വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

0
586

സ്മിത ഗിരീഷ്

തമ്പുരാനേ….
ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ
നിന്നും, കൈപിടിച്ചിറക്കി,
സൂര്യനു നേരേ നീയെന്നെ-
തിരിച്ചു നിറുത്തിയപ്പോൾ
എന്റെ കണ്ണുകൾക്ക് വെളിച്ചം
വഴങ്ങുന്നേയുണ്ടായിരുന്നില്ല….
എങ്കിലും, തമ്പുരാനേ…
നിന്റെ കണ്ണുകളുടെ തണലിലേക്ക്
ചേർന്നു നിന്നു കൊണ്ടു
ഒരു നിമിഷം കറക്കം നിലച്ച പോലെ
തോന്നിച്ച ഭൂമിയിലേക്ക്
ഞാൻ കാലുറപ്പിച്ചു വെച്ചു…. !
തമ്പുരാനേ,
മുതുകിൽ തീമുദ്ര
പതിപ്പിക്കപ്പെട്ടൊരു
അടിമപ്പെണ്ണായിരുന്നു ഞാൻ…
ഒരു ജോടി കന്നിന്റെ വില കൊടുത്ത്
നീ സമ്പാദിച്ചവൾ
കൂട്ടിപ്പിടിച്ചാൽ കരിയില പോലെ
പൊടിഞ്ഞുകൂടുന്നവൾ
ലോകം അഴുക്കുകൾ കുടഞ്ഞിട്ട്
വേരു ചതഞ്ഞൊരു
ആദിമ വൃക്ഷത്തിന്റെ
ശിഖയായിരുന്നവൾ…..!
“കണ്ണുകളിൽ മുള്ളുള്ള
എന്റെ അടിമപ്പെണ്ണേ.” *… എന്ന് നീ
വിളിക്കുമ്പോൾ, ഭൂമിയുടെ
സകല തുടുപ്പുകളും
സുഗന്ധവുമുള്ള
ഒരു പൂവാകുന്നവൾ!
നിന്റെ കപ്പലുകളിലൊന്നിൽ
നിനക്ക് പോകേണ്ട കടലുകൾ –
ക്കപ്പുറമുള്ള ഏതോ
മുനമ്പിലേക്ക് കയറ്റി
അയക്കപ്പെട്ട ജംഗമങ്ങളിലൊന്ന്!
തമ്പുരാനേ,
ഇരുളിലും, ചോരയിലും ശ്വാസമറ്റ്
കിടന്നിരുന്നവളാണ്
ഈ കവിതയൊക്കെയും
സംസാരിക്കുന്നത്….!
എന്റെ ഭാഷ വിലാപമായിരുന്നു!
ഇത് നിന്റെ ഭാഷയാണ്!
എന്നെ നീ
ചേർത്തു പിടിക്കുമ്പോഴൊക്കെ,
എന്റെ കാതിൽ മൊഴിയുന്ന,
എന്നെ പൂത്തു തളിർപ്പിക്കുന്ന,
പക്ഷേ എനിക്കജ്ഞാതമായ
നിന്റെ മാത്രം ഭാഷ!
തമ്പുരാനേ,
നീ പരദേശിയും, സഞ്ചാരിയും, കഥപറച്ചിലുകാരനുമായിരുന്നു…..!
നിന്റെ ദേശങ്ങളിൽ നമ്മളൊരുമിച്ച് പോകേണ്ട വഴികളിലെ
നക്ഷത്രങ്ങൾ എന്നെ
പ്രീണിപ്പിച്ചിരുന്നു…
കര വഴിക്കുള്ള ദൂരമത്രയും മരങ്ങളാണെന്നും
കടൽ വഴിക്കുള്ള ദൂരമത്രയും
തിരകളാണെന്നും
എന്നെ ഓമനിച്ചോമനിച്ച്
നീ പറഞ്ഞു കൊണ്ടിരുന്നു….

തമ്പുരാനേ..
കപ്പൽ തിരകളിലേക്കിറങ്ങിയിട്ട്
എത്രയോ നാഴികകളായി!
“കുരുമുളക് വള്ളികൾ പോലെ മുടിയിഴകളുള്ള എന്റെ അടിമപ്പെണ്ണേ ”
എന്നു വിളിച്ച് നീ കടന്നു വരുമെന്ന് കാത്ത്, എനിക്കനുവദിച്ച
ഇടുങ്ങിയിടത്ത് ഞാൻ രാപകലോളം ഞെരിഞ്ഞിരിക്കുന്നു….
രാത്രികളിൽ, കണ്ണീരിന്റേയും കടൽത്തിരകളുടേയും വെളിച്ചത്തിൽ
നിന്നെ ത്തിരഞ്ഞ് ഞാൻ ഓരോ
അറകളിലും തട്ടിപ്പരതി നടന്നു !
നിന്റെ പെട്ടകങ്ങൾ
കാഴ്ച ദ്രൗവ്യങ്ങൾ, അടിമകൾ
എഴുത്തുപുസ്തകങ്ങൾ..!
നിന്റെ സുഗന്ധം…
ഒക്കെയും ഞാൻ തൊട്ടെടുത്തു….
എന്റെ തമ്പുരാനേ
പക്ഷേ നീ മാത്രം കപ്പലിൽ എങ്ങും ഉണ്ടായിരുന്നില്ല!
നീ കരയിൽ ഉണ്ടായിരുന്നില്ലേ?
നമ്മൾ തമ്മിൽ കണ്ടിരുന്നതേയില്ലേ?
എനിക്ക് വഴങ്ങാത്തൊരു ലോകത്തേക്ക് നീയല്ലാതെ
പിന്നാരാണ് എന്നെ കൈ പിടിച്ചു കയറ്റിയത്…..??
എന്തിനാണ് എന്നെ വെളിച്ചത്തിലേക്ക്
മാത്രം കണ്ണു ചിമ്മാതെ നോക്കാൻ പഠിപ്പിച്ചത്?
തമ്പുരാനെ, തിരകൾ പ്രകാശം കാട്ടി
കൊതിപ്പിക്കുന്നു…
അകലെ
കടൽക്കൊടുമുടികളുടെ നിഴലുകൾ നിന്റെ ശിരസ്സു പോലെ പ്രലോഭിപ്പിക്കുന്നു

തമ്പുരാനെ,
യാത്ര പറയാതെ പോകാനാണ്
എനിക്കും ഇഷ്ടം……!!

( *സഞ്ചാരിയുടെ അടിമപ്പെണ്ണ്)

കണ്ണുകളിൽ നക്ഷത്ര മുള്ളുകളുള്ള ഒരുവൾക്ക്

എന്റെ അടിമപ്പെണ്ണേ
വഴികളും
കൈവഴികളുമുള്ള
കടലുകളിൽ
മേൽക്കൂര ശൂന്യമായ
പായക്കപ്പൽ പോലെ,
ഒഴുകി നടക്കേണ്ട ഒരു സഞ്ചാരിയായിരുന്നു ഞാൻ…
പക്ഷേ,
ഇരുട്ടറകളുടെ
ഇടുക്കങ്ങളിൽ
നിന്നെ ആദ്യമായി
കണ്ടു ഞാൻ തറഞ്ഞു
നിന്നു പോയപ്പോൾ
അഴിമുഖങ്ങളുടെ അഗാധങ്ങളായ
ആദിമ മുറിവുകളിലേക്ക്
എന്റെ ലോകങ്ങൾ മുങ്ങിയും പൊങ്ങിയും മരിച്ചും ജനിച്ചും
വീണു കൊണ്ടിരുന്നു…
വസന്തം നിറച്ചൊരു ചിരിയുമായി
പ്രണയം ഞാൻ
കണ്ടെടുത്ത ഭൂഖണ്ഡത്തിലേക്ക്
പൂത്തിറങ്ങി……
എന്റെ അടിമപ്പെണ്ണേ
കണ്ണുകളിൽ നക്ഷത്ര മുള്ളുകളുള്ളവളേ,
എന്റെ കടലുകളുടെ കാറും കോളും
കുരുമുളക് വളളികൾ പോലെ
കനത്ത നിന്റെ മുടിയിഴകളിൽ
ശ്വാസമില്ലാതെ കുരുങ്ങിക്കിടന്നു…
നീ വെറുമൊരു അടിമയല്ലായിരുന്നു..
നിന്റെ ഭാഷയ്ക്ക് ചുഴികളുണ്ടായിരുന്നു
കഥ പറച്ചിലുകാരനും സഞ്ചാരിയും
പരദേശിയുമായ ഒരുവനെ
നിന്റെ കാടുകളിൽ
കൽക്കോട്ടകളിൽ
കൽക്കണ്ട ഖനികളിൽ
മുറിവേറ്റൊരു പുഞ്ചിരിയിൽ നീ കൊരുത്തിട്ടു
അതുവരെ ഞാൻ കണ്ട പൂന്തോപ്പുകളോ
പെണ്ണുങ്ങളോ
നിന്നെപ്പോലെ മധുരോദാരമായിരുന്നില്ല.
അത്രമേൽ തീവ്രമായി
നിന്നെ പ്രണയിച്ചതുകൊണ്ടാണ്
അത്രമേൽ ഗാഢമായി
നിന്നെ മോഹിച്ചതുകൊണ്ടാണ്
എന്റെ കപ്പലിലേക്ക്
എന്റെ ജംഗമങ്ങളോടൊപ്പം
നിന്നെയും ചേർത്തുവെച്ചത്…..
പക്ഷേ,എന്റെ അടിമപ്പെണ്ണേ….
കപ്പൽ എന്നെയൊഴിച്ച്
തീരം വിട്ട കന്നത് ഞാനറിഞ്ഞതേയില്ല……!
തീരത്ത്, ഞാനൊരു മയക്കത്തിലായിരുന്നു
കിനാവുകളിൽ നമ്മളൊന്നിച്ച്
ഈ ലോകത്തെ ചുറ്റി, നക്ഷത്രങ്ങളെ വലം വെച്ച്
പ്രണയോന്മാദത്തിൽ പരസ്പരം
വീഞ്ഞു പകർന്നിരുന്നു….
എന്റെ കപ്പലുകൾ വഴി തെറ്റിപ്പോയെന്നും
കരവഴിക്കുള്ള ദൂരമത്രയും
മരങ്ങളാണെന്നും
കടൽവഴിക്കുള്ള ദൂരമത്രയും
തിരകളാണെന്നും
എനിക്കോ മനിച്ചോമനിച്ചു പറയാൻ
നീ ഇനിയില്ലെന്നും
ഞാനറിയുന്നു….
കരുണയില്ലാത്ത പ്രണയ
വേദനയിൽ
എന്റെ ഹൃദയം കീറിപ്പിടയുന്നു…..!
നിന്റെ രാജ്യത്ത് ഒരു
ശ്മശാന സ്മാരകം പോലെ,
എന്റേതായിരുന്ന എല്ലാം
നഷ്ടമായ ഒരുവനെപ്പോലെ
ഞാൻ പകച്ചിരിക്കുന്നു
യാത്രികന് പക്ഷേ പോകാതെ
വയ്യല്ലോ….!
സഞ്ചാരിയും
കഥ പറച്ചിലുകാരനുമായ
ഒരു വന് ചരിത്രത്തോട്
നീതി കാട്ടാതെ യും വയ്യ…
ഇന്ദ്രിയങ്ങളെ കൊട്ടിയടച്ച്
കണ്ണീർ മഷി പടർന്ന തൂലികയിൽ
എന്റെ അടിമപ്പെണ്ണേ
നിന്നെ ഞാൻ എന്നേക്കും ലിഖിതപ്പെടുത്തട്ടെ….

“എന്റെ അടിമപെൺകുട്ടി
കപ്പലിൽ വെച്ച് മരിച്ചു പോയി എന്നറിഞ്ഞു
അവളെ ഓർത്ത് ഞാൻ
അത്യധികം ദു:ഖിതനായിരുന്നു….. ” *

* ഇബ്നു ബത്തൂത്ത
(മലബാർ മാനുവൽ പേജ്- 202)

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here