വായന
മുഹമ്മദ് റബീഹ് എം.ടി വെങ്ങാട്
കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും “ഖബറിലുള്ളത്” മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം വളർന്ന് പന്തലിക്കുന്നത്. അതിനിടക്ക് ഒരു വൃക്ഷം ആയുസ്സിലനുഭവിക്കുന്ന കത്തുന്ന വേനലും കുളിര് കോരിയൊഴിക്കുന്ന തണുപ്പ് തരുന്ന ഹിമകണങ്ങളും മനുഷ്യന്റെ കൊടുവാളുകൊണ്ടേൽക്കുന്ന മുറിവുകളുമെല്ലാം ഭാവനാ സച്ചിദാനന്ദനും ഏൽക്കുന്നുണ്ട്. അത് പ്രണയമായും, ദാമ്പത്യ തകർച്ചയായും, ജീവിതത്തിലെ മതിഭ്രമം നൽകുന്ന കൺകെട്ടുകാഴ്ചകളായും ഈ കുഞ്ഞു ഖബറിലങ്ങനെ നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്.
“ലോ കോളേജിൽ വെച്ച് പ്രമോദിനെ പ്രേമിക്കുകയും അയാളുടെ ഭർത്താവായി കിട്ടാൻ ആറേഴു കൊല്ലം തിങ്കളാഴ്ച വ്രതമെടുക്കുകയും ധനിക ബന്ധുക്കളുമായി ആലോചനക്കെത്തുമ്പോൾ അയാൾക്ക് അപമാനം ഉണ്ടാകാതിരിക്കാൻ അച്ചനെക്കൊണ്ട് ലോണെടുപ്പിച്ച് കോൺക്രീറ്റ് വീടു പണിയിക്കുകയും കുറുപ്പു സാറിൻ്റെ ജൂനിയറായിരിക്കെ, കിട്ടിയ കാശ് മുഴുവൻ പിശുക്കി സ്വരുക്കൂട്ടി നൂറു പവൻ തികയ്ക്കുകയും കല്യാണത്തിന് ശേഷം താൻ വലിയ കേസുകൾ ജയിക്കുന്നത് അയാളുടെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് ആളിക്കത്തിക്കുന്നതു തിരിച്ചറിഞ്ഞ് അവവേണ്ടെന്ന് വെക്കുകയും അയാൾ എഴുതിത്തോറ്റ മുൻസിഫ് മജിസ്ട്രേറ്റ് ടെസ്റ്റ് എഴുതേണ്ടെന്ന് തീരുമാനിക്കുകയും ഒക്കെ ചെയ്ത ഒരുവൾ ഉണ്ടായിരുന്നു. അവൾ പ്രമോദിന് ഇഷ്ടമില്ലാത്ത സാരിയുടുത്തില്ല. പ്രമോദിന് ഇഷ്ടമില്ലാത്തവരോട് സംസാരിച്ചില്ല, പ്രമോദ് സന്തോഷിക്കാത്തതിൽ സന്തോഷിച്ചില്ല, പ്രമോദിനോട് ചോദിക്കാതെ ശ്വാസം വിടാൻ തയ്യാറായില്ല.”
പ്രണയസാഫല്യത്തിന് ശേഷമുള്ള സന്തോഷ ജീവിതത്തിന് വേണ്ടി ഇത്രയുമൊക്കെ ഉരുകിയൊലിച്ചിട്ടും ജീവിത പാതിയിൽ ദാമ്പത്യം രക്തം ചർദ്ദിച്ച് മരിക്കുന്നതിനിടയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന അന്ത:സംഘർഷങ്ങളാണ് മീര ഈ വരികളിലൂടെ വരച്ച് വെക്കുന്നത്.
ഈ സംഘർഷത്തിനൊടുവിലാണ് കാക്കശ്ശേരി ഖയാലുദ്ധീൻ തങ്ങൾ തന്റെ പിതാമഹന്റെ ഖബറുമായി ബന്ധപ്പെട്ട ഒരു കേസുമായി ഭാവനയുടെ ജീവിതത്തിലേക്ക് കയറി വരുന്നത്. തന്റെ അസ്തിത്വത്തിന്റെ തായ് വേരിനെ എങ്ങിനെയും സംരക്ഷിക്കണമെന്ന് ഖയാലുദ്ധീൻ തങ്ങൾക്കുണ്ടായിരുന്നെങ്കിലും അനുഭവങ്ങളുടെ ചരിത്ര മൂല്യം മാത്രമേ തെളിവായി കൈവശമുണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് കോടതി വ്യവഹാരത്തിൽ അത് വിലപ്പോയില്ല.
”ഇനി ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഖബര്‍ എന്നു വാദിച്ചാല്‍ത്തന്നെ, അങ്ങനെയൊന്നുണ്ട് എന്നു തെളിയിക്കാന്‍ നിങ്ങളുടെ കയ്യില്‍ രേഖയില്ല, ഉണ്ടോ?”
”രേഖയെന്നു ചോദിച്ചാല്‍… ”
”ഉണ്ടോ ഇല്ലയോ?”
”കടലാസ് രേഖ ഇല്ല.”
”താളിയോല രേഖ?”
”ഇല്ല. പക്ഷേ, രേഖയില്ലാത്തതുകൊണ്ട് ഖബര്‍ ഇല്ലാതാകുന്നില്ല.”
”ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ മതി, കേട്ടോ. ഖബര്‍ ഉണ്ടെങ്കില്‍ ഖിബിലയിലേക്കുള്ള ദര്‍ശനം ഏതു കോണില്‍നിന്നാണ്? ”
”അത് അളന്നു നോക്കിയാലേ അറിയൂ. ”
”ചുരുക്കത്തില്‍ അവിടെ ഖബര്‍ ഉണ്ടോ എന്നു നിങ്ങള്‍ക്ക് തീര്‍ച്ചയില്ല. ഉണ്ടെങ്കില്‍ ഏതു തരം ഖബര്‍ ആണെന്നും അറിയില്ല. ”
”ഇല്ല.”
‘ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍.’
ബാബരി ഗൂഢാലോചന കേസിൽ മതിയായ തെളിവില്ലാത്തതുകാരം പ്രതികളെ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിൽ ഖബറിലെ ഈ കോടതി വ്യവഹാരം നീതിയുടെ പല “ഖബറുകളും”മണ്ണിട്ടു മൂടിയിട്ടുണ്ട് എന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തെ ചേർത്തുവായിക്കാനായി വായനക്കാരന് വിട്ട് നൽകുകയാണ് മീര ചെയ്യുന്നത്.
താൻ തേടി നടന്ന യോഗീശ്വരനമ്മാവന്റെ കഥയന്വേഷിച്ച് നടന്ന ഭാവന പിന്നീടറിയുന്നത് കാശിക്ക് പോയ തന്റെ അമ്മാവൻ തിരിച്ച് വന്നത് മതം മാറിയിട്ടായിരുന്നു, ഇതറിഞ്ഞ ബന്ധുക്കൾ അദ്ധേഹത്തെ തല്ലിക്കൊന്ന് കുഴി വെട്ടി കുഴിച്ചിട്ട സ്ഥലം സംരക്ഷിക്കണമെന്നാണ് വാദിയായ ഖയാലുദ്ധീൻ തങ്ങൾ ഇതുവരെ പറഞ്ഞ് നടന്നിരുന്നത് എന്നാണ്. ഈ കഥ ഐതീഹ്യവൽക്കരിക്കപ്പെട്ടതുമൂലമാണ് തങ്ങൾക്ക് പൂർവീകന്റെ ഖബർ സംരക്ഷണത്തിനായി കോടതിയിലെത്തേണ്ടി വന്നത്.
ആൾ പാർപ്പില്ലാത്ത സ്ഥലത്തേക്ക് ഐതീഹ്യങ്ങൾ ഖയാലുദ്ധീൻ തങ്ങളുടെ മായാജാലത്തിലൂടെ ഇഴഞ്ഞു വരുന്ന പാമ്പുകളെ പോലെ അധിവേഗം ഇഴഞ്ഞു വരും. മഥുരയിലെ “കൃഷ്ണ ജന്മഭൂമിയിലെ” പള്ളി പൊളിച്ച് മാറ്റണം എന്ന വാദം കോടതി അഡ്മിറ്റ് ചെയ്ത സാഹചര്യത്തിൽ ഖബറിലെ കോടതി വ്യവഹാരവും ഇതോടു ചേർത്ത് വായിക്കണം.
“2019 നവംബർ 9ന്” പുതുക്കി പണിയാനുള്ള പുരാതന കെട്ടിടത്തിന്റെ കൽതൂണ് തകർന്ന് വീണ് സമാധിയായ കാക്കശ്ശേരി തങ്ങൾ സമകാലിക രാഷ്ട്രീയത്തോട് ചേർത്ത് വായിക്കുമ്പോൾ നീതിക്കു വേണ്ടി കോടതി കയറിയിറങ്ങിയ ഒരു ജനതയുടെ പ്രതിനിധിയാണ്.
ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ഖബർ പ്രണയവും മതവും രാഷ്ട്രീയവും ഉൾച്ചേർന്ന നല്ലൊരു വായനാനുഭവം സമ്മാനിക്കുന്ന നോവലാണ്.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.