കൊച്ചി : കാലടി ചൊവ്വരയിൽ നാവികസേന സാഹസികമായി രക്ഷിച്ച യുവതിക്ക് സുഖ പ്രസവം. ചെങ്ങമനാട് കളത്തിങ്കൽ വീട്ടിൽ സാജിത(25) ആണ് പ്രളയത്തെ അതിജീവിച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. സാജിത രണ്ടുദിവസമായി ചൊവ്വര റയിൽവേ സ്റ്റേഷന് സമീപത്തെ ഹിദായുത്തുൽ ഇസ്ലാം മസ്ജിദ് കെട്ടിടത്തിന് മുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11-ഓടെ നാവിക സേന എയർ ലിഫ്റ്റിങിലൂടെ സാജിതയെ രക്ഷപ്പെടുത്തി. ഗർഭിണിയായ സാജിതയെ അതീവ ശ്രദ്ധയോടെ സാഹസികമായാണ് സേന രക്ഷപ്പെടുത്തിയത്. തുടർന്ന് പ്രസവവേദന അനുഭവപ്പെട്ട സാജിതയെ നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സാജിത കുഞ്ഞിന് ജന്മം നൽകി.