കവിത
രാജേഷ് ചിത്തിര
അന്തിക്കൂരാപ്പ് ചേക്കേറി
കരണ്ടെറെങ്ങി പോയി
മെഴുകുതിരി തെരഞ്ഞു തെരഞ്ഞ്
ഒടുക്കം സ്വയം രണ്ടു തിരികളായി
അവിടൊരസി
ഇവിടൊരസി
നെലത്തൊരസി
ചുമരിമ്മേലൊരസി
തമ്മളിത്തമ്മളിലൊരസി
കത്താൻ നോക്കി
കത്തിക്കാൻ നോക്കി
ഞങ്ങളാം ആളലിൻ
വെട്ടത്തിൽ
നാല് ചുമര് നെറഞ്ഞ്
തറേം നെറഞ്ഞ്
തട്ടും നെറഞ്ഞ്
മുറി നെറഞ്ഞ്
ഒഴുകിത്തുടങ്ങി
ഞങ്ങളാം നെഴൽനദി
കരണ്ട് വന്നപ്പം
മുറിക്കൊത്ത നടുക്ക്
നെഴലിന്റെ ഒരു തുള്ളി
ഞങ്ങളാം തുള്ളിയുണ്ട്
മിണ്ടിത്തുടങ്ങുന്നു
ഞങ്ങളാം തുള്ളിയുണ്ട്
ആട്ടം തുടങ്ങുന്നു
ഏത് ഞാനാണ്
ഈ നെഴൽത്തുള്ളി
ഏത് നീയാണ്
ഈ നെഴൽത്തുള്ളി.
നീയാം നെഴൽത്തുള്ളിയിൽ
ഞാനെത്ര
ഞാനാം നെഴൽത്തുള്ളിയിൽ
നീയെത്ര
ഒരു തുള്ളിയിൽ
തർക്കിച്ച്
ഞങ്ങൾ രണ്ടുപേര്
തർക്കിച്ച് തർക്കിച്ച്
ബാക്കിയായി
ഇച്ചിരെ മാത്രം ഞങ്ങൾ
ഒരു ചെറുതുള്ളി
…
രാജേഷ് ചിത്തിര.
പത്തനംതിട്ട സ്വദേശി. ഇപ്പോൾ ദുബായിൽ.. ഉന്മത്തതകളുടെ ക്രാഷ് ലാന്റിങ്ങുകൾ, ടെക്വില (ദ്വീഭാഷാ സമാഹാരം), ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും തുടങ്ങിയ കവിത സമാഹാരങ്ങൾ. ജിഗ്സ പസ്സൽ കഥാസമാഹാരം. ആദി & ആത്മ – ബാലസാഹിത്യ നോവൽ തുടങ്ങിയ പുസ്തകങ്ങൾ. ആനുകാലികങ്ങൾ, കേരള കവിത, തുടങ്ങി വിവിധ ഇടങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. കവിതകളും കഥകളും ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകളുടെയും കഥകളുടെയും പഠനങ്ങൾ ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഇന്ത്യൻ റൂമിനേഷൻസ് കവിത പുരസ്കാരം, ഭരത് മുരളി കവിത പുരസ്കാരം, ഗലേറിയ ഗാലന്റ് പ്രവാസി സാഹിത്യകാരനുള്ള പുരസ്കാരം, പ്രഥമ എഴുത്തോല കവിത പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.