മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…

0
675

ആദി

മുലകളുടഞ്ഞ ഒരുവൾ
മുലകളെ കുറിച്ചോർത്തു…
ആദ്യം മനസ്സ് നീറ്റി
പിന്നെ, മുലചുണ്ടിൽ മുറി വീണു,
മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..

മനസ്സിനടിയിൽ കടലലറുന്നു!!

ചുണ്ടുകൾ പുകക്കറയിൽ വരണ്ടു,
അടിതട്ടിലെ ആഴമളക്കാൻ വന്നവർ,
ആഴങ്ങളറിയതെ മടങ്ങിപ്പോയവർ..

ഓർമ്മകൾ കളകീറി ഒഴുകി…!!
പകൽമാന്യന്മാർ,
സദാചാരത്തിന്റെ ചൂണ്ടകൊളുത്തലുകൾ,
വെളുത്ത ജുബ്ബയ്ക്കടിയിലെ തുള വീണ ജെഡ്ഡികൾ…
അടിവയറ്റിലെ അനക്കംതട്ടലുകൾ..
അയലിലാടിയ ബ്രാ…
ചോരയിൽ കുതിർന്ന തുണിക്കണ്ടങ്ങൾ…

ഇനിയും ഓർത്താൽ നാറും!!
ചുണ്ടും രണ്ട് മുലകളും മാത്രമാണ് ഞാനെന്ന് നീ പറഞ്ഞുപഠിപ്പിച്ചിരുന്നു…
ഞാനെന്നാൽ അശ്ളീലമാണ്..
ഇമ്മിണി ബല്യ അശ്ളീലം !

മുലകളിൽ കണ്ണുടക്കിയപ്പോൾ കവിത കുപ്പയിലേക്ക് ചുരുങ്ങി..
ചുരുങ്ങും മുൻപൊന്ന് ചിതറി,
പിന്നൊന്ന് ഞെരുങ്ങി…

ആകാശത്തിന്റെ നീലപ്പായയിൽ ചുവന്ന വട്ടങ്ങൾ…
ചോരയ്ക്ക് ജനനത്തിന്റെ മണം…

“മുലയുള്ളവർ മല ചവിട്ടരുത്”
ആണൊരുത്തൻ ഭക്തൻ അലറി…
മനസ്സിൽ കടലിരമ്പുമ്പോൾ അവളുടെ കലത്തിൽ കരി പിടിച്ചിരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here