നേഹ ‘പ്രവാചകൻ’ ഓർമ്മയായിട്ട് 87 വർഷങ്ങൾ

0
493

നിധിൻ. വി. എൻ

“ഉരുകി, രാത്രിയോട് രാഗങ്ങൾ പാടുന്ന,

പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.

അത്യധികമായ ഹൃദയ മൃദുലതയുടെ

വേദനയറിയുക.

സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ

സ്വന്തം ധാരണയാൽ മുറിവേൽക്കുക.

അങ്ങനെ പൂർണ്ണ മനസ്സോടും

ഹർഷവായ്പ്പോടും ചോരയൊഴുക്കുക”.

ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹസ്പർശം കൊണ്ട് മായ്ച്ചുകളയുന്ന പ്രവാചകന്റെ വാക്കുകളാണിത്. സമൂഹം അടിച്ചേൽപ്പിക്കുന്ന വിശ്വാസ സംഹിതകളെ തച്ചുടക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ രചനകളിലെ സ്നേഹമെന്ന സത്യത്തിനുണ്ട്. സ്വത്വബോധത്തെ ഉണർത്തുന്നതിലും ഹൃദയത്തെ ശുദ്ധീകരിക്കുന്നതിലും ജിബ്രാന്റെ രചനകൾക്കുള്ള കഴിവ് ചെറുതല്ല.

കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു, ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക. പ്രവാചകൻ പറഞ്ഞു, നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല. ജീവിതത്തിന്, സ്വന്തം നിലനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന് ജനിച്ച കുട്ടികളാണവർ. അവർ നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളിൽ നിന്നല്ല വന്നത്. നിങ്ങളോടൊപ്പമാണെങ്കിലും അവർ നിങ്ങളുടേതല്ല. നിങ്ങൾ അവർക്ക് സ്നേഹം നൽകിക്കോളു,ചിന്തകൾ നൽകരുത്. അവർക്ക് അവരുടേതായ ചിന്തകളുണ്ട്. അവരെപോലെയാകാൻ നിങ്ങൾക്ക് പരിശ്രമിക്കാം. പക്ഷെ അവരെ ഒരിക്കലും നിങ്ങളെപോലെ ആക്കാൻ ശ്രമിക്കരുത്. ജീവിതം പിന്നോട്ട് പായുന്നില്ല, ഇന്നലെയിൽ തങ്ങി നിൽക്കുന്നുമില്ല. നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്ഷ്യം കാണു. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക”.

(പ്രവാചകൻ)

സാഹിത്യത്തെ ആത്മീയചിന്തകളിലേക്കും,തത്ത്വചിന്തയിലേക്കും നയിച്ച എഴുത്തുകാരനാണ് ജിബ്രാൻ. 1883 ജനുവരി ആറിന് ലെബനനിലെ ബഷരി എന്ന പട്ടണത്തിൽ ജനിച്ച ജിബ്രാൻ ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കൻ ഐക്യനാടുകളിലാണ് ചെലവഴിച്ചത്. ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്ന ജിബ്രാൻ,പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ്. ജിബ്രാൻ അമേരിക്കയിൽ വെച്ചാണ് സാഹിത്യജീവിതം ആരംഭിക്കുന്നത്. അറബിയിലും ഇംഗ്ലീഷിലും രചനകൾ നടത്തിയ ജിബ്രാൻ, സാഹിത്യ രാഷ്ട്രീയ രംഗത്തെ  വിമതനായിട്ടാണ് അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകൾ എന്നൊരു ശാഖ തന്നെ ജിബ്രാന്റെ സംഭാവനായിരുന്നു.

കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്ന ജിബ്രാന്റെ ബാല്യകാല അനുഭവങ്ങളാവാം അദ്ദേഹത്തിന്റെ രചനകൾക്ക് മിഴിവേകിയത്. ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ലെങ്കിലും, പഠനത്തിൽ താല്പര്യം കാണിച്ച ജിബ്രാന് ഗ്രാമത്തിലെ ഒരു പുരോഹിതൻ വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിക്കാൻ തയ്യാറായി. പ്രകൃതിയിലലിഞ്ഞ് ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിൽക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും പ്രകൃതി സാമീപ്യത്തിന്റെ സാധ്വീനവും ഉൾക്കാഴ്ചയുള്ള വിലയിരുത്തലും കാണാം.

1904-ൽ ജിബ്രാൻ തന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തി. 1908-ൽ ചിത്രകലാപഠനം പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി. ഈ കാലത്താണ് യൂറോപ്യൻ സാഹിത്യവുമായി കൂടുതലടുക്കാൻ ജിബ്രാനെ സഹായിച്ചത്. ചിത്രകലയിലെ ആധുനിക പ്രവണതകൾ അദ്ദേഹം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. ഭ്രാന്തൻ വിപ്ലവം എന്നാണ് ആധുനിക ചിത്രകലയെ ജിബ്രാൻ വിശേഷിപ്പിച്ചത്.

ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാവുന്നതാണ്. 1905 മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918 മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും. ആദ്യകാലകൃതികളിൽ നിരാശ,ക്ഷോഭം എന്നിവയ്ക്കാണ് മുൻതൂക്കമെങ്കിൽ രണ്ടാം ഘട്ടത്തിലെ രചനകളിൽ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങൾ ദർശിക്കാം. 1905-ൽ അറബിയിൽ രചിച്ച ‘അൽ മ്യൂസിക്കാ’ ആണ് ആദ്യ കൃതി. താഴ്‌വരയിലെ സ്വർഗകന്യകൾ(Nymphs of the valley), ഒടിഞ്ഞ ചിറകുകൾ(Broken wings), ക്ഷോഭിക്കുന്ന ആത്മാവ് (Spirit’s Rebellious), പ്രവാചകൻ (The prophet), യേശു മനുഷ്യന്റെ പുത്രൻ (Jesus the Son of Man), മണലും നുരയും (Sand and Foam) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകൾ.

1923-ൽ എഴുതിയ പ്രവാചകൻ എന്ന കാവ്യോപന്യാസ സമാഹാരം ജിബ്രാനെ പാശ്ചാത്യലോകത്ത് പ്രശസ്തനാക്കി. പ്രവാചകനിലൂടെ തന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശനസാന്ദ്രമായ ആവിഷ്ക്കാരം നൽകിയപ്പോൾ ഏറ്റവും അധികം ആശ്വാസം കൊണ്ട് മാനവകുലമായിരുന്നു. പ്രണയം,വിവാഹം നിയമം,കഞ്ഞുങ്ങൾ,നീതി,ശിക്ഷ, സ്വാതന്ത്ര്യം,ഔദാര്യം,മതം,സുഖം,ദുഃഖം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് അൽ മുസ്തഫ എന്ന പ്രവാചകനിലൂടെ ഉത്തരം നൽകുന്നു.

1912-ൽ ന്യൂയോർക്കിൽ താമസമാരംഭിച്ച ജിബ്രാൻ അവിടെയുള്ള ഹെർമിറ്റേജ് എന്നു വിളിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു ജീവിതാവസാനം വരെയും കഴിഞ്ഞത്. 1931 ഏപ്രിൽ പത്തിന് തന്റെ നാല്പത്തെട്ടാമത്തെ വയസ്സിൽ സ്നേഹചിരാതുകൾ നിരത്തി അദ്ദേഹം യാത്രയായി.

LEAVE A REPLY

Please enter your comment!
Please enter your name here