കവിത
ബിജു റോക്കി
വാട്ടര്‍ ബെഡ്ഡില്‍
ഇമകളനങ്ങാതെ
ഇളകാതെ
ഞാനെന്നോ നീയെന്നോ അറിയാതെ
ആരോ ഒരാള്‍
കിടക്കുന്നു
ഗര്‍ഭപാത്രത്തിലെ
കുഴവെള്ളത്തില്‍
വിരലീമ്പി
കിടക്കുന്നു
രാവെന്നോ പകലെന്നോ അറിയാതെ.
തൊലിപൊളിഞ്ഞ മുതുകില്‍
മീന്‍ വന്നു മുട്ടുന്നോ
ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.
ഒഴിഞ്ഞ കുപ്പി നിറയെ
ദാഹമിരിക്കുന്നു
കടലിനെ വിളിക്കുന്നു
മരുഭൂമിയുടെ തൊണ്ടവരണ്ട
ഞരക്കം കേള്‍ക്കുന്നു
മേശയില്‍ നിറകുടമായി
ഓറഞ്ചിരിക്കുന്നു
ആര് വെച്ചെന്നറിയില്ല
ഒരല്ലിയെടുക്കാനൊട്ടും
വിരലുകള്‍ക്കനക്കം പോരാ
നേരം പുലര്‍ന്നോ,
തീര്‍ന്നുപോയോ?
മാസവും വര്‍ഷവും
ആര്‍ക്കറിയാം
കണ്ണീര്‍ നിറച്ച തടാകം.
കൃഷ്ണമണികള്‍ ഇളകുന്നു
ചൂടുള്ള ഒരു തുള്ളിയിറങ്ങി
ചുണ്ടില്‍
ഉപ്പിട്ടുപോകുന്നു.
നീട്ടിയ നാക്കില തൊടാതെ
വീണുടഞ്ഞുപോകുന്നു.
…
ബിജു റോക്കി
എഴുത്തുകാരന്‍. ഇഷ്ടവിഷയം: ജീവിതം. ചെറിയ ഒച്ചകളെയും നിശബ്ദതയെയും വായിക്കുന്നു. മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്റര്‍. ആദ്യകവിതാ സമാഹാരം ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.