റാപ്സോഡി ഓഫ് വിന്റർ

0
402

സിജു കൊട്ടാരത്തിൽ ജോസ്

വരിക,
സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ
തീവ്രശൈത്യത്തിന്റെ
വർത്തുള തുരംഗത്തിലൂടെ
എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.

ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ
ഒറ്റയടിപ്പാതക്കരികെ
ശൈത്യം കുടിച്ച് സമാധിയിലാണ്ട
പൈൻ മരത്തിന്റെ സൂചിയിലകളിൽ
നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം
ശ്രവിക്കുക.

വരിക
ഇവിടെ, ഇൗ ഇരുൾഗുഹയിൽ
നമുക്കൽപ്പനേരം തീകാഞ്ഞിരിക്കാം
മരക്കൂണുകൾ വെണ്ണയിൽ മൊരിച്ച്‌ തിന്ന്
കാട്ടുതേൻ വാറ്റിയ ചാരായ ലഹരിയിൽ
നിശബ്ദതയുടെ നിലക്കാത്ത സംഗീതമുണ്ണാം.

ഉറഞ്ഞ് പോകാത്ത ഉള്ളിലെ ഉറവയിൽ
തീപ്പെടാത്ത നന്മകൾ കൊണ്ട് നമുക്ക്
നമ്മിലേക്കുള്ള ദൂരമളന്നിടാം

ഹൃദയത്തിന്റെ ജ്ഞാനവഴികളിൽ
വസന്തകാല ഞായറാഴ്ചകളുടെ ഉച്ചവെയിലിൽ തപിക്കുമ്പോൾ
ഉയിർത്തെഴുന്നേൽപ്പ് സ്വപ്നം കാണുന്ന
ഷഡ്പദച്ചിറകിലെ
ഞരമ്പു രേഖകളിൽ
നീ മഴവില്ല് മുളക്കുന്നത് കാണുക.

ഒരു പക്ഷെ നാളെയുടെ വെളിച്ചത്തിൽ
ഇൗ കാടിന്റെ സ്പന്ദനങ്ങളിൽ
ചരിത്രമില്ലത്തവരായി നാമില്ലാതെപോയാലോ?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here