മഷി വറ്റിയ പേനകൾ

0
612

അഖിൽ രാജ്‌ ഒ. എം.

ആത്മഹത്യയായിരുന്നു…
തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി.
അവസാനവാക്കിലെത്തുമ്പോഴേക്കും
ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം.

 

നിന്റെയും വിരലുകളുടെ പ്രണയത്തിൽ,
ആലിംഗനത്തിൽ,
പെറ്റു പോറ്റിയതെത്ര വരികൾ വരകൾ.

 

മുലയിടുക്കുകളുടെ വ്യാസം അളന്ന്
കടലാസിൽ എഴുതി പിടിപ്പിച്ച അരാജകത്വവാദി നീ എന്ന് ചിലർ.

 

കള്ളിമുള്ളിനെ ചുംബിച്ച് ചുണ്ടടർന്നവന്ന്,
മടിക്കുത്ത് ഉഴുതുമറിക്കപ്പെട്ടവൾക്ക്,
അടിമകൾക്ക്,
മുഖം നൽകിയ വിപ്ലവകാരിയെന്ന് ചിലർ.

വാക്കുകൾക്കിരുകരയിലും നിന്ന് വീർപ്പുമുട്ടിയപ്പോൾ
ഹൃദയം വരച്ചു നൽകിയവൾക്ക്
ആദ്യ കാമുകൻ നീ.

 

ആരാണ് നീ?
ചിലർ പറയുന്നത് കേട്ടു ദേശദ്രോഹിയാണെന്ന്!

ആരൊക്കെയാകും നീ?
എന്നെ പൊളിച്ചെഴുതി മനുഷ്യനാക്കുന്ന മാന്ത്രികൻ ആകാമോ,
മനുഷ്യർക്ക് പിറവി കൊടുക്കാമോ?

എനിക്ക് നിന്നെ വലിച്ചെറിയേണ്ടിയിരിക്കുന്നു,
മരിച്ചവരിവിടെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു
വായ മൂടിക്കെട്ടി ഞാന്‍ നിന്നെ വലിച്ചെറിയും,
നിന്റെ മരണത്തിലും നീ പലതും വിളിച്ചു പറയുമെന്ന് ഞാൻ ഭയക്കുന്നു
…………………………………………………………………………………………..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

 

LEAVE A REPLY

Please enter your comment!
Please enter your name here