24 മണിക്കൂര്‍ സേവനം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

0
481

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 24 മണിക്കൂര്‍ സേവനം. വിളിക്കേണ്ട നമ്പര്‍: 1800 425 1077

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. പ്രളയ ദുരന്തത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ശക്തമായ ഇടപെടലുകള്‍ ഫലപ്രദമാക്കാന്‍ വേണ്ടിയാണ് കണ്‍ട്രോള്‍ റൂം തുറന്നതെന്ന് മന്ത്രി പറഞ്ഞു. വിവിധ ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ്, പകര്‍ച്ച വ്യാധികളുടെ സൂചന എന്നിവ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്. ഇതനുസരിച്ച് നടപടികളെടുക്കാന്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വേണ്ടി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. 18001231454, 0471 2300155 എന്നതാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ലഭ്യമാക്കാന്‍ നടപടികളെടുക്കുന്നതാണ്. ഇതോടൊപ്പം ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here