മഴ മറന്ന കുടകൾ

0
622

തസ്മിൻ ശിഹാബ്

മൂന്ന് മടക്കുള്ള കുട
ബാഗിൽ നിന്നെടുത്ത്
മഴയിലേക്കിറങ്ങുമ്പോൾ
ഒന്നിച്ചു നനയാതെ പോയ മഴ
അകലെയെവിടെയോ
നീല ഞരമ്പുള്ള ഓർമ്മകൾ
തിരയുകയാവാം,
ഇലത്തുമ്പിലിരുന്ന്
തുലാവർഷം
പനിക്കോളിലൊരു
കടൽ കാണുകയാവാം
കനൽ മൂടിയ ആകാശം
വേർപ്പിറ്റിത്തളർന്ന്
മഴക്കവിതക്കൊരു
വഴിയൊരുക്കുകയാവാം,
ചോരത്തിളപ്പിൽ
മടുത്ത കളിയിൽ
കുട മറന്ന വഴിതേടി
അലയുകയാവാം
ചൂടൻ രസങ്ങൾ
മഴയിൽ പതുങ്ങുകയാവാം,
ചേമ്പില ചൂടിയ പുതുമഴയിൽ
വില്ലൊടിഞ്ഞ മോഹങ്ങൾ
നരച്ച കാവലായ്
കിതയ്ക്കുകയാവാം,
എങ്കിലും
ഓരോ കുടവട്ടത്തിലും
വെയിലിലേക്കുള്ള ദൂരമറിയാതെ
മഴ പെയ്യുന്നു.
കുട നിവർത്തി
മഴയിയിൽ നടക്കുമ്പോൾ
ചെറുത്തു തോൽപ്പിക്കും
ചില നനയാത്ത നട്ടുച്ചകൾ,
എന്നിട്ടും
ഒടുക്കത്തെ അത്താഴത്തിന്
കൊട്ടിക്കയറിയ പെരുമഴ
കൈമാറിപ്പിടിച്ച ദൂരങ്ങൾ
കുട കുടഞ്ഞിട്ട മഴയിൽ
വെയിൽ കായുകയാണ്..
അത് മഴ നഷ്ടപ്പെട്ട കുടകളെ
കണ്ടെടുക്കുകയാണ്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
9048906827 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here