ഷാലു ജോമോൻ
ചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!
തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!
അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!
തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി വന്നത്!
ഒരു തുമ്പിയാവുകയെന്നാൽ
നീ എന്റെ ഉടലില്ലായ്മയിലേക്ക്
പ്രണയത്തോടെ
ചിറകൊതുക്കി ഇറങ്ങി
പറന്നുതുടങ്ങുക എന്നതാണ് !!!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
നല്ല കവിത ടീച്ചർ