പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ്

1
493

അപര്‍ണ. എം

മുറിച്ചു തൂടങ്ങുന്നതിനു
എന്നെയൊന്ന് കഴുകിയെടുക്കണം.
എന്നെ പൊതിഞ്ഞുവച്ച തൊലി
അത്രയും ഉരിഞ്ഞെടുത്തേക്കൂ,
ചുളിവുകള്‍ വീഴാനനുവദിക്കരുത്
കാലമിത്രയും കാത്തുവച്ചതാണ്.
ചുവന്ന മാംസത്തില്‍ പിണഞ്ഞ്
മുറുകിയ ഞരമ്പുകളേ
അഴിച്ചെടുത്തേയ്ക്കൂ,
മുറിവേല്‍പ്പിക്കരുത് അവയില്‍
സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നുണ്ടാവും.
തലയോട്ടി പിളര്‍ന്നെന്റെ
മസ്തിഷ്‌കത്തെ
കുപ്പിയിലടച്ചുവയ്ക്കു, കുപ്പി
തുറക്കരുത്
ഓര്‍മകളോടിയൊളിച്ചേയ്ക്കും
അടുത്ത സീസണില്‍ തൂക്കി
വില്‍ക്കാന്‍ കരാറുണ്ട്.
വീര്‍ത്ത് ചത്തിട്ടില്ലാത്ത വൃക്കയും
കരളും മാറ്റെവച്ചേയ്ക്കൂ ,
ജനനേന്ദ്രിയത്തില്‍ തൊട്ടു പോകരുത് ,
മാനം പോയ പെണ്ണുനിന്ന്
കരയുമ്പോള്‍
നോക്കിച്ചിരിക്കാനുള്ളതാണ്.
നെഞ്ചില്‍ കത്തി പതുക്കയേ
താഴ്ത്താവൂ,വരാലിനേപ്പോലെ ഹൃദയം
പിടച്ചേയ്ക്കും ,പ്രണയവും കവിതയും
ഉള്ളില്‍ വീര്‍പ്പുമുട്ടുന്നുണ്ടാവും ,
സ്വതന്ത്രരാക്കരുത് മറ്റൊരാളെ
പ്രാപിച്ചാല്‍ ഒഴിച്ചെടുക്കല്‍
എളുപ്പമാകില്ല.
ഇനി മുറിച്ച് തുടങ്ങിക്കോളൂ,
നിബന്ധനകളൊന്നും മറന്ന് പോകരുത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here