റീമ കരീം
പ്രണയത്താലെപ്പോഴെങ്കിലും
നിങ്ങളുടെ തൊലി
പൊള്ളിയടരുന്നത് പോലെ
തോന്നിയിട്ടുണ്ടോ?
അത്രമേൽ ആർദ്രമായി
പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ
ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം
അഗാധഗർത്തങ്ങൾ
രൂപപ്പെടുന്നത്
നോക്കി നില്ക്കേണ്ടി
വന്നിട്ടുണ്ടോ?
ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു
മഷിയെഴുതിയ
കണ്ണുകളിൽ നിന്നും
ചോര വാർന്നൊഴുകുന്ന
രുചി അറിഞ്ഞിട്ടുണ്ടോ?
കിതപ്പുകൾ ചൂടാറ്റിയ
രാത്രികളോർക്കുമ്പോൾ
വേദന താങ്ങാനാവാതെ
നെഞ്ചുപിളർന്നു
പുറത്തുചാടിയ ഒരു മിടിപ്പ്
ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന
കാലൊച്ച കേട്ടിട്ടുണ്ടോ?
വാക്കുകൾ രതിയിലേർപ്പെട്ട
കവിതയിൽ നിന്നും
ആത്മാക്കൾ ഉറക്കെ
പാടുന്ന പാട്ടിലുണർന്ന്,
നിലാവിന്റെ കിടക്കയിൽ
ഉടലു തിരയേണ്ടി
വന്നിട്ടുണ്ടോ?
ഉണ്ടെങ്കിൽ,
ഇത്രയറിയുക.
നിങ്ങളുടെ ഹൃദയം ഭോഗിക്കപ്പെട്ട്
തിരിച്ചിറങ്ങാൻ വഴിയില്ലാത്ത
ഒരു കാടിനുള്ളിലേക്ക്
വലിച്ചെറിയപ്പെട്ടിരിക്കുന്നു!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in