അയാളും ഞാനും തമ്മിൽ

0
1139
ayalum-njanum-thammil-athmaonline

സിനിമ

രഞ്ജിത്ത് കൃഷ്ണൻ

ചെറുപ്പകാലത്ത് എന്നെ പ്രധാനമായും തോൽപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് രണ്ടു പേരാണ്. ജീവിതം തന്നെ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിച്ചു ആ രണ്ടുപേർ. ഒരാൾ ക്രിക്കറ്റർ ആണ് – സച്ചിൻ ടെണ്ടുൽക്കർ. രണ്ടാമൻ നടനവിസ്മയം മോഹൻലാൽ. സച്ചിനെക്കുറിച്ചു പിന്നീടൊരിക്കൽ എഴുതാം. ഇന്ന് അറുപതിന്റെ നിറവിൽ നിൽക്കുന്ന മോഹൻലാൽ എന്ത് കൊണ്ട് എനിക്ക് പ്രിയപ്പെട്ടവനായി എന്ന് ആലോചിച്ചപ്പോൾ, ദാ വന്നു നിൽക്കുന്നു പത്തു പേർ.

soap-kuttappan
സോപ്പ് കുട്ടപ്പൻ

ഒന്നാമനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. ജാരസന്തതിയായ സോപ്പ് കുട്ടപ്പൻ. ഒരു നാടിന്റെയും സമൂഹത്തിന്റെയും അവഗണന, പുച്ഛം, പരിഹാസം തുടങ്ങിയവ ഏറ്റു വാങ്ങേണ്ടി വന്ന പാവം. ഏറെ സ്നേഹിച്ച പെൺകുട്ടി കൂടി തന്നെ കൈവിട്ടപ്പോൾ, സമനില നഷ്ടപ്പെട്ട് മരക്കുരിശുമായി മലയേറിയ ക്രിസ്തുവിനെപ്പോലെ മുള്ളുവേലിയുമായി സമൂഹത്തിൽ നിന്ന് ഓടിയകന്നു പോയ ഹതഭാഗ്യൻ. (ഹെൻറിക്ക് ഇബ്സൻ പറഞ്ഞപോലെ “The sins of the fathers are visited upon the children”) ശ്രദ്ധിച്ചു ഞാൻ നോക്കിയപ്പോൾ അല്പം മാറ്റത്തോടെ ഒരാളെ കൂടി കണ്ടു. മുഖത്ത് വലിയ മറുകുമായി ഓച്ചിറ കാളയുമായി നടക്കുന്ന മാതു പണ്ടാരം. സോപ്പ് കുട്ടപ്പന്റെ യഥാർത്ഥ അച്ഛൻ. “അമ്പലമില്ലാതെ ആൽത്തറയിൽ വാഴും…” എന്ന ഗാനത്തിൽ ഭക്തിയും ശൃംഗാരവും മാറി മാറി വന്നപ്പോൾ ഞാൻ കണ്ടത് മറ്റൊരു ലോകമാണ്.

padamudra
മാതുപ്പണ്ടാരം

പിന്നെ ഞാൻ കണ്ട രണ്ടാമൻ പൈലറ്റ് വേഷത്തിൽ തോക്കുമായി നിൽക്കുകയായിരുന്നു. “Narcotics is a dirty business” എന്ന് പറഞ്ഞു തന്നു അദ്ദേഹം. ക്യാമറയ്ക്കു മുന്നിൽ പ്രണയപരവശനായി ചിരിക്കുകയും എന്നാൽ അങ്ങേയറ്റം ഗൗരവക്കാരനായി ബിസിനസ് നടത്തുകയും ചെയ്യുന്ന സാഗർ അഥവാ (alias) ജാക്കി പിന്നീടെപ്പോഴോ സാഗർ ഏലിയാസ് ജാക്കിയായി മാറി. ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ സാറിന്റെ പേര് പറഞ്ഞില്ല എന്ന ചോദ്യത്തിനുള്ള മറുപടി നായകൻ പറയുമ്പോഴുണ്ടായ ആവേശം ഇത്ര വർഷം കഴിഞ്ഞിട്ടും മാറിയിട്ടില്ല. പിന്നീട് ഒരുപാടു അധോലോക നായകൻമാർ വന്നെങ്കിലും അതിന്റെ ഒക്കെ തുടക്കം ഇവിടെ നിന്നായിരുന്നു.

Sagar-alias-jacky
സാഗർ ഏലിയാസ് ജാക്കി

എല്ലാമുണ്ടായിട്ടും അതെല്ലാം നിമിഷങ്ങൾ കൊണ്ട് നഷ്ടപ്പെട്ടു പോയ ആളാണ് എന്റെ മൂന്നാമൻ. പോലീസ് ആകാൻ വേണ്ടി ഇറങ്ങി തിരിച്ചു ഗുണ്ടയായി മാറേണ്ടി വന്ന സേതുമാധവൻ. മനോഹരമായി ചിരിച്ചും, കുറുമ്പ് കാട്ടി പ്രണയിക്കുകയും, ബഹുമാനത്തോടെ അച്ഛനെ കാണുകയും, സ്നേഹത്തോടെയും കുസൃതിയോടെയും അമ്മയോടും അമ്മൂമ്മയോടും പെരുമാറുന്ന സേതു ദൈന്യതയിൽ നിന്നും വീരത്തിലേക്കു എത്തുന്നു. അവസാനം ജീവിതത്തോട് തന്നെ പൊരുതാനെത്തുന്ന സേതുമാധവൻ എനിക്ക് ഇന്നും ഒരു നോവായിത്തന്നെ തുടരുന്നു.

sethumadhavan-mohanlal
സേതുമാധവൻ

എവിടെയോ ഒരു ചിലങ്കയുടെ ശബ്ദം, ഒപ്പം ചാരായത്തിന്റെ ഗന്ധം. ആരാണീ നാലാമൻ? കലാമണ്ഡലത്തിന്റെ (കേരള കലാമന്ദിരം) മുന്നിൽ താടി നീട്ടി വളർത്തി നീളൻ ജുബ്ബയും ഇട്ടു നിൽക്കുന്ന നന്ദഗോപനെന്ന നൃത്താധ്യാപകൻ. സംഗീതവും നൃത്തവുമായി ഏറ്റവും പ്രിയപ്പട്ടവളുടെ കൂടെ ജീവിക്കാനാഗ്രഹിച്ച വ്യക്തി. വളരെ പെട്ടെന്ന് തന്നെ ജീവിതത്തിന്റെ താളം തെറ്റുകയും അതിനാൽ തന്നോട് തന്നെ കലഹിക്കുന്ന നന്ദഗോപൻ നൃത്തത്തിലും, ഭാവത്തിലും, ഉള്ളുലക്കുന്ന വൈകാരിക മുഹൂർത്തങ്ങളിലും എന്നെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.

nandagopan-mohanlal-kamaladalam-athmaonline
നന്ദഗോപൻ

കഥയെന്തെന്നറിയാതെ ആട്ടം കാണാൻ ഒന്നാമത്തെ ദിവസം എത്തിയ എട്ടാം ക്ലാസ്സുകാരന് ഈ ബെർമുടക്കാരൻ സമ്മാനിച്ച സന്തോഷം ചില്ലറയൊന്നുമല്ല. Dr. സണ്ണി ജോസഫ് എന്ന കുസൃതിക്കാരൻ ആണ് എന്റെ അഞ്ചാമൻ. കണ്ണുകളിൽ നിറയെ കൗതുകമൊളിപ്പിച്ച് വാക്കുകളിൽ തമാശ നിറച്ചു കഥ മുന്നോട്ടു കൊണ്ടുപോവുകയും എന്നാൽ ഒടുക്കം വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും കാര്യഗൗരവം ഉൾക്കൊണ്ടു മാറുന്ന പ്രതിഭാസം. കഥയുടെ അവസാനം നാഗവല്ലിയെ കാത്തുകിടക്കുന്ന നകുലന്റെ കവിളത്തു തട്ടി ഞാൻ കൂടെയുണ്ട് എന്ന് പറയാതെ പറയുന്ന സണ്ണിയെയാണ് ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം തിരശീലയിൽ കണ്ടിട്ടുള്ളത്.

dr-sunny-joseph-manichithrathazhu-mohanlal-athmaonline
ഡോ. സണ്ണി ജോസഫ്

എന്റെ ആറാമൻ ഒരു റൗഡിയാണ്. തന്റെ കഴിവുകൾ അംഗീകരിക്കാൻ കഴിയാതെ പോയ ഒരു അച്ഛന്റെ മുന്നിൽ ആട് തോമയായി ജീവിച്ചു കാണിച്ച തന്റേടി. കണ്ണുകളിൽ തീവ്ര വികാരങ്ങൾ നിറച്ചു ray-ban ഗ്ലാസ്സിലൂടെ ലോകത്തെ കണ്ട തോമ ഒരുപാട് പേരുടെ പ്രതിനിധിയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും നിറഞ്ഞാടിയ തോമസ് ചാക്കോ ഇന്നും എന്റെ ഹരമാണ്.

aaduthoma-spadikam-mohanlal-athmaonline
ആട് തോമ ( തോമസ് ചാക്കോ )

ഇനിയുള്ളത് എന്റെ ഏഴാമത്തെ പ്രിയപ്പെട്ട വ്യക്തിയാണ്. ശബ്ദം മാറിയെന്നും ശൈലി നഷ്ടപ്പെട്ടെന്നും ഒക്കെ ഒരുപാട് പേർ പരാതി പറഞ്ഞപ്പോൾ അപ്പുക്കുട്ടനായി എന്നെ വിസ്മയിപ്പിച്ചു വീണ്ടും. എന്തൊരു ഗംഭീര തിരിച്ചുവരവ്! ഒരു കണ്ണടയും ബാഗുമായി ജീവിക്കാനായി ബോംബെയിൽ (ചിത്രത്തിൽ ഗോവ) എത്തിപ്പെട്ട അപ്പുക്കുട്ടൻ. ശക്തമായ ഒരു തിരക്കഥയുടെ പിൻബലമില്ലാതെ തന്നെ അദ്ഭുതം സൃഷിക്കുന്ന ഒരാൾ കൂടെ ഉണ്ടായപ്പോൾ അപ്പുക്കുട്ടനിലൂടെ ഞാൻ വീണ്ടും ഹാസ്യത്തിന്റെ പുതിയ മാനങ്ങൾ കണ്ടു. ആശുപത്രിയിൽ കൂട്ടിരിക്കുമ്പോൾ ടിവിയിൽ Tom and Jerry കണ്ടുകൊണ്ടു് Horlicks കഴിക്കുകയും ആൽഫി അല്ലായെന്നു സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ചിരിച്ചുകൊണ്ട് രക്ഷപ്പടുന്ന അപ്പുക്കുട്ടൻ എന്നെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. മാവേലിക്കര പ്രതിഭ തിയേറ്ററിൽ ആദ്യ കാഴ്ചക്കാരനായി അപ്പുക്കുട്ടനെ കാണാൻ ഭാഗ്യമുണ്ടായെങ്കിലും രണ്ടാമത് കാണാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് കിട്ടിയില്ല എന്നുള്ളതും മറ്റൊരു കൗതുകം.

appukkuttan-chamdralekha-mohanlal
അപ്പുക്കുട്ടൻ

ഇനിയുള്ളത് പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നായകസങ്കല്പങ്ങളുടെ പൂർണത എന്ന അവകാശവാദത്തെ പൂർണമായും ന്യായീകരിക്കുന്ന ഇന്ദുചൂഡൻ ആണ്. ഈ എട്ടാമത്തെ അവതാരം ഇന്നും ലക്ഷങ്ങളെ ഹരം കൊള്ളിച്ചുകൊണ്ടേ ഇരിക്കുന്നു. ഏറെ വിമർശനങ്ങൾക്ക് പാത്രമായെങ്കിലും മീശ പിരിച്ചു മുണ്ടു മടക്കിക്കുത്തി ഈ കഥാപാത്രം എത്തിയപ്പോൾ ഒരു പുതിയ പ്രതീകം തന്നെ സൃഷിക്കപ്പെട്ടു. അച്ഛനോടുള്ള ഭയഭക്തിയും, അമ്മയോടുള്ള സ്നേഹവും, സുഹൃത്തുക്കളോടൊപ്പമുള്ള ആഘോഷങ്ങളും, ശത്രുക്കളെ ഇല്ലാതാക്കാനുള്ള ക്രൗര്യവും സമന്വയിച്ചപ്പോൾ ഇന്ദുചൂഡൻ എനിക്കും പ്രിയപ്പെട്ടവനായി മാറുന്നു.

mohanlal-induchoodan-narasimham-athmaonline
പൂവള്ളി ഇന്ദുചൂഡൻ

സാധാരണക്കാരിൽ ഒരാളായി സ്വപ്നങ്ങളും ഒരുപാട് ഇഷ്ടങ്ങളുമായി ജീവിച്ചു വന്നപ്പോൾ ഒരു നാൾ ഓർമ്മകളുടെ ചരട് പൊട്ടിപ്പോയ രമേശൻ നായരാണ് എന്റെ പ്രിയപ്പെട്ട ഒൻപതാമത്തെ ആള്. സെക്രെട്ടറിയേറ്റിലെ ദൃശ്യത്തിൽ ക്യാമറക്കു മുന്നിലേക്ക് വളരെ ആയാസരഹിതമായി നടന്നു കയറിയ, ചിരിയിലൂടെ ഒരുപാട് അർഥങ്ങൾ പകർന്നു തന്ന, അവസാനം ഒരു നൊമ്പരം ബാക്കിയാക്കി ജീവിതത്തോട് വിട പറഞ്ഞ ഇദ്ദേഹം എനിക്ക് ഇന്നും ഒരു മടുക്കാത്ത ഓർമയാണ്.

rameshan-nair-thanmathra-mohanlal-athmaonline
രമേശൻ നായർ

ഏറെ പരാതികൾ ഉണ്ടായെങ്കിലും സാധാരണക്കാരനായ എനിക്കും എന്നെപ്പോലുള്ള ലക്ഷകണക്കിന് ആൾക്കാർക്കും ഒരുപാട് രസകരമായ നിമിഷങ്ങൾ സമ്മാനിച്ച പുലികളോടേറ്റുമുട്ടുന്ന മുരുകനാണ് എനിക്ക് പ്രിയപ്പെട്ട പത്താമൻ. വർഷങ്ങൾക്കു ശേഷം തമാശയും, പാട്ടുകളും, പ്രണയവും, സംഘട്ടനങ്ങളും ഒക്കെ ഒത്തു വന്നപ്പോൾ ഈ മുരുകൻ ഒരു ചരിത്രമായിത്തന്നെ മാറി.

pulimurugan-mohanlal-athma-online
പുലിമുരുകൻ

ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ് രണ്ടു അതിഥികളെ ഓർമിച്ചത്. നടനും പിന്നെ നാടിന്റെ മുഖ്യമന്ത്രിയുമൊക്കെ ആയി മാറിയ ആനന്ദൻ. തന്റെ സ്വത്വം തീരെ ഇല്ലാതെ പകർന്നാടിയ ആനന്ദൻ ഒരപൂർവ കാഴ്ചയാണ് അന്നും ഇന്നും. പിന്നത്തെ അതിഥി, കഥകളി നടനായ കുഞ്ഞിക്കുട്ടനാണ്. പൂതനയായും അർജുനനായും കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിയ കുഞ്ഞിക്കുട്ടൻ ജീവിതത്തിൽ സ്വന്തം അസ്തിത്വം തേടുന്ന വ്യക്തിയാണ്. കുഞ്ഞിക്കുട്ടൻ ആസുര ഭാവങ്ങളിലേക്കു കൂടുമാറിയപ്പോൾ പ്രേക്ഷകനും അതൊരു തീരാവേദനയാകുന്നു.

 

aanandan-mohanlal-iruvar-athma-online
ആനന്ദൻ
kunhikkuttan-vanaprastham-mohanlal-athma-online
കുഞ്ഞിക്കുട്ടൻ

നിർത്താമെന്നു കരുതിയപ്പോൾ അതാ ആരൊക്കെയോ ചുറ്റിലും ബഹളം വെക്കുന്നു. ആരാണിവർ? അവർ സ്വയം പരിചയപ്പെടുത്തുന്നു – ജയരാജൻ, അലക്സ്, കുമാരൻ, ദിവാകരൻ, ടി പി ബാലഗോപാലൻ, സോളമൻ, സണ്ണി, പി. കെ. ഹരിദാസ്, വിനോദ്, ലാൽ, വിൻസെന്റ് ഗോമസ്, എബി, മണ്ണാറത്തൊടി ജയകൃഷ്ണൻ, രാമദാസ്, അനിയൻകുട്ടൻ, വിഷ്ണു, രാജീവ് മേനോൻ, ടോണി കുരിശിങ്കൽ, സുധി, ബാലൻ, നെട്ടൂർ സ്റ്റീഫൻ, കല്ലൂർ ഗോപിനാഥൻ, ജോജി, സത്യനാഥൻ, മംഗലശ്ശേരി നീലകണ്ഠൻ, ഉണ്ണികൃഷ്ണൻ, മാണിക്ക്യൻ, ക്യാപ്റ്റൻ വിജയ് മേനോൻ, ബാലചന്ദ്രൻ, റോയ് അലക്സ്, സ്റ്റീഫൻ റൊണാൾഡ്, ജഗന്നാഥൻ, സാഗർ കോട്ടപ്പുറം, സക്കീർ അലി ഹുസൈൻ, ഉദയഭാനു, വേലായുധൻ, ഭരതപിഷാരടി, ശിവൻകുട്ടി, മാത്യൂസ്, രഘുനന്ദൻ, ജോർജ്കുട്ടി, ശ്രീനിവാസൻ IPS, അങ്ങനെ എത്രയോപേർ. നിങ്ങൾ ദയവായി ക്ഷമിക്കു. നിങ്ങളെയൊക്കെ എനിക്കിഷ്ടമാണ് പക്ഷെ ഈ പത്തുപേർ എനിക്ക് പലകാരണങ്ങൾ കൊണ്ട് ഏറെ പ്രിയപ്പെട്ടവരാകുന്നു.

ഈ കഥാപാത്രങ്ങളുടെ സൃഷ്ടാക്കളെ എല്ലാവരെയും ആത്മാർത്ഥമായി ഓർക്കുന്നു – ഇവരെ സൃഷ്ടിച്ചതിനും, ഒപ്പം ഇവരെയൊക്കെ മോഹൻലാൽ എന്ന പ്രതിഭാസത്തിലൂടെ ഞങ്ങൾക്കു നൽകിയതിനും. മമ്മൂട്ടിയും മോഹൻലാലും യേശുദാസുമൊക്കെയുള്ള കാലത്തു തന്നെ സിനിമ കാണാൻ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ തലമുറയുടെ ഭാഗ്യം. ഇന്നും മലയാളികൾ തങ്ങളോടൊപ്പം ചേർത്തുവെക്കുന്ന, തങ്ങളുടെ വികാരങ്ങൾ പങ്കിടുന്ന വ്യക്തി മോഹൻലാൽ ആണ്, മലയാളിയുടെ ‘alter ego’. തിലകൻ്റെ ഭാഷയിൽ പറഞ്ഞാൽ “തനി രാവണൻ”. അത് കൊണ്ട് തന്നെയാണ് ഇന്നും ഏറ്റവും കൂടുതൽ പ്രശംസകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന വ്യക്തിയായി ഇദ്ദേഹം മാറുന്നത്.

ranjith-krishnan
രഞ്ജിത്ത് കൃഷ്ണൻ

തുടക്കത്തിൽ പറഞ്ഞതുപോലെ രണ്ടു വ്യക്തികൾ എന്റെ ജീവിതത്തിൽ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. സച്ചിന്റെ ജന്മദിനത്തിൽ കല്യാണം കഴിക്കാൻ കഴിഞ്ഞതും, അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിച്ച ദിവസം എനിക്കും രാജിക്കും ഒരു കുഞ്ഞു ജനിക്കുകയും ആ കുഞ്ഞിന്റെ ജന്മനാൾ മോഹൻലാലിന്റെ ‘രേവതി’ ആയതും യാദൃച്ഛികമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

പ്രിയപ്പെട്ട മോഹൻലാൽ, സ്വയം നവീകരിച്ച്, ‘redefine’ ചെയ്ത് ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാൻ കഴിയട്ടെ…

ആനയും കടലും മോഹൻലാലും ഒരിക്കലും മടുക്കാത്ത കാഴ്ചകളാണ്… അത് ഇനിയും അങ്ങനെ തന്നെ തുടരട്ടെ… പറ്റുന്നത്രയും കാലം.

സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here