അജയ് രാമചന്ദ്രന്റെ കവിതകൾ

1
794

അജയ് രാമചന്ദ്രൻ

പ്രണയം

ചില വേരുകളങ്ങനെയാണ്‌
ആഴത്തിൽ
അതിരുകൾക്കപ്പുറത്ത്‌ പിടുത്തമുറപ്പിക്കുന്നത്‌.

വേരുകൾ

ചില്ലകളാകെയടർന്നു വീണാലും
കുറ്റിയറ്റിച്ച്‌ മുറിച്ചുകളഞ്ഞാലും
വേരു ബാക്കിയാവും
വേരുപോയ വഴിയുണ്ടാവും
വേരാണു നേര്‌

മഴക്കിളികൾ

പുഴകൾക്കപ്പുറത്ത്‌ മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്‌
പുഴകടന്ന് മലയറിയാതെ
ചിറകൊട്ടിയ കിളികളായ്‌ മഴക്കാടുകളിലേക്ക്‌ നമുക്ക്‌ യാത്ര പോണം..
വെയിലാകുന്നതിനു മുൻപേ
നമുക്ക്‌ മീനുകളായ്‌ തിരിച്ചു പുഴയിലിറങ്ങണം..
അങ്ങനെ മഴയിൽ പറക്കുന്ന മീനുകളാവാം നമുക്ക്‌

ചിറകുണ്ടായിരുന്നെങ്കിൽ ഓരോ മീനും മഴയിൽപ്പറക്കുന്ന കിളികളായേനേ…

പോറലുകൾ

മഴ നനഞ്ഞതിന്റെയും
കുളം കലക്കിയതിന്റെയും
ഓർമ്മകൾ ഒരിക്കലും മാഞ്ഞുപോവരുതെന്ന് കരുതിയാവണം
ഒക്കെയും അമ്മ
വള്ളിത്തണ്ടുകൊണ്ടും
പുളിവാറലുകൊണ്ടും തുടയിൽ കോറിയിട്ടത്‌

മഴ

എന്റെ ചിത ആളിക്കത്തുമ്പോൾ അതണയ്ക്കാൻ വരാമെന്നു പറഞ്ഞ ഒരു കൂട്ടുകാരിയേ എനിക്കുള്ളൂ.. ഒരേയൊരു കൂട്ടുകാരിയേ എനിക്കുള്ളൂ.. അത്‌ നീയാണു..

രക്തസാക്ഷികളായ കുടുക്കുകൾ

സ്നേഹം മറന്ന് നീ തുന്നിയ കുപ്പായങ്ങൾ
ഒരുപാട്‌ വലുതായ അകലങ്ങളോർക്കാതെ തയ്യ്ച്ചവ.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here