കവിത
കീർത്തന പ്രസീന
ചിത്രീകരണം : സുബേഷ് പത്മനാഭൻ
കുഞ്ഞിലേ,
അമ്മേം കുഞ്ഞും കളിക്കുമ്പോ
എനിക്കെപ്പോഴും
അമ്മയാകാനായിരുന്നു ഇഷ്ടം.
പുലർച്ചെ കോഴി കൂവുമ്പോ
ഞാനുമെണീക്കും.
മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി
മുഖം കഴുകി അടുക്കളയിലെത്തും.
ഇന്നലെ പ്ലാൻ ചെയ്തമാതിരി
രാവിലത്തേക്കുള്ള,
ഉച്ചക്കേക്കുള്ള സകലതും
വച്ചുണ്ടാക്കും.
കെട്ട്യോനെണീക്കുന്ന നേരത്ത്
ബെഡ് കോഫിയുമായി ഹാജരാകും.
തൊട്ടിലിൽ നിന്ന്
കരയുന്ന കുഞ്ഞിനെയുമെടുത്ത്
രണ്ട് റൗണ്ട് നടക്കും.
അദ്ദേഹം കുളിച്ചു വരുമ്പഴേക്കും
ഡൈനിങ് ടേബിളിൽ
ഐറ്റംസൊക്കെ റെഡിയായിരിക്കും.
അദ്ദേഹം വീട്ടിൽ നിന്നിറങ്ങുമ്പോ
വാതിൽക്കല് നിന്നും റ്റാറ്റാ കാട്ടും.
അദ്ദേഹം ബാക്കി വച്ച് പോയ
അരക്കഷ്ണം ദോശേടെ കൂടെ
ഒരു ദോശേം കൂടിയെടുത്ത് വച്ച്
ഞാനും കഴിക്കും.
കുഞ്ഞിനുള്ള കുറുക്ക് കാച്ചി,
അവൻ മൂത്രമൊഴിച്ച,
അപ്പി തൂറിയ തുണികള് മാറ്റി,
കുളിപ്പിച്ച്,
മുലകൊടുക്കുമ്പോ-
ഉറക്കത്തിലേക്ക് കൂപ്പുകുത്തണ നേരത്ത്,
പൊട്ടു തൊടീച്ച്, ബ്ബ്യൂട്ടിക്കുത്ത് തൊട്ട്,
കണ്ണെഴുതി, പൗഡറിട്ട് സുന്ദരനാക്കും.
ഒരിടത്തുമിരിപ്പുറക്കാതെ,
പുതുമകളില്ലാതെ,
എന്റെ അമ്മക്കളി തുടരും.
വർഷങ്ങൾക്കിപ്പുറം
കളി കാര്യമായപ്പോൾ
ആ ഇരിപ്പുറക്കാക്കളി
എന്നെ അപ്പാടെ ഭരിച്ചു തുടങ്ങി.
പുലർച്ചെ അലാറമടിക്കുമ്പോ
രണ്ടു മിനിറ്റുകൂടെ ഉറങ്ങാൻ കൊതിക്കും.
രണ്ട് മിനിറ്റ് വൈകുമ്പോ
കൂടെ വൈകുന്ന ചായ, ചോറ്, കറികൾ,
ഭർത്താവിന്റെ ഓഫീസിൽ പോക്ക്,
കുഞ്ഞിന്റെ കളി,കുളി,കുറുക്ക്,
ബസ് സ്റ്റോപ്പിലേക്കുള്ള നടത്തം,
ഉറപ്പില്ലാത്ത ബസ് സമയങ്ങൾ,
ഒക്കെയോർക്കുമ്പോൾ
രണ്ട് മിനിറ്റ്
നേരത്തെയെഴുന്നേൽക്കായിരുന്നെന്ന് തോന്നും.
ഇത്യാദി വെപ്രാളങ്ങളൊന്നും
ബാധിക്കാതുറങ്ങുന്ന രണ്ടിനേം
അസൂയയോടെ നോക്കി
ഇന്നത്തേക്കുള്ള യന്ത്രമോടാൻ തുടങ്ങും.
എരിവ് കൂടിയെന്ന,
ഉപ്പുകുറഞ്ഞെന്ന കമെന്റുകൾ
ഈ ഓട്ടത്തിനോട് കൂട്ടിക്കെട്ടി
മറുത്തൊന്നും പറയാതെ ഞാൻ ചിരിക്കും.
പത്രവായനയുടെ സമയം
അൽപമൊന്ന് കൂടിപ്പോകുമ്പോൾ
ഓഫീസ് ടൈം ബാലൻസ് ചെയ്യാൻ
തിന്ന പ്ളേറ്റ് തിന്നേടത്തു തന്നെ വച്ച്
എണീറ്റ് പോകാനുള്ള പ്രിവിലേജ്
തനിക്കില്ലെന്നു ചിന്തിക്കും.
കുഞ്ഞിനെയുമെടുത്ത്
വയ്യാത്ത അമ്മയെ ഏൽപ്പിച്ച്
ബസ് സ്റ്റോപ്പിലേക്ക് നടന്നോടി
പാസ് കൊടുക്കുന്ന കുട്ടികളേപ്പേടിച്ച്
രണ്ടടി മുന്നോട്ടോ പിന്നോട്ടോ
നിർത്തുന്ന ബസിൽ ചാടിക്കയറി
വീഴാതിരിക്കാൻ ഒരു കമ്പിയെ താങ്ങി,
കയ്യിലേക്ക് തല ചായ്ച്ച്
കുഞ്ഞിലേയെന്റെ അമ്മക്കളി ഓർക്കും.
ഇക്കളി കളിക്കാൻ അന്നെന്തെളുപ്പമായിരുന്നു!
ഞാൻ കളിച്ചമാതിരി
അന്ന് അമ്മയും കളിക്കുവായിരുന്നോ!?
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????