‘ഇന്നി’ന്റെ കുമ്പസാരം…

0
447
inninte kumbasaaram karthika sovaprasad

കാർത്തിക ശിവപ്രസാദ്

‘ഇന്ന്’ വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.

നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
‘മരവിച്ച’ ബാല്ല്യം..

കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..

രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ‘ നാളെ’യെന്ന ഭീതി..

സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ ചീഞ്ഞു നാറുന്ന
അന്യന്റെ മുറിപ്പാടുകൾ…

എന്റെ ഇടവേളകളെ
പരിഭ്രമിപ്പിച്ചത്
ഈ ഇരുകാലികളാണ്…

ചിരിച്ചും ചിലച്ചും
രുചിച്ചും രമിച്ചുമൊടുങ്ങാത്ത
വികാരങ്ങളാൽ വിഭ്രമിപ്പിച്ചതും
ഇവരാണ്…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here