സുനിത ഗണേഷ്
ഞാനിറങ്ങി പോകട്ടെ
എന്റെ
പ്രജ്ഞയിൽ നിന്നും..
ശരീരം
അലക്കി തേച്ച്
അലമാരയുടെ താഴെത്തട്ടിൽ
എടുത്തു വെക്കാം…
ഇടക്കെടുത്ത്
പൂപ്പൽ തുടച്ച്
ഒരു
അധരാമൃതം നൽകി
തിരികെ വെക്കണം…
എന്റെ
ചുവന്ന
ചിന്തകൾ തട്ടി
ചുവരുകൾ നിറം
മാറിയിരിക്കാം….
എന്റെ
നിശ്വാസം
തിങ്ങി നിൽക്കുന്ന
മുറികളോരോന്നും
കഴുകിത്തുടക്കണം…
പുതിയ
നിറങ്ങൾ ചേർത്തെൻ
പഴകിയ
പരിദേവനങ്ങൾ
മൂടിവെക്കണം….
എന്റെ
പേനയിലെ മഷികൊണ്ടു
ഞാൻ പോയ
വഴിയിൽ ഒരു നദി
വെട്ടിയുണ്ടാക്കണം…
എന്റെ
കടലാസു കുറിപ്പുകളിൽ
നിന്നും
അക്ഷരം തുടച്ചുകളഞ്ഞാ
നദിയിൽ ഒഴുക്കണം….
അക്ഷരങ്ങൾ
ചേർത്തൊരു ഭാണ്ഡം കെട്ടി
മണ്ണിൽ കുഴിച്ചിടണം
ചിതലുകൾ വയറു
നിറക്കുമ്പോൾ
നിറചിരിയുമായി നടന്നകലണം…
ഒരു വേള,
പിൻവിളികേട്ടു
ഞാൻ തിരികെ
വരികയാണെങ്കിൽ
തേച്ചു വെച്ച
ശരീരമെടുത്തെന്നെയണി
യിച്ചൊന്നു ഗാഢമായാശ്ലേഷിക്കണേ….
എന്നാൽ ഞാൻ….
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in