തലസ്ഥാന നഗരിയില്‍ ‘വസന്തോത്സവം’ ഒരുങ്ങുന്നു

0
409

തലസ്ഥാന നഗരിയ്ക്ക് വർണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി ‘വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന് മുൻവശം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

വസന്തോത്സവത്തോടനുബന്ധിച്ച് പ്രിന്റ്, വിഷ്വൽ, റേഡിയോ അവാർഡുകൾ ഈ വർഷം മുതൽ ഏർപ്പെടുത്തി. പ്രിന്റ് മീഡിയയിൽ മികച്ച റിപ്പോർട്ടർ, ടെലിവിഷൻ മികച്ച റിപ്പോർട്ടർ, മികച്ച റേഡിയോ പരിപാടി എന്നിവർക്കാണ് അവാർഡ്. സമാപന സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

കഴിഞ്ഞ ജനുവരിയിൽ ലോക കേരള സഭയോടനുബന്ധിച്ച് നടന്ന വസന്തോത്സവം ജനശ്രദ്ധ ആകർഷിച്ച മേളയായിരുന്നതിനാൽ തുടർന്നുള്ള വർഷങ്ങളിലും വസന്തോത്സവം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.  പൂർണ്ണമായും സ്‌പോൺസർഷിപ്പ്, സ്റ്റാളുകൾ, ടിക്കറ്റ് എന്നിവയുടെ വില്പന വഴിയാണ് ഈ വർഷത്തെ വസന്തോത്സവം സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പ് പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചായിരിക്കും.  ടിക്കറ്റ് വിൽപനയിലൂടെ ലഭിയ്ക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടിക്കറ്റുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ വഴി ജനുവരി ഒൻപതു മുതൽ ലഭിക്കും.  കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ജനുവരി 11 മതൽ 20 വരെ പ്രവർത്തിക്കും.രാവിലെ 10 മുതൽ രാത്രി എട്ടുമണി വരെയാണ് മേളയിലേയ്ക്കുള്ള പ്രവേശനം.
തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സി.സി.റ്റി.വി ക്യാമറ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here