കവിത
കീർത്തന പ്രസീന
ചിത്രീകരണം : ഹരിത
അയാളുപേക്ഷിച്ചുപോയ
അതേ ഇടത്തിൽ നിന്നും
തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി
ഞാൻ ഇറങ്ങി നടന്നു.
തൊട്ടടുത്ത മെയിൻ റോഡിൽ
എത്തിയപ്പോഴേക്കും
റോഡ് ക്രോസ് ചെയ്യാൻ
ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന
അയാളുടെ കുപ്പായത്തിന്റെ തുമ്പ്
ചുറ്റും പരതി.
ഉപേക്ഷിച്ചു വരുവാണല്ലോ,
ഞാൻ പിന്നെയും നടന്നു.
മാസങ്ങൾക്കപ്പുറം
അയാളുടെ നാട്ടിലൂടെ
ബസിൽ പോകുമ്പോ
എന്നെ കാത്തുനിന്നിരുന്ന
പുഴയിറക്കത്തിൽ,
പ്രിയപ്പെട്ട കോഫീ ഷോപ്പിൽ
കണ്ണുകളോടി.
ഉപേക്ഷിച്ചതാണല്ലോ,
ഞാനാ ദൃശ്യം ഇറുക്കിയടച്ചു.
കണ്ണാടി നോക്കിക്കരയുമ്പോൾ
വർഷങ്ങൾക്ക് ശേഷവും
അയാൾ ഇറുകിപ്പുണർന്ന
കഴിഞ്ഞ കാലമോർത്ത്
എനിക്ക് പൊള്ളി.
ഉപേക്ഷിച്ചതാണല്ലോ,
ഞാനെന്നെത്തന്നെ ചേർത്തുപിടിച്ചു.
അയാൾക്കിഷ്ടപ്പെട്ട
വീതി കൂടിയ
ഹെയർബാൻഡുകൾ വാങ്ങി
ഞാൻ ബാഗിൽ കരുതി.
ഓർമയുടെ നീല ഞരമ്പ്
പൊടുന്നനെ കണ്ണുരുട്ടിയപ്പോൾ
മിനിയാന്നും ഞാനയാളെ
ഉപേക്ഷിച്ചു കളഞ്ഞു.
സ്വപ്നത്തിൽ അയാൾക്ക്
രാത്രിമുല്ലയുടെ മണമായിരുന്നു.
എന്നെ ചേർത്ത് പിടിക്കാനും
മണം പകുത്ത് തരാനും
ഞാനയാളോട് പറഞ്ഞു.
ഉറക്കം ഞെട്ടിയപ്പോൾ
ഇന്നലെയും
ഞാൻ അയാളെ
പിന്നെയുമുപേക്ഷിച്ചു.
നാളെയും മറ്റന്നാളും
അതിന്റെ പിറ്റേന്നാളുകളും
ഞാനയാളെ വീണ്ടും ഓർത്തോർത്തുപേക്ഷിക്കും.
ഉപേക്ഷിച്ചു കൊണ്ടെന്റെ
സ്നേഹം തുടരും.
ഉപേക്ഷിച്ചു കൊണ്ടുതന്നെയെന്റെ
പ്രേമം തുടരും.
…
കീർത്തന പ്രസീന
പഞ്ചാബ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ പിജി വിദ്യാർത്ഥിനിയാണ്.
കണ്ണൂർ ജില്ലയിലെ പരിയാരത്തിനടുത്ത് കുളപ്പുറം ആണ് സ്വദേശം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.