അജീഷ് മാത്യു കറുകയിൽ
സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ്
അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്.
ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി !
സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം
നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ
കുട്ടികളുടെ സംശയത്തെ പ്രകൃത്യാലുള്ള
നിഷേധം കൊണ്ടപ്പൻ അസാധുവാക്കി.
സാധു ആയിരിക്കുന്നവരെ അസാധുവാക്കുക
എളുപ്പത്തിൽ ചെയ്യാവുന്നൊരു ക്രിയയത്രേ
വെറും സാധുവാകാതിരുന്നാൽ പ്രതിരോധവും സാധ്യം
അന്നു രാത്രി മുതൽ അപ്പൻ ഞങ്ങളെ
അസാധുവല്ലാതാക്കാനുള്ള അസാധ്യ ശ്രമത്തിലായി
അമിതമായി ഭക്ഷിക്കാതിരിക്കുക
അമിതമായി ഭുജിക്കാതിരിക്കുക
അമിതമായി സന്തോഷിക്കാതിരിക്കുക
അമിതമായി ദുഃഖിക്കാതിരിക്കുക
വെറും ഒരു “അ” ഒഴിവാക്കിയാൽ
ആർക്കും അസാധുവാക്കാൻ കഴിയാത്ത
സാധുവല്ലാത്ത മനുഷ്യനാകാൻ
കഴിയുമെന്നു പഠിപ്പിച്ച അപ്പാ
ആർക്കും അസാധുവാക്കാൻ കഴിയാത്ത
വെറും സാധു ആയിപ്പോയതിലുള്ള
വലിയ വിഷമത്തിലാണ് ഞാനിപ്പോൾ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)